ന്യൂയോർക്ക്: ടി20 ലോകകപ്പിന് മുമ്പായി നടന്ന സന്നാഹ മത്സരത്തിൽ ബംഗ്ലാദേശിനെ 62 റൺസിന് വീഴ്ത്തി ഇന്ത്യ.മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 182 റൺസെടുത്തു.റിഷഭ് പന്ത് 32 ബോളുകളിൽ നിന്ന് 53 റൺസെടുത്ത് ടോപ് സ്കോററായി. മറ്റ് താരങ്ങൾക്ക് അവസരം നൽകാൻ പന്ത് റിട്ടയർഡ് ഔട്ടായി. ഹാർദ്ദിക്ക് പാണ്ഡ്യയും മത്സരത്തിൽ ഗംഭീര തിരിച്ചുവരവാണ് നടത്തിയത്.
തൻവീർ ഇസ്ലാം എറിഞ്ഞ 17-ാം ഓവറിൽ മൂന്ന് സിക്സ് നേടി ഹാർദ്ദിക്ക് പാണ്ഡ്യ ലോകകപ്പ് ടീമിലെ തന്റെ സ്ഥാനം ആവശ്യപ്പെട്ടു. 23 പന്തിൽ 40 റൺസുമായി താരം പുറത്താകാതെ നിന്നു. രണ്ട് ഫോറും നാല് സിക്സും ഉൾപ്പെട്ടതാണ് ഹാർദ്ദിക്കിന്റെ ഇന്നിംഗ്സ്. എന്നാൽ ശിവം ദുബെ താളം കണ്ടെത്തുന്നതിൽ വിഷമിച്ചു. 16 പന്തിൽ 14 റൺസ് മാത്രമാണ് ഓൾ റൗണ്ടർ താരത്തിന് നേടാനായത്.
അതെസമയം മലയാളി താരം സഞ്ജു സാംസണും നിരാശപ്പെടുത്തി. ആറ് പന്തിൽ ഒരു റൺസുമായാണ് സഞ്ജു മടങ്ങിയത്.രോഹിത് ശർമ്മ 19 പന്തിൽ 23 റൺസെടുത്തു. 18 പന്തിൽ 31 റൺസാണ് സൂര്യകുമാർ യാദവിന്റെ സ്കോർ. മറുപടി ബാറ്റിംഗിൽ ബംഗ്ലാദേശ് തകർച്ചയോടെയാണ് തുടങ്ങിയത്. 41 റൺസിനിടെ അഞ്ച് വിക്കറ്റുകൾ കടുവകൾക്ക് നഷ്ടമായി.
ആറാം വിക്കറ്റിൽ ഷക്കീബ് അൽ ഹസ്സനും മഹ്‍മദുള്ള എന്നിവരുടെ പോരാട്ടം ബംഗ്ലാദേശിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചു. ഷക്കീബ് 28 റൺസെടുത്ത് പുറത്തായി. മഹ്‍മദുള്ള 40 റൺസുമായി റിട്ടയർഡ് ചെയ്തു. 20 ഓവർ പൂർത്തിയാകുമ്പോൾ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 122 റൺസാണ് ബംഗ്ലാദേശിന് നേടാനായത്. ഇന്ത്യയ്ക്ക് വേണ്ടി അർഷ്ദീപ് സിംഗ്, ശിവം ദുബെ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മുഹമ്മദ് സിറാജ്, ഹാർദ്ദിക്ക് പാണ്ഡ്യ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ എന്നിവർ ഓരോ വിക്കറ്റുമെടുത്തു.