മുംബൈ: ഇന്ത്യയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിന്റെ മൂന്നാംദിനം ഓള്‍ ഔട്ടായി ന്യൂസീലന്‍ഡ്. രണ്ടാം ഇന്നിങ്‌സില്‍ ഒന്‍പത് വിക്കറ്റിന് 171 റണ്‍സ് എന്ന നിലയിലായിരുന്നു ന്യൂസീലാന്‍ഡ് മൂന്നാംദിനം ആരംഭിച്ചത്. 174-ന് ടീം ഓള്‍ ഔട്ടായി.
147 റണ്‍സാണ് ഇന്ത്യയുടെ വിജയലക്ഷ്യം. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 28 റണ്‍സിന്റെ ലീഡ് നേടിയിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് ആരംഭിച്ച ഇന്ത്യ ആദ്യ ഓവറില്‍ ആറു റണ്‍സ് നേടി. ആദ്യ ഇന്നിങ്‌സിൽ കിവീസിനെ രക്ഷിച്ച വിൽ യങ് രണ്ടാം ഇന്നിങ്സിലും ടീമിന്റെ രക്ഷകനായി.
ആദ്യ ദിവസത്തെപ്പോലെ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ആകാശ്‌ദീപ് കിവീസിന്റെ ആദ്യവിക്കറ്റ് (ടോം ലാഥം-1) എടുത്തപ്പോൾ ബാക്കി സ്പിന്നർമാർ ഏറ്റെടുത്തു. മറ്റൊരു ഓപ്പണർ ഡെവൻ കോൺവെയെ (22) വാഷിങ്ടൺ സുന്ദറിന്റെ പന്തിൽ ശുഭ്മാൻ ഗിൽ ക്യാച്ചെടുത്തതോടെ കളിയുടെ ദിശ തെളിഞ്ഞിരുന്നു.
അപകടകാരിയായ രചിൻ രവീന്ദ്രയെ (4) അശ്വിന്റെ പന്തിൽ ഋഷഭ് സ്റ്റമ്പുചെയ്തു. ആദ്യ ഇന്നിങ്‌സിൽ സ്പിന്നിനെ കൃത്യമായി നേരിട്ട ഡാരിൽ മിച്ചൽ (44 പന്തിൽ 21), ടോം ബ്ലൻഡൽ (4) എന്നിവരെ അടുത്തടുത്ത ഓവറുകളിൽ ജഡേജ പുറത്താക്കി. പിന്നീട് ഇഷ് സോഥി (8), മാറ്റ് ഹെൻറി (10) എന്നിവരും ജഡേജയ്ക്കു മുന്നിൽ വീണു. ഗ്ലെൻ ഫിലിപ്സിനെ (26) അശ്വിൻ ക്ലീൻബൗൾഡാക്കിയപ്പോൾ വിൽ യങ്ങിനെ (100 പന്തിൽ 51) സ്വന്തംപന്തിൽ ക്യാച്ചെടുത്തു.
ജഡേജയുടെ പന്തില്‍ ആകാശ് ദീപിന് ക്യാച്ച് നല്‍കിയാണ് അജാസ് പട്ടേല്‍ പുറത്തായത്. വില്യം ഒറോക്കെ പുറത്താവാതെ അഞ്ചുപന്തില്‍ രണ്ടുറണ്‍സ് മാത്രം ചേര്‍ത്തു. ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സിലുമായി ജഡേജ പത്ത് വിക്കറ്റ് നേടി.