ടെസ്റ്റ് ക്രിക്കറ്റില്‍ 9000 റണ്‍സ് സ്വന്തമാക്കി ഇന്ത്യന്‍ താരം വിരാട് കോഹ്‌ലി. ബെംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന ന്യൂസീലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റിലാണ് കോഹ്‌ലി നേട്ടം സ്വന്തമാക്കിയത്.
രണ്ടാം ഇന്നിങ്‌സില്‍ മൂന്നാമനായി ബാറ്റിങ്ങിനിറങ്ങിയ കോഹ്‌ലി അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് 9000 റണ്‍സ് തികച്ചത്. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോഹ്‌ലി മൂന്നാമനായി ബാറ്റിങ്ങിനിറങ്ങുന്നത്. ഒന്നാം ഇന്നിങ്‌സിലും മൂന്നമനായി ബാറ്റിങ്ങിനിറക്കിയ ഇന്ത്യയുടെ പരീക്ഷണം പാളിയിരുന്നു. ഒമ്പത് പന്ത് നേരിട്ട താരത്തിന് അക്കൗണ്ട് തുറങ്ങാനായിരുന്നില്ല.
9000 റണ്‍സ് ക്ലബ്ബിലെത്തുന്ന ഇന്ത്യയുടെ നാലാമത്തെ താരമാണ് കോഹ്‌ലി. ഇതിന് മുമ്പ് സച്ചിന്‍ തെണ്ടുല്‍ക്കര്‍ (15921), രാഹുല്‍ ദ്രാവിഡ് (13288), സുനില്‍ ഗാവസ്‌ക്കര്‍ (10122) എന്നിവരാണ് ഈ നേട്ടത്തിലെത്തിയത്. 197 ഇന്നിങ്‌സുകളാണ് കോഹ്‌ലി ഇതിനായി കളിച്ചത്. 9000 റണ്‍സിലെത്താന്‍ മറ്റുള്ളവരേക്കാള്‍ ഏറ്റവും കൂടുതല്‍ ഇന്നിങ്‌സുകള്‍ കളിച്ചതും കോഹ്‌ലിയാണ്. ഗാവസ്‌ക്കര്‍ 192 ഇന്നിങ്‌സും സച്ചിന്‍ 179 ഇന്നിങ്‌സും ദ്രാവിഡ് 176 ഇന്നിങ്‌സുമാണ് ഇതിനായെടുത്തത്. 2022ല്‍ 169 ഇന്നിങ്‌സുകളില്‍ നിന്ന് കോഹ്‌ലി 8000 റണ്‍സ് പൂര്‍ത്തിയാക്കിയിരുന്നു.
ഇന്ത്യന്‍ ജഴ്‌സിയില്‍ കോഹ്‌ലിയുടെ 536-ാം മത്സരമാണിത്. ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ കളിച്ച സച്ചിന്‍ തെണ്ടുല്‍ക്കര്‍(664) മാത്രമാണ് കോഹ്‌ലിക്ക് മുന്നിലുള്ളത്. എംഎസ് ധോനി 535 മത്സരങ്ങളാണ് കളിച്ചത്.