ട്രിപ്പിളടിച്ച് ബ്രൂക്ക്; റൂട്ടിന് ഡബിള്‍; പാകിസ്താന്‍ പതറുന്നു

ആദ്യ ഇന്നിങ്‌സില്‍ ഏഴിന് 823 റണ്‍സെടുത്ത് ഡക്ലയര്‍ ചെയ്ത ഇംഗ്ലണ്ട് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ പാകിസ്താന്റെ രണ്ടാം ഇന്നിങ്‌സില്‍ 49 റണ്‍സെടുക്കുന്നതിനിടെ നാലു വിക്കറ്റുകള്‍ പിഴുത് ജയസാധ്യത സജീവമാക്കി. 

author-image
Prana
New Update
root 1

പാകിസ്താനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ജോ റൂട്ടിന്റെ ഇരട്ട സെഞ്ചുറിക്കു പിന്നാലെ ഹാരി ബ്രൂക്കിന്റെ തകര്‍പ്പന്‍ ട്രിപ്പിള്‍ സെഞ്ച്വറി കൂടി പിറന്നതോടെ പാകിസ്താനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് കൂറ്റന്‍ സ്‌കോര്‍. ആദ്യ ഇന്നിങ്‌സില്‍ ഏഴിന് 823 റണ്‍സെടുത്ത് ഡക്ലയര്‍ ചെയ്ത ഇംഗ്ലണ്ട് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ പാകിസ്താന്റെ രണ്ടാം ഇന്നിങ്‌സില്‍ 49 റണ്‍സെടുക്കുന്നതിനിടെ നാലു വിക്കറ്റുകള്‍ പിഴുത് ജയസാധ്യത സജീവമാക്കി. 
നേരത്തെ 150 ഓവറില്‍ 5.48 റണ്‍റേറ്റില്‍ ആണ് ഇംഗ്ലണ്ട് 823 റണ്‍സെടുത്തത്. ഹാരി ബ്രൂക് 322 പന്തില്‍ 29 ബൗണ്ടറിയും മൂന്നു സിക്‌സറുകളും സഹിതം 317 റണ്‍സെടുത്തു പുറത്തായി. റൂട്ട് 17 ബൗണ്ടറികളുടെ അകമ്പടിയോടെ 262 റണ്‍സടിച്ചു. ആദ്യ ഇന്നിങ്‌സില്‍ 267 റണ്‍സിന്റെ ലീഡുമായി ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത ഇംഗ്ലണ്ട് തുടര്‍ന്ന് പാകിസ്താന്റെ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരെ എളുപ്പം കൂടാരം കയറ്റി മുള്‍ട്ടാനിലെ ബാറ്റിങ് ട്രാക്കില്‍ വിജയപ്രതീക്ഷ ഉണര്‍ത്തി. 
നേരത്തെ ടെസ്റ്റില്‍ കൂടുതല്‍ റണ്‍സ് നേടുന്ന ഇംഗ്ലണ്ട് താരമെന്ന റെക്കോര്‍ഡ് മൂന്നാം ദിനം തന്നെ റൂട്ട് സ്വന്തമാക്കിയിരുന്നു. ഇത് കൂടാതെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 5000 റണ്‍സ് നേടുന്ന ആദ്യ ബാറ്റര്‍ എന്ന നേട്ടവും ജോ റൂട്ട് തന്റെ പേരിലാക്കി. മത്സരത്തില്‍ സെഞ്ച്വറിയിലെത്തിയതോടെ സുനില്‍ ഗവാസ്‌കര്‍, ബ്രയാന്‍ ലാറ, മഹേള ജയവര്‍ധന, യൂനിസ് ഖാന്‍ എന്നിവരെ മറികടന്ന് 35 ടെസ്റ്റ് സെഞ്ച്വറികള്‍ നേടുന്ന ആറാമത്തെ ബാറ്ററായും റൂട്ട് മാറിയിരുന്നു. ഇംഗ്ലണ്ട് നിരയില്‍ ഓപ്പണര്‍ സാക് ക്രൗളി (85 പന്തില്‍ 78), ബെന്‍ ഡക്കറ്റ് (75 പന്തില്‍ 84) എന്നിവരും മികച്ച ബാറ്റിങ് കാഴ്ച വെച്ചിരുന്നു. പൂജ്യം റണ്‍സിന് പുറത്തായ ക്യാപ്റ്റന്‍ ഒലി പോപ്പ് മാത്രമാണ് ഇംഗ്ലണ്ട് ബാറ്റിങില്‍ ശോഭിക്കാതിരുന്നത്.
അതേ സമയം ഒന്നാം ഇന്നിങ്‌സില്‍ ഓപ്പണര്‍ അബ്ദുല്ല ഷഫീഖ് (102), ക്യാപ്റ്റന്‍ ഷാന്‍ മസൂദ് (151), ആഗ സല്‍മാന്‍ (104*) എന്നിവരുടെ സെഞ്ചറികളുടെ മികവിലാണ് പാക്കിസ്ഥാന്‍ 556 റണ്‍സെടുത്തത്.

england vs pakisthan cricket test