ട്വൻറി 20 ലോകകപ്പിൽ വീണ്ടും വമ്പൻ  അട്ടിമറി; ദക്ഷിണാഫ്രിക്കയോട് ഒരു റണ്ണിന് തോറ്റ് നേപ്പാൾ

16 റൺസ് വിജയലക്ഷ്യം പിന്തുടർന്ന നേപ്പാളിൻറെ പോരാട്ടം 20 ഓവറിൽ 114-6 എന്ന സ്കോറിൽ അവസാനിക്കുകയായിരുന്നു.തുടർന്ന് 1 റൺസിന് ജയിച്ച പ്രോട്ടീസ് ഗ്രൂപ്പ് ചാമ്പ്യൻമാരായി.

author-image
Greeshma Rakesh
New Update
south africa vs nepal

t20 world cup south africa wins against nepal by just 1 run

Listen to this article
0.75x 1x 1.5x
00:00 / 00:00

കിംഗ്‌സ്‌ടൗൺ: ട്വൻറി 20 ക്രിക്കറ്റ് ലോകകപ്പിൽ  അട്ടിമറി പ്രതീക്ഷ നൽകി ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ തകർന്ന് നേപ്പാൾ. 116 റൺസ് വിജയലക്ഷ്യം പിന്തുടർന്ന നേപ്പാളിൻറെ പോരാട്ടം 20 ഓവറിൽ 114-6 എന്ന സ്കോറിൽ അവസാനിക്കുകയായിരുന്നു.തുടർന്ന് 1 റൺസിന് ജയിച്ച പ്രോട്ടീസ് ഗ്രൂപ്പ് ചാമ്പ്യൻമാരായി.നാല് ഓവറിൽ 19 റൺസിന് നാല് വിക്കറ്റ് വീഴ്ത്തിയ തബ്രൈസ് ഷംസിയാണ് വിജയപ്രതീക്ഷയിലായിരുന്ന നേപ്പാളിൽ നിന്ന് മത്സരം തിരികെ പിടിച്ചത്. അവസാന ഓവറുകളിലെ ദക്ഷിണാഫ്രിക്കൻ പോരാട്ടം നേപ്പാളിനെ പൂർണ്ണമായും തകർക്കുകയായിരുന്നു.

ഗ്രൂപ്പ് ഡിയിൽ നിന്ന് ഇതിനകം സൂപ്പർ 8ലെത്തിയ ദക്ഷിണാഫ്രിക്കയെ നേപ്പാൾ ബൗളർമാർ വെള്ളംകുടിപ്പിച്ചു.ഓപ്പണിംഗ് വിക്കറ്റിൽ 22 റൺസ് ചേർത്ത പ്രോട്ടീസിൻറെ പോരാട്ടം 115 റൺസിലൊതുങ്ങി. വിക്കറ്റ് കീപ്പർ ക്വിൻറൻ ഡി കോക്ക് 11 പന്തിൽ 10 റൺസുമായി മടങ്ങിയപ്പോൾ സഹ ഓപ്പണർ റീസ ഹെൻ‌ഡ്രിക്‌സ് 49 പന്തിൽ 43 എടുത്തു. ക്യാപ്റ്റൻ ഏയ്‌ഡൻ മാർക്രം 22 പന്തിൽ 15 ഉം, കൂറ്റനടിക്കാരായ ഹെൻ‌റിച്ച് ക്ലാസൻ 5 പന്തിൽ 3 ഉം, ഡേവിഡ് മില്ലർ 10 പന്തിൽ 7 ഉം റൺസുമായി മടങ്ങിയത് പ്രോട്ടീസിന് തിരിച്ചടിയായി. മാർക്കോ യാൻസനും (4 പന്തിൽ 1), കാഗിസോ റബാഡയ്ക്കും (1 പന്തിൽ 0) ഒന്നും ചെയ്യാനില്ലാതെ വന്നപ്പോൾ 18 പന്തിൽ പുറത്താവാതെ 27* റൺസെടുത്ത ട്രിസ്റ്റൻ സ്റ്റബ്‌സിൻറെ പോരാട്ടമാണ് ദക്ഷിണാഫ്രിക്കയെ നൂറ് റൺസ് കടത്തിയത്. നേപ്പാളിനായി ഏഴ് താരങ്ങൾ പന്തെടുത്തപ്പോൾ കുശാൽ ഭൂർടെൽ നാലോവറിൽ 19 റൺസിന് നാല് വിക്കറ്റും ദീപേന്ദ്ര സിംഗ് 21 റൺസിന് മൂന്ന് വിക്കറ്റുമായും തിളങ്ങി. 

മറുപടി ബാറ്റിംഗിൽ പവർപ്ലേയിൽ വിക്കറ്റ് നഷ്‌ടമില്ലാതെ നേപ്പാൾ 32 റൺസെടുത്തു. എന്നാൽ എട്ടാം ഓവറിൽ മത്സരത്തിലെ തൻറെ ആദ്യ വരവിൽ തംബ്രൈസ് ഷംസി ഇരട്ട വിക്കറ്റുമായി നേപ്പാളിനെ വിറപ്പിച്ചു. 21 പന്തിൽ 13 റൺസ് എടുത്ത ഭൂർടെലിനെയും 2 പന്തിൽ അക്കൗണ്ട് തുറക്കും മുമ്പ് ക്യാപ്റ്റൻ രോഹിത് പൗഡലിനെയും ഷംസി ബൗൾഡാക്കുകയായിരുന്നു. ഇതിന് ശേഷം കാഗിസോ റബാഡയെ അടക്കം പറത്തി മൂന്നാം വിക്കറ്റിൽ വിക്കറ്റ് കീപ്പർ ആസിഫ് ഷെയ്‌ഖും അനിൽ സായും നേപ്പാളിനെ പക്ഷേ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. 24 പന്തുകളിൽ 27 എടുത്ത അനിലിനെ 14-ാം ഓവറിൽ മാർക്രമിൻറെ പന്തിൽ യാൻസൻ ഗംഭീര ക്യാച്ചിൽ മടക്കിയപ്പോൾ നേപ്പാൾ 85 റൺസിലെത്തിയിരുന്നു. ജയിക്കാൻ 17 റൺസ് വേണ്ടപ്പോൾ 18-ാം ഓവറിൽ ദീപേന്ദ്ര സിംഗിനെയും (11 പന്തിൽ 6) ഷംസി പുറത്താക്കിയത് നേപ്പാളിനെ ഞെട്ടിച്ചു. ഒരറ്റത്ത് നിലയുറപ്പിച്ചിരുന്ന ആസിഫിനെ (49 പന്തിൽ 42) ഇതേ ഓവറിൽ മടക്കി ഷംസി നാല് വിക്കറ്റ് തികച്ചു. 

അവസാന ഓവറുകളിലെ സമ്മർദം നേപ്പാളിന് പിന്നീടും അകന്നുനിന്നില്ല. 19-ാം ഓവറിലെ രണ്ടാം പന്തിൽ കുശാൽ മല്ലയെ (3 പന്തിൽ 1) ആൻ‌റിച്ച് നോർക്യ ബൗൺഡാക്കി. എന്നാൽ നോർക്യയെ പിന്നാലെ സിക്‌സറിന് പറത്തി സോംപാൽ കാമി നേപ്പാളിന് പ്രതീക്ഷ നൽകി. അവസാന പന്തിൽ ജയിക്കാൻ രണ്ട് റൺസ് വേണ്ടപ്പോൾ ഗുൽസാൻ ജാ (6 പന്തിൽ 6) റണ്ണൗട്ടായതാണ് നേപ്പാളിന് തോൽവി സമ്മാനിച്ചത്. ഒന്ന് ആഞ്ഞ് ശ്രമിച്ചിരുന്നെങ്കിൽ ജായ്‌ക്ക് ക്രീസിലെത്താമായിരുന്നു. കാമി നാല് ബോളുകളിൽ 8* റൺസുമായി പുറത്താവാതെ നിന്നു. 

 

nepal t20 world cup 2024 south africa