ചെന്നൈ: ജന്മനാട്ടില്‍ രവിചന്ദ്രന്‍ അശ്വിന്‍ നടത്തിയ ഓള്‍റൗണ്ട് പോരാട്ടത്തിൽ ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരം ഇന്ത്യ കൈപ്പിടിയിലാക്കി . നാലാംദിനം ആദ്യ സെഷനില്‍ത്തന്നെ കളിതീര്‍ന്നപ്പോള്‍ 280 റണ്‍സിനാണ് ഇന്ത്യന്‍ ജയം. നാലിന് 158 എന്ന നിലയില്‍ ഞായറാഴ്ച കളിയാരംഭിച്ച ബംഗ്ലാദേശിന് ടോട്ടല്‍ 234 റണ്‍സേ നേടാനായുള്ളൂ. രണ്ടാം ഇന്നിങ്‌സില്‍ ആറുവിക്കറ്റ് നേടിയ അശ്വിനാണ് കടുവകളെ കീറിയത്. ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോയുടെ (127 പന്തില്‍ 82) ഇന്നിങ്‌സ് മാത്രം വേറിട്ടുനിന്നു.
സാക്കിര്‍ ഹസന്‍ (33), ശദ്മാന്‍ ഇസ്‌ലാം (35), മൊമീനുല്‍ ഹഖ് (13), മുഷ്ഫിഖുര്‍റഹീം (13) എന്നിവര്‍ മൂന്നാംദിനംതന്നെ പുറത്തായിരുന്നു. തുടര്‍ന്ന് നാലാംദിനം ഷാക്കിബും ഷാന്റോയും ചേര്‍ന്ന് നേരിയ പ്രതീക്ഷയുള്ള തുടക്കം നല്‍കിയെങ്കിലും, അശ്വിനെത്തി ഈ കൂട്ടുകെട്ട് തകർത്തു . 25 റണ്‍സോടെ ഷാക്കിബ് ആദ്യം കൂടാരം കയറിയപ്പോള്‍, എട്ടാമനായാണ് നജ്മുല്‍ ഹുസൈന്‍ മടങ്ങിയത്. ലിറ്റണ്‍ ദാസ് (1), മെഹിദി ഹസന്‍ മിറാസ് (8), തസ്‌കിന്‍ അഹ്‌മദ് (5) എന്നിവരും മടങ്ങിയതോടെ മത്സരം പൂര്‍ണമായി.
നേരത്തേ ആദ്യ ഇന്നിങ്സില്‍ രവിചന്ദ്രന്‍ അശ്വിന്റെ സെഞ്ചുറിയുടെയും രവീന്ദ്ര ജഡേജയുടെ അര്‍ധ സെഞ്ചുറിയുടെയും ബലത്തില്‍ 376 റണ്‍സ് ഉയര്‍ത്തിയിരുന്നു ഇന്ത്യ. മറുപടി ബാറ്റിങ്ങില്‍ ബംഗ്ലാദേശിനെ 149 റണ്‍സെടുക്കാനേ ആയുള്ളൂ. നാലുവിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയും രണ്ടുവീതം വിക്കറ്റുകള്‍ നേടിയ മുഹമ്മദ് സിറാജ്, ആകാശ് ദീപ്, രവീന്ദ്ര ജഡേജ എന്നിവരുമാണ് ബംഗ്ലാദേശിനെ എറിഞ്ഞിട്ടത്.
227 റണ്‍സിന്റെ ലീഡോടെ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ 287-ന് നാല് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. ശുഭ്മാന്‍ ഗില്ലിന്റെയും (176 പന്തില്‍ 119*) ഋഷഭ് പന്തിന്റെയും (128 പന്തില്‍ 109) സെഞ്ചുറികളാണ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യക്ക് കരുത്തായത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി (17) എന്നിവര്‍ രണ്ട് ഇന്നിങ്‌സിലും നിരാശ പടര്‍ത്തിയപ്പോള്‍ ജയ്‌സ്വാള്‍ ആദ്യ ഇന്നിങ്‌സില്‍ അര്‍ധ സെഞ്ചുറി നേടി. 515 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ ബംഗ്ലാദേശിന് മുന്നില്‍വെച്ചത്.