യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സലോണയ്ക്ക് മിന്നും ജയം. മുന്‍ ചാമ്പ്യന്‍മാരായ ബയേണ്‍ മ്യൂണിക്കിനെ ഒന്നിനെതിരേ നാലുഗോളുകള്‍ക്കാണ് ബാഴ്‌സ വീഴ്ത്തിയത്. ബ്രസീലിയന്‍ വിങ്ങര്‍ റാഫീന്യയുടെ ഹാട്രിക്കാണ് കറ്റാലന്‍ വമ്പന്‍മാര്‍ക്ക് തകർപ്പൻ ജയം സമ്മാനിച്ചത്.
തുടക്കം തന്നെ മത്സരത്തിൽ എതിരാളികളെ പിടിച്ചുലച്ച് ബാഴ്‌സ സ്‌കോര്‍ ചെയ്തു. ഒന്നാം മിനിറ്റില്‍ തന്നെ ബാഴ്‌സയ്ക്കായി റാഫീന്യ ഗോൾ അടിച്ചു . 18-ാം മിനിറ്റില്‍ സ്‌ട്രൈക്കര്‍ ഹാരി കെയ്‌നിലൂടെ ബയേണ്‍ മറുപടി നൽകി . ഓരോ ഗോള്‍ വീതം നേടിയതിന് പിന്നാലെ ഇരുടീമുകളും മുന്നേറ്റം ശക്തമാക്കി. 36-ാം മിനിറ്റില്‍ ലെവന്‍ഡോവ്‌സ്‌കിയിലൂടെ ബാഴ്‌സ വീണ്ടും മുന്നിലെത്തി.ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് റാഫീന്യ ടീമിന്റെ മൂന്നാം ഗോളും നേടി.
രണ്ടാം പകുതിയിൽ തിരിച്ചടിക്കാനായി ആക്രമണങ്ങള്‍ ശക്തമാക്കിയാണ് ബയേണ്‍ ആരംഭിച്ചത്. എന്നാല്‍ 56-ാം മിനിറ്റില്‍ റാഫീന്യ ഹാട്രിക്ക് തികച്ചതോടെ ബയേണ്‍ പ്രതിരോധത്തിലായി. പിന്നീട് മത്സരത്തിലേക്ക് തിരിച്ചുവരാന്‍ ജര്‍മന്‍ വമ്പന്മാര്‍ക്കായില്ല. മറ്റു മത്സരങ്ങളില്‍ മാഞ്ചെസ്റ്റര്‍ സിറ്റി ഏകപക്ഷീയമായ അഞ്ച് ഗോളുകള്‍ക്ക് ചെക്ക് റിപ്പബ്ലിക് ക്ലബ്ബ് എ.സി സ്പാര്‍ട്ടയേയും ലിവര്‍പൂള്‍ ഒരു ഗോളിന് ലെയ്പ്‌സിഗിനേയും കീഴടക്കി. അതേസമയം അത്‌ലറ്റിക്കോ മഡ്രിഡ് ഫ്രഞ്ച് ക്ലബ് ലില്ലെയോട് തോല്‍വി വഴങ്ങി. ഒന്നിനെതിരേ മൂന്നുഗോളുകള്‍ക്കാണ് അത്‌ലറ്റിക്കോയുടെ പരാജയം.