മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഇതിഹാസ നായകനാണ് രോഹിത് ശർമ.തുടക്കത്തിൽ തന്നെ മുംബൈ ഇന്ത്യൻസ് നായകനായി അഞ്ച് തവണ ടീമിനെ കിരീടത്തിലേക്കെത്താൻ രോഹിത്തിന് സാധിച്ചിരുന്നു.ഇതോടെയാണ് രോഹിത് എല്ലാവരുടേയും ശ്രദ്ധ നേടുന്ന താരമായി മാറിയത്.മുംബൈയെ അഞ്ച് തവണ കപ്പിലേക്കെത്തിച്ചത് കൂടാതെ ഇന്ത്യയെ ഐസിസി ടി20 ലോകകപ്പിൽ കിരീടം ചൂടിക്കാനും രോഹിത്തിന് കഴിഞ്ഞെന്നത് പ്രശംസനീയമാണ്.പല കിരീടങ്ങളും തോൽവിയുടെ വക്കിൽ നിന്നാണ് രോഹിത് നേടിയെടുത്തത്. ഇപ്പോഴിതാ താൻ മുംബൈയെ അഞ്ച് കിരീടം ചൂടിച്ചതിന് പിന്നിലൊരു രഹസ്യമുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് രോഹിത് ശർമ.സിയറ്റ് അവാർഡിൽ സംസാരിക്കവെയാണ് രോഹിത് ഇക്കാര്യം പറഞ്ഞത്.
ഞാൻ അഞ്ച് ഐപിഎൽ കിരീടം നേടിയതിന് പിന്നിൽ ഒരു കാരണമുണ്ട്. ഒരിക്കലും നിർത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. നിങ്ങൾ വിജയത്തിന്റേയും കിരീടത്തിന്റേയും രുചിയറിഞ്ഞാൽ ഒരിക്കലും നിർത്താൻ തോന്നില്ല. ടീമെന്ന നിലയിൽ മുന്നോട്ട് കൊണ്ടുപോകാനാണ് എപ്പോഴും ശ്രമിച്ചത്. ഭാവിയിലും മികച്ച നേട്ടങ്ങളിലേക്ക് ടീമിനെയെത്തിക്കാൻ ഞങ്ങളെല്ലാവരും ശ്രമിക്കും' രോഹിത് ശർമ പറഞ്ഞു. അന്താരാഷ്ട്ര ടി20 രോഹിത് ശർമ മതിയാക്കിയിട്ടുണ്ട്.
എന്നാൽ ഐപിഎല്ലിൽ അദ്ദേഹം കളി തുടരും. എന്നാൽ രോഹിത് ശർമ മുംബൈ ഇന്ത്യൻസുമായുള്ള ബന്ധം അവസാനിപ്പിക്കുമെന്നാണ് റിപ്പോർട്ട്. അവസാന സീസണിൽ രോഹിത് ശർമയെ മാറ്റി ഹാർദിക് പാണ്ഡ്യയെ മുംബൈ നായകനാക്കിയിരുന്നു. ഇത് മുംബൈ ടീമിനുള്ളിലെ ഐക്യം നഷ്ടപ്പെടുത്തുകയും ആരാധകരെ മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു. നിരവധി ആരാധകർ മുംബൈ ഇന്ത്യൻസിനെ അൺഫോളോ ചെയ്തു.
യുവതാരങ്ങളടക്കം ഹാർദിക്കിനെതിരേ തിരിഞ്ഞു. മുംബൈയിലെ ആരാധകർ ഹാർദിക്കിനെ കൂവുന്ന സാഹചര്യവുമുണ്ടായി. ഇതെല്ലാം മുംബൈയെ കാര്യമായി ബാധിച്ചതോടെ അവസാന സീസണിലെ അവസാന സ്ഥാനക്കാരായി മുംബൈ ഒതുങ്ങി. ഇത്തവണയും ഹാർദിക്കിനെ നായകനാക്കി മുംബൈ മുന്നോട്ട് പോയാൽ രോഹിത് ശർമയും ജസ്പ്രീത് ബുംറയുമെല്ലാം ടീം വിട്ടേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ ഇവർ ടീം വിടുമെന്നത് സംബന്ധിച്ച് ഔദ്യോഗികമായ സ്ഥിരീകരണങ്ങളില്ല.
ടി20 മതിയാക്കിയെങ്കിലും ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന ടീം നായകൻ രോഹിത് ശർമയാണ്. ഇനിയും മൂന്ന് നാല് വർഷമെങ്കിലും കളിക്കാനുള്ള ഭാഗ്യം രോഹിത് ശർമക്ക് ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം. വലിയ വെല്ലുവിളികൾ രോഹിത്തിനെ ഇനിയും കാത്തിരിക്കുന്നുണ്ട്. വരാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫി രോഹിത്തിനെ സംബന്ധിച്ച് നിർണ്ണായകമാണ്. സമീപകാലത്ത് മികച്ച ഫോമിൽ കളിക്കാൻ രോഹിത് ശർമക്ക് സാധിക്കുന്നുണ്ട്. ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയെ കപ്പിലേക്കെത്തിക്കാൻ രോഹിത്തിനാവുമോയെന്നതാണ് അറിയേണ്ടത്.
അത് കൂടാതെ മറ്റൊരു വലിയ നേട്ടവും രോഹിത്തിനെ കാത്തിരിക്കുന്നുണ്ട്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ കിരീടത്തിലേക്കെത്തിക്കാൻ രോഹിത്തിനാവുമോയെന്നതാണ് കണ്ടറിയേണ്ടത്. അവസാന രണ്ട് തവണയും ഫൈനൽ കളിച്ചപ്പോൾ ഇന്ത്യക്ക് കിരീടത്തിലേക്കെത്താനായിരുന്നില്ല. അതുകൊണ്ടുതന്നെ ഇത്തവണ രോഹിത്തിന് ഇന്ത്യയെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടത്തിലേക്കെത്തിക്കാനായാൽ അത് വലിയ നേട്ടമായിരിക്കുമെന്ന് തന്നെ പറയാം.
രോഹിത് ശർമ അടുത്ത ഏകദിന ലോകകപ്പ് കളിക്കുമോയെന്നത് തീരുമാനിക്കുന്നതിൽ ഈ രണ്ട് വമ്പൻ മത്സരങ്ങളിലെ പ്രകടനവും നിർണ്ണായകമാണ്. രോഹിത്തിന്റെ ഫിറ്റ്‌നസ് എല്ലാക്കാലവും ചോദ്യം ഉയർത്തിയിട്ടുണ്ടെങ്കിലും പ്രകടനംകൊണ്ട് ഇതിനെല്ലാം രോഹിത് മറുപടി നൽകിയിട്ടുണ്ട്. പവർപ്ലേയ്ക്കുള്ളിൽ മത്സരഫലം മാറ്റാൻ കഴിവുള്ള താരമാണ് രോഹിത്. ഇത് അപൂർവ്വം താരങ്ങൾക്ക് മാത്രം സാധിക്കുന്നതാണ്. നിലവിൽ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപ്പണർമാരിലൊരാളാണ് രോഹിത് ശർമയെന്ന് പറയാം.