ന്യൂയോർക്ക്: ടി20 ലോകകപ്പിൽ ഇന്ത്യയും യുഎസും ആദ്യമായി നേർക്കുനേർ വന്ന പോരാട്ടത്തില്‍ യുഎസിന് എതിരെ ടീം ഇന്ത്യയ്ക്ക് 111 റൺസിന്റെ വിജയലക്ഷ്യം. ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഓവറിൽ തന്നെ രണ്ട് വിക്കറ്റുകൾ സ്വന്തമാക്കിക്കൊണ്ട് മിന്നും പ്രകടനമാണ് അർഷദീപ് സിങ് പുറത്തെടുത്തത്. സിറാജും മികച്ച പ്രകടനം പുറത്തെടുത്തതോടെ യുഎസ് ബാറ്റർമാർക്ക് ആദ്യ ബൗണ്ടറി നേടാനായത് നാലാം ഓവറിന്റെ അവസാന പന്തിൽ മാത്രം.
പവർപ്ലേയിൽ യുഎസിന് നേടാനായത് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 18 റൺസ് മാത്രം. യുഎസ് ക്യാപ്റ്റനും ഓപ്പണിങ് ബാറ്ററുമായ മോനക് പട്ടേലിന്റെ അഭാവം യുഎസ് ബാറ്റിങ് നിരയെ സാരമായി തന്നെ ബാധിച്ചു. തുടക്കത്തിൽ വലിയ തകർച്ചയിലേക്ക് പോയ യുഎസ് ഇന്നിങ്സിനെ മധ്യ ഓവറുകളിൽ സ്റ്റിവൻ ടെയ്‌ലറും (30 പന്തിൽ 24) നിതീഷ് കുമാറും (23 പന്തിൽ 27) നടത്തിയ ഭേദപ്പെട്ട പ്രകടനമാണ് 100 കടക്കാൻ സഹായിച്ചത്.
എട്ടാം ഓവറില്‍ ഫോമിലുള്ള ആരോണ്‍ ജോണ്‍സിനെ (22 പന്തില്‍ 11) മടക്കി ഹാര്‍ദിക് പാണ്ഡ്യയും യുഎസിനെ പ്രതിരോധത്തിലാക്കി. തുടര്‍ന്ന് ക്രീസില്‍ ഒന്നിച്ച സ്റ്റീവന്‍ ടെയ്‌ലര്‍ - നിതീഷ് കുമാര്‍ സഖ്യം ശ്രദ്ധയോടെ ഇന്നിങ്‌സ് മുന്നോട്ടുനയിച്ചു. 30 പന്തില്‍ നിന്ന് രണ്ട് സിക്‌സടക്കം 24 റണ്‍സെടുത്ത ടെയ്‌ലറെ പുറത്താക്കി അക്ഷര്‍ പട്ടേലാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. എന്നാല്‍ നിതീഷ് പിടിച്ചുനിന്ന് സ്‌കോര്‍ ഉയര്‍ത്തിക്കൊണ്ടിരുന്നു. 23 പന്തില്‍ നിന്ന് ഒരു സിക്‌സും രണ്ട് ഫോറുമടക്കം 27 റണ്‍സെടുത്ത താരത്തെ ഒടുവില്‍ 15-ാം ഓവറില്‍ അര്‍ഷ്ദീപ് മടക്കി. നിതീഷാണ് യുഎസ് ഇന്നിങ്‌സിലെ ടോപ് സ്‌കോറര്‍.
കോറി ആര്‍ഡേഴ്‌സണ്‍ 12 പന്തില്‍ 14 റണ്‍സെടുത്തു. ഹര്‍മീത് സിങ് 10 പന്തില്‍ നിന്ന് 10 റണ്‍സ് നേടി. ഷാഡ്ലി വാന്‍ ഷാല്‍ക്വിക്ക് (11*) പുറത്താകാതെ നിന്നു.നേരത്തേ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ ഇന്ത്യ നിലനിര്‍ത്തി.