ബെംഗളൂരു: ആരാധകരുടെ കിങ് കോഹ്ലി വിളികൾ താൻ ഇഷ്ടപ്പെടുന്നില്ലെന്ന് തുറന്നുപറഞ്ഞ് വിരാട് കോഹ്ലി.കിങ് കോഹ്ലി എന്ന വിളി കേൾക്കുമ്പോൾ തനിക്ക് നാണക്കേട് തോന്നാറുണ്ടെന്ന് താരം പറയുന്നു.ബംഗളൂരു നായകൻ ഫാഫ് ഡുപ്ലെസിസിയുമായുള്ള സംഭാഷണത്തിലും താരം ഇക്കാര്യം തുറന്നുപറയുന്നുണ്ട്.
‘ഒന്നാമതായി എന്നെ കിങ് എന്നു വിളിക്കുന്നത് നിർത്തണം. ദയവായി കോഹ്ലി എന്നു വിളിക്കു. ആ വാക്ക് (കിങ്) വിളിക്കുന്നത് നിർത്തണം. ഓരോ തവണയും നിങ്ങൾ എന്നെ ആ വാക്ക് വിളിക്കുമ്പോൾ എനിക്ക് ലജ്ജ തോന്നാറുണ്ടെന്ന് ഫാഫ് ഡുപ്ലെസിസിനോട് പറയുകയായിരുന്നു. അതുകൊണ്ട് എന്നെ വിരാട് എന്ന് വിളിച്ചാൽ മതി, ഇനി മുതൽ ആ വാക്ക് ഉപയോഗിക്കരുത്, ഇത് എനിക്ക് വളരെ നാണക്കേടാണ്’ -കോഹ്ലി പറഞ്ഞു.
ഐ.പി.എൽ സീസണ് മുന്നോടിയായി ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ആർ.സി.ബി അൺബോക്സ് പരിപാടിക്കിടെ സൂപ്പർതാരം വിരാട് കോഹ്ലിക്ക് ആരാധകർ വൻവരവേൽപാണ് നൽകിയത്. 2008ലെ പ്രഥമ ഐ.പി.എൽ തൊട്ട് കോഹ്ലി റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ടീമിനൊപ്പമുണ്ട്. ടീമിൻറെ ഐക്കണും മുഖവും ഇപ്പോഴും കോഹ്ലി തന്നെയാണ്. ലോക ക്രിക്കറ്റിൽ ആർക്കും സാധിക്കാത്ത അപൂർവനേട്ടങ്ങൾ സ്വന്തമാക്കിയ സൂപ്പർതാരത്തെ ആരാധകർ കിങ് കോഹ്ലി എന്നാണ് വിളിക്കുന്നത്.
അതെസമയം വനിത പ്രീമിയർ ലീഗിൽ സ്മൃതി മന്ഥാനയും സംഘവും കിരീടം നേടിയതിനു സമാനമായി ഇത്തവണ കോഹ്ലിയും ടീമും ബംഗളൂരുവിനായി ഐ.പി.എൽ കിരീടം നേടുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. മൂന്നു തവണ ഐ.പി.എൽ ഫൈനൽ കളിച്ചെങ്കിലും കിരീടം എന്നത് ടീമിൻറെ സ്വപ്നമായി തുടരുകയാണ്. വെള്ളിയാഴ്ച നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സും ബാംഗ്ലൂരും തമ്മിൽ ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് ഐ.പി.എൽ 2024ൻറെ ഉദ്ഘാടന മത്സരം. മുൻ ഇന്ത്യൻ നായകരായ എം.എസ്. ധോണിയും വിരാട് കോഹ്ലിയും തമ്മിലുള്ള നേരങ്കം എന്ന പ്രത്യേകതയും മത്സരത്തിനുണ്ട്.
രണ്ടു മാസത്തെ ഇടവേളക്കുശേഷം ഐ.പി.എല്ലിലൂടെ ക്രിക്കറ്റ് മൈതാനത്തേക്ക് തിരിച്ചെത്തുകയാണ് കോഹ്ലി. വ്യക്തിപരമായ കാരണങ്ങളെ തുടർന്നാണ് താരം ഇന്ത്യൻ ടീമിൽനിന്ന് അവധിയെടുത്തത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും താരം കളിച്ചിരുന്നില്ല. ജനുവരിയിൽ അഫ്ഗാനിസ്താനെതിരെയാണ് കോഹ്ലി അവസാനമായി ഇന്ത്യക്കായി ട്വന്റി20 കളിച്ചത്.