ബിജ്ടൗണ്‍ : ടി20 ലോകകപ്പില്‍ ഓസ്‌ട്രേലിയ 39 റണ്‍സിന് ഒമാനെ വീഴ്ത്തി. ആദ്യം ബാറ്റിങിനിറങ്ങിയ ഓസ്‌ട്രേലിയ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് നേടി. ബാറ്റിങ്ങിലും ബോളിങ്ങിലും തിളങ്ങിയ ഓള്‍റൗണ്ടര്‍ മാര്‍കസ് സ്റ്റോയ്‌നിസാണു കളിയിലെ താരം. 36 പന്തുകള്‍ നേരിട്ട സ്റ്റോയ്‌നിസ് 67 റണ്‍സെടുത്തു പുറത്താകാതെ നിന്നു.
മൂന്ന് ഓവറുകള്‍ പന്തെറിഞ്ഞ താരം 19 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റുകളും വീഴ്ത്തി. ആദ്യം ബാറ്റു ചെയ്ത ഓസ്‌ട്രേലിയയ്ക്കു വേണ്ടി ഡേവിഡ് വാര്‍ണറും (51 പന്തില്‍ 56) അര്‍ധ സെഞ്ചറി നേടി. മറുപടി ബാറ്റിങ്ങില്‍ പവര്‍പ്ലേയില്‍ മൂന്നു മുന്‍നിര വിക്കറ്റുകള്‍ വീണത് ഒമാനു തിരിച്ചടിയായി. ഓപ്പണര്‍മാരായ കശ്യപ് പ്രജാപതി (16 പന്തില്‍ ഏഴ്), പ്രതീക് അതാവാലെ (പൂജ്യം), ക്യാപ്റ്റന്‍ അകിബ് ഇല്യാസ് (18 പന്തില്‍ 18) എന്നിവരാണു തുടക്കത്തില്‍ തന്നെ മടങ്ങിയത്. 30 പന്തില്‍ 36 റണ്‍സെടുത്ത മധ്യനിര താരം അയാന്‍ ഖാനാണ് ഒമാന്റെ ടോപ് സ്‌കോറര്‍. ഈ വിജയത്തോടെ ഓസ്‌ട്രേലിയ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ടി20യിലെ ഒമാനിന്റെ രണ്ടാം തോല്‍വിയാണിത്.