അടുത്തിടെ സമാപിച്ച പാരിസ് ഒളിംപിക്‌സില്‍ ഇന്ത്യയ്ക്കായി ടേബിള്‍ ടെന്നിസില്‍ മത്സരിച്ച വനിതാ താരം, കരിയര്‍ അവസാനിപ്പിച്ചു. ഇരുപത്തിനാലുകാരിയായ അര്‍ച്ചന കാമത്താണ്, പഠനത്തിലാണ് കൂടുതല്‍ താല്‍പര്യമെന്നു വ്യക്തമാക്കി ടേബിള്‍ ടെന്നിസ് വിട്ടത്. വനിതാ വിഭാഗം ടേബിള്‍ ടെന്നിസ് ടീമിനത്തില്‍ ചരിത്രത്തിലാദ്യമായി ക്വാര്‍ട്ടറില്‍ കടന്ന ഇന്ത്യന്‍ സംഘത്തില്‍ അര്‍ച്ചനയും അംഗമായിരുന്നു. ഈ പ്രകടനത്തിനു പിന്നാലെയാണ് അര്‍ച്ചന ടേബിള്‍ ടെന്നിസ് വിട്ട് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനമെടുത്തത്. പാരിസ് ഒളിംപിക്‌സിനുള്ള ടീമിലേക്ക് ഐഹിക മുഖര്‍ജിയെ തഴഞ്ഞ് അര്‍ച്ചന കാമത്തിനെ തിരഞ്ഞെടുത്തത് വിവാദങ്ങള്‍ക്കു വഴിവച്ചിരുന്നു. പാരിസില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്താണ് അര്‍ച്ചന വിമര്‍ശരുടെ വായടപ്പിച്ചത്. വനിതകളുടെ ടീമിനത്തില്‍ ഇന്ത്യ ക്വാര്‍ട്ടറില്‍ കടന്നതിനു പിന്നില്‍ അര്‍ച്ചനയുടെ പ്രകടനം നിര്‍ണായകമായിരുന്നു.