ഇന്ത്യ ഇന്ന് ടി20 ലോകകപ്പിലെ മത്സരത്തിന് തയ്യാറായിരിക്കുകയാണ്. ചരിത്രം നോക്കുകയാണെങ്കില്‍ ഏറ്റവും കൂടുതല്‍ വിജയം ഇന്ത്യയോടൊപ്പമാണ്. ലോകകപ്പില്‍ അട്ടിമറികള്‍ക്ക് പേരുകേട്ട ടീമാണ് അയര്‍ലന്‍ഡ്. എന്നാല്‍ കണക്കുകള്‍ പ്രകാരം ഇന്ത്യയ്ക്കാണ് കൂടുതല്‍ മുന്‍തൂക്കം. അയര്‍ലന്‍ഡിനെതിരെ കളിച്ച ഒരു അന്താരാഷ്ട്ര മത്സരത്തിലും ഇന്ത്യ പരാജയം അറിഞ്ഞിട്ടില്ല. ടി20 ഫോര്‍മാറ്റില്‍ ഇതുവരെ ഏഴ് തവണയാണ് ഇന്ത്യയും അയര്‍ലന്‍ഡും മുഖാമുഖം വന്നിട്ടുള്ളത്. ഇതില്‍ ഏഴ് മത്സരങ്ങളിലും ഇന്ത്യക്കായിരുന്നു വിജയം. മൂന്ന് ഏകദിന മത്സരങ്ങളിലും ഇന്ത്യയാണ് വിജയിച്ചത്.
ടി20 ഫോര്‍മാറ്റില്‍ അയര്‍ലന്‍ഡിനെതിരേ ഇന്ത്യയുടെ ഉയര്‍ന്ന സ്‌കോര്‍ 225 റണ്‍സാണ്. 2022ല്‍ ഡുബ്ലിനില്‍ നടന്ന മത്സരത്തിലാണ് ഇന്ത്യ ഈ സ്‌കോര്‍ നേടിയത്. ഇതേ പിച്ചില്‍ തന്നെ ഐറിഷ് പടയെ 70 റണ്‍സിന് ഇന്ത്യ കൂടാരം കയറ്റിയ ചരിത്രവുമുണ്ട്. 2018ലായിരുന്നു അത്. അയര്‍ലന്‍ഡിനെതിരെ ഇന്ത്യയുടെ ഏറ്റവും വലിയ ജയം 143 റണ്‍സാണ്. എട്ട് വിക്കറ്റിനും അയര്‍ലന്‍ഡിനെ ഇന്ത്യ തോല്‍പ്പിച്ചിട്ടുണ്ട്.
എന്നിരുന്നാലും ഇന്ത്യക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്താനും അയര്‍ലന്‍ഡിന് സാധിച്ചു. അന്ന് രണ്ട് റണ്‍സിനാണ് അയര്‍ലന്‍ഡ് ഇന്ത്യയ്ക്ക് മുന്നില്‍ അടിയറവ് പറഞ്ഞത്. അത്രത്തോളം ശക്തമായ പോരാട്ടം കാഴ്ചവെക്കാന്‍ അയര്‍ലന്‍ഡിന് സാധിച്ചു. അതുകൊണ്ടുതന്നെ മത്സരം ആരു കൊണ്ടു പോകുമെന്നതില്‍ വ്യക്തതയില്ല. ഇന്ന് രാത്രി 8ന് ന്യൂയോര്‍ക്കിലെ നസ്സാവു കൗണ്ടി സ്റ്റേഡിയത്തിലാണ് മത്സരം.