ആന്റിഗ്വ: ട്വന്റി 20 ലോകകപ്പിന്റെ പ്രാഥമിക റൗണ്ടിൽ പാകിസ്താനെ അട്ടിമറിച്ചാണ് അമേരിക്ക സൂപ്പർ എട്ടിലേക്ക് മുന്നേറിയത്. ഇപ്പോളിതാ വിജയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പേസ് ബൗളറും പാക് വംശജനുമായ അലി ഖാൻ. അന്നത്തെ മത്സരത്തിൽ താൻ സൂപ്പർ ഓവർ എറിഞ്ഞിരുന്നെങ്കിൽ എല്ലാ പാകിസ്താനികളും തന്നെ വെറുക്കുമായിരുന്നു. ഭാഗ്യംകൊണ്ട് തന്നെ സൂപ്പർ ഓവർ എറിയാൻ വിളിച്ചില്ല. അത് വളരെ നല്ലൊരു തീരുമാനമായിരുന്നു. അല്ലായിരുന്നുവെങ്കിൽ പാകിസ്താനിലേക്കുള്ള തന്റെ പ്രവേശനം പോലും വിലക്കപ്പെടുമായിരുന്നുവെന്നും അലി ഖാൻ പ്രതികരിച്ചു.
അമേരിക്ക മുമ്പ് ഇത്ര വലിയൊരു ടീമിനോട് മത്സരിച്ചിട്ടില്ല. ഒരു ലോകകപ്പിലാണ് അമേരിക്ക പാകിസ്താനെ നേരിടുന്നത്. ബാബർ അസം, മുഹമ്മദ് റിസ്വാൻ, ഫഖർ സമാൻ, ഷഹീൻ അഫ്രീദി പോലുള്ള താരങ്ങൾ അവർക്കൊപ്പമുണ്ട്. ആദ്യ മത്സരം കാനഡയ്ക്കെതിരെ അമേരിക്ക വിജയിച്ചിരുന്നു. എന്നാൽ കാനഡയെ സ്ഥിരമായി അമേരിക്ക നേരിടാറുണ്ടെന്നും അലി ഖാൻ പറഞ്ഞു.
ലോകകപ്പിന് മുമ്പ് ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പര ആത്മവിശ്വാസം നൽകി. ടെസ്റ്റ് കളിക്കുന്ന രാജ്യത്തിനെതിരായ അമേരിക്കയുടെ ആദ്യ പരമ്പര വിജയമാണത്. പാകിസ്താനെ തോൽപ്പിച്ചത് ഏറെ ആത്മവിശ്വാസം നൽകി. ആദ്യ പന്ത് മുതൽ പാക് ടീമിനെതിരെ പദ്ധതികൾ ഉണ്ടായിരുന്നുവെന്നും അലി ഖാൻ വ്യക്തമാക്കി.