മുംബൈ : പാരിസ് ഒളിംപിക്‌സിന് പിന്നാലെ ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ടിന്റെ ബ്രാന്‍ഡ് മൂല്യം വര്‍ദ്ധിച്ചു. ഒളിംപിക്‌സില്‍ 50 കിലോ ഗ്രാം വനിതാ ഗുസ്തിയില്‍ വിനേഷ് ഫോഗട്ട് ഫൈനലില്‍ കടന്നിരുന്നു. ഫൈനലിനു തൊട്ടുമുന്‍പ് 100 ഗ്രാം ഭാരം കൂടിയതിന്റെ പേരില്‍ വിനേഷിനെ സംഘാടകര്‍ അയോഗ്യയാക്കിയതു വന്‍ വിവാദമായിരുന്നു. മെഡല്‍ നേടാന്‍ സാധിച്ചില്ലെങ്കിലും രാജ്യത്തു തിരിച്ചെത്തിയ വിനേഷിന് ഗംഭീര സ്വീകരണമാണു ലഭിച്ചത്. ഡല്‍ഹി വിമാനത്താവളത്തിലും, സ്വന്തം നാടായ ഹരിയാനയിലും വിനേഷിനെ സ്വീകരിക്കാന്‍ ആയിരങ്ങളാണ് എത്തിയത്.
പാരിസ് ഒളിംപിക്‌സിനു മുന്‍പ് പരസ്യചിത്രങ്ങള്‍ക്കായി 25 ലക്ഷം രൂപ വരെയാണ് വിനേഷ് വാങ്ങിയിരുന്നത്. ഒളിംപിക്‌സിനു ശേഷം നാട്ടില്‍ തിരിച്ചെത്തിയ വിനേഷിന്റെ 'ബ്രാന്‍ഡ് വാല്യു' കുതിച്ചുയര്‍ന്നതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. 75 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെയാണ് വിനേഷ് ഫോഗട്ട് ഇപ്പോള്‍ വാങ്ങുന്നത്. അയോഗ്യയാക്കിയതിനു പിന്നാലെ കായിക തര്‍ക്ക പരിഹാര കോടതിയില്‍ വിനേഷ് ഫോഗട്ട് അപ്പീല്‍ നല്‍കിയിരുന്നെങ്കിലും അനുകൂല വിധിയായിരുന്നില്ല ലഭിച്ചത്.