ജൂൺ 1 മുതൽ ആരംഭിക്കുന്ന ടി20 ലോകകപ്പിനായി വിരാട് കോഹ്ലി ഒഴികെയുള്ള ഇന്ത്യൻ ടീം അംഗങ്ങൾ ന്യൂയോർക്കിൽ എത്തികഴിഞ്ഞു.ബുധനാഴ്ച ഇന്ത്യയുടെ ആദ്യ പരിശീലന സെഷൻ ന്യൂയോർക്കിലെ കാൻ്റിയാഗ് പാർക്കിൽ ആരംഭിച്ചിരുന്നു.എന്നാൽ പാർക്കിൽ ടീമിന് നൽകിയ സൗകര്യങ്ങളിൽ പരിശീലകൻ രാഹുൽ ദ്രാവിഡും ക്യാപ്റ്റൻ രോഹിത് ശർമ്മയും അതൃപ്തി പ്രകടിപ്പിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്.
ബുധനാഴ്ച നടന്ന പരിശീലനത്തിനായി സജ്ജീകരിച്ച ആറ് ഡ്രോപ്പ്-ഇൻ പിച്ചുകളിൽ മൂന്നെണ്ണം ടീം ഉപയോഗിച്ചിരുന്നു. എന്നാൽ റിപ്പോർട്ട് അനുസരിച്ച് ടീം ഇന്ത്യയ്ക്ക് പരിശീലന സൗകര്യങ്ങൾ നൽകുന്നതിൽ ഐസിസി എടുത്ത നടപടികളിൽ ടീം സന്തുഷ്ടരല്ലെന്നും അവർ ആശങ്കകൾ അറിയിച്ചതായും പറയുന്നു.ഭക്ഷണത്തിനുള്ള ക്രമീകരണങ്ങളിലും ടീം അസംതൃപ്തരായാതായും ബിസിസിഐയെ ഇക്കാര്യം അറിയിച്ചതായും റിപ്പോർട്ടുണ്ട്..
“ പിച്ചുകൾ മുതൽ മറ്റ് സൗകര്യങ്ങൾ വരെ എല്ലാം താൽക്കാലികമാണ്.ടീം അവരുടെ ആശങ്കകൾ ഉന്നയിച്ചിട്ടുണ്ട്,” ബിസിസിഐയുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു.എന്നാൽ ഒരു ടീമും കാന്തിയാഗ് പാർക്കിലെ പരിശീലന സൗകര്യങ്ങളെക്കുറിച്ച് പരാതിയോ ആശങ്കയോ പ്രകടിപ്പിച്ചിട്ടില്ലെന്നാണ് ഇൻ്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) പ്രതികരണം.
അയർലൻഡ്, പാകിസ്ഥാൻ, സഹ-ആതിഥേയരായ യുഎസ്എ - കാനഡക്കെതിരായ അവരുടെ അവസാന മത്സരത്തിനായി ഫ്ലോറിഡിലേക്ക് മാറുന്നതിന് മുമ്പ് ജൂൺ 9 ന് പാക്കിസ്ഥാനെതിരെ ഉൾപ്പെടെ ന്യൂയോർക്കിൽ ഗ്രൂപ്പ് എയിലെ ആദ്യ മൂന്ന് മത്സരങ്ങളാണ് ടീം ഇന്ത്യ കളിക്കുന്നത്.അതിനാൽ ന്യൂയോർക്കിലെ താൽക്കാലിക വേദി അവരുടെ പ്രാഥമിക പരിശീലന ഗ്രൗണ്ടായി തുടരുമെന്നതാണ് ഇന്ത്യൻ ടീമിൻ്റെ പ്രധാന ആശങ്ക.
നാസൗ കൗണ്ടി ഇൻ്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിന് സ്വന്തമായി പരിശീലന ഗ്രൗണ്ട് ഇല്ല. അതിനാൽ ഐസിസി ക്യാൻ്റിയാഗ് പാർക്കിനെ ടീമുകളുടെ ഔദ്യോഗിക പരിശീലന വേദിയാക്കി മാറ്റിയിരിക്കുന്നത്.അതെസമയം ജൂൺ അഞ്ചിന് ന്യൂയോർക്കിലെ നാസൗ കൗണ്ടി ഇൻ്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ അയർലൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.ഓപ്പണറിന് മുന്നോടിയായി ബംഗ്ലാദേശിനെതിരെ വേദിയിൽ സന്നാഹ മത്സരം കളിക്കും.