ദക്ഷിണാഫ്രിക്കയ്ക്ക് 10 വര്‍ഷത്തിനുശേഷം ഏഷ്യയില്‍ ടെസ്റ്റ് പരമ്പര

ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്‌സില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 575 റണ്‍സെടുത്തു. മറുപടി പറഞ്ഞ ബംഗ്ലാദേശ് ആദ്യ ഇന്നിംഗ്‌സില്‍ 159 റണ്‍സിന് എല്ലാവരും പുറത്തായി. രണ്ടാം ഇന്നിംഗ്‌സില്‍ 143 റണ്‍സ് മാത്രമാണ് ബംഗ്ലാദേശിന് നേടാനായത്.

author-image
Prana
New Update
south african

ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റില്‍ വമ്പന്‍ ജയവുമായി പരമ്പര സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. ഒരിന്നിംഗ്‌സിനും 273 റണ്‍സിനുമാണ് ദക്ഷിണാഫ്രിക്കയുടെ വിജയം. പരമ്പരയിലെ ആദ്യ ടെസ്റ്റും ദക്ഷിണാഫ്രിക്ക വിജയിച്ചിരുന്നു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്‌സില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 575 റണ്‍സെടുത്തു. മറുപടി പറഞ്ഞ ബംഗ്ലാദേശ് ആദ്യ ഇന്നിംഗ്‌സില്‍ 159 റണ്‍സിന് എല്ലാവരും പുറത്തായി. രണ്ടാം ഇന്നിംഗ്‌സില്‍ 143 റണ്‍സ് മാത്രമാണ് ബംഗ്ലാദേശിന് നേടാനായത്. രണ്ടാം ഇന്നിംഗ്‌സില്‍ 59 റണ്‍സിന് അഞ്ചു വിക്കറ്റ് നേടിയ കേശവ് മഹാരാജും 45ന് നാലു വിക്കറ്റെടുത്ത മുത്തുസാമിയുമാണ് ബംഗ്ലാദേശിനെ തകര്‍ത്തത്. 
നേരത്തെ ടോണി ഡി സോര്‍സി 177, ട്രിസ്റ്റണ്‍ സ്റ്റബ്‌സ് 106, വിയാന്‍ മള്‍ഡര്‍ പുറത്താകാതെ 105 എന്നിവരുടെ സെഞ്ച്വറി മികവിലാണ് ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിംഗ്‌സില്‍ മികച്ച സ്‌കോറിലേക്ക് എത്തിയത്. ബംഗ്ലാദേശിനായി തൈജുള്‍ ഇസ്ലാം അഞ്ച് വിക്കറ്റെടുത്തു. ആദ്യ ഇന്നിംഗ്‌സില്‍ 82 റണ്‍സെടുത്ത മൊമിനൂള്‍ ഹഖിന് മാത്രമാണ് ബംഗ്ലാദേശ് നിരയില്‍ പൊരുതാനായത്. ദക്ഷിണാഫ്രിക്കയ്ക്കായി കഗീസോ റബാഡ അഞ്ച് വിക്കറ്റെടുത്തു.
രണ്ടാം ഇന്നിംഗ്‌സില്‍ ബംഗ്ലാദേശ് നിരയില്‍ ആര്‍ക്കും തന്നെ പൊരുതാന്‍ കഴിഞ്ഞില്ല. 10ാമനായി ക്രീസിലെത്തി പുറത്താകാതെ 38 റണ്‍സെടുത്ത ഹസന്‍ മഹ്മൂദാണ് ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ നജ്മുള്‍ ഹൊസൈന്‍ ഷാന്റോ 36 റണ്‍സും നേടി. പത്ത് വര്‍ഷത്തിന് ശേഷമാണ് ദക്ഷിണാഫ്രിക്ക ഏഷ്യയില്‍ ടെസ്റ്റ് പരമ്പര വിജയിക്കുന്നത്. 2014ല്‍ ജൂലൈയില്‍ ശ്രീലങ്കയ്‌ക്കെതിരെയാണ് ദക്ഷിണാഫ്രിക്ക അവസാനമായി ടെസ്റ്റ് പരമ്പര വിജയിക്കുന്നത്.

south africa bangladesh cricket test