ബെല്‍ഗ്രേഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡിനെതിരെ ബാഴ്‌സലോണ എഫ്.സിക്ക് ജയം. വമ്പന്മാരായ ആഴ്‌സനല്‍ ഇന്റര്‍മിലാനോടും പി.എസ്.ജി. അത്‌ലറ്റിക്കോ മാഡ്രിഡിനോടും പരാജയം ഏറ്റുവാങ്ങി. ബയേണ്‍ മ്യൂണിക്ക് ഒരു ഗോളിന് ബെന്‍ഫിക്കയെ തോല്‍പിച്ചു.
5-2 നായിരുന്നു റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡിനെതിരെ ബാഴ്‌സലോണയുടെ വമ്പൻ ജയം. ഇന്റര്‍മിലാന്‍ 1-0ത്തിനും അത്‌ലറ്റിക്കോ മാഡ്രിഡ് 2-1നും എതിരാളികളെ പരാജയപ്പെടുത്തി. ഒരു ഗോള്‍ നേടിയ ബയണ്‍ മ്യൂണിക്കിന് മറുപടി നല്‍കാന്‍ ബെന്‍ഫിക്കയ്ക്ക് കഴിഞ്ഞില്ല.
ഇരുപകുതിയില്‍നിന്നുമായി റോബര്‍ട്ട് ലെവന്‍ഡോസ്‌കി നേടിയ ഇരട്ടഗോളിന്റെ ബലത്തിലാണ് ബാഴ്‌സ റെഡ് സ്റ്റാറിനെതിരെ വിജയം കൈവരിച്ചത് . 13-ാം മിനിറ്റില്‍ റഫീന്യയുടെ ഫ്രീക്കിന് തലവെച്ച ഇനിഗോ മാര്‍ടിനെസ് ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടു. 27-ാം മിനിറ്റില്‍ സിലാസിലൂടെ റെഡ് സ്റ്റാര്‍ മറുപടി നല്‍കി. 43-ാം മിനിറ്റിലും 53-ാം മിനിറ്റിലുമായിരുന്നു ലെവന്‍ഡോസ്‌കി സ്‌കോര്‍ ചെയ്തത്. 55-ാം മിനിറ്റില്‍ റഫീന്യയും 76-ാം മിനിറ്റില്‍ ഫെര്‍മിന്‍ ലോപ്പസും ഓരോ ഗോളുകള്‍ നേടി. 84-ാം മിനിറ്റില്‍ മില്‍സണ്‍ നേടിയ രണ്ടാംഗോളില്‍ റെഡ്‌സ്റ്റാര്‍ പോരാട്ടം അവസാനിപ്പിച്ചു.
ആദ്യ പകുതിയില്‍ ഹകന്‍ കല്‍ഹാനോഗ്ലൂ പെനല്‍റ്റിയിലൂടെ നേടിയ ഏക ഗോളാണ് ആഴ്‌സനലിനെതിരെ ഇന്റര്‍മിലാന് വിജയം ഉറപ്പിച്ചത്. രണ്ടാം പകുതിയില്‍ മികച്ച കളി പുറത്തെടുത്തെങ്കിലും ആഴ്‌സലിന് അത്ഭുതമൊന്നും കാണിക്കാന്‍ സാധിച്ചില്ല.
അവസാനനിമിഷം ഏയ്ഞ്ചല്‍ കൊറയ നേടിയ ഗോളാണ് സമനിലയിലേക്കെന്ന് തോന്നിച്ച കളിയില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെ വിജയത്തിലെത്തിച്ചത്. പി.എസ്.ജിക്കുവേണ്ടി വാരന്‍ സെയ്‌റെ എമിറി മത്സരത്തിലെ ആദ്യ ഗോള്‍ നേടി. എന്നാല്‍ നെഹ്വേല്‍ മോളിനയിലൂടെ അത്‌ലറ്റിക്കോ തിരിച്ചടിച്ചു.