ത്രില്ലർ പോരിൽ ബംഗ്ലാദേശിനെ മറികടന്ന് ടി20 ലോകകപ്പിന്റെ സെമി ഫൈനലിൽ പ്രവേശിച്ചിരിക്കുകയാണ് അഫ്ഗാനിസ്ഥാൻ. ചരിത്രവിജയത്തോടെയാണ് ടീം സെമി ഫൈനലിന് യോഗ്യത നേടിയത്.അഫ്ഗാനിസ്ഥാൻ സെമി ഫൈനലിന് യോഗ്യത നേടിയതിന് പിന്നാലെ ഇന്ത്യക്ക് നന്ദി പറഞ്ഞ് താലിബാൻ ഭരണകൂടം രംഗത്തെത്തിയിരുന്നു. താലിബാന്റെ പൊളിറ്റിക്കൽ ഓഫീസ് തലവൻ സുഹൈൽ ഷാഹീനാണ് ഇന്ത്യക്ക് നന്ദി അറിയിച്ചത്.തുടർച്ചയായി അഫ്ഗാൻ ക്രിക്കറ്റിനെ പിന്തുണയ്‌ക്കുന്നതിന് നന്ദിയുണ്ടെന്നും നിങ്ങളുടെ സഹായം അഭിനന്ദാർഹമാണെന്നും അദ്ദേഹം പറഞ്ഞു.ഇതിന് വ്യക്തമായ കാരണമുണ്ട്.
ക്രിക്കറ്റിൽ അഫ്ഗാനിസ്ഥാന്റെ വളർച്ചയിൽ ഒരു പങ്ക് ഇന്ത്യക്കുമുണ്ട്.അഫ്ഗാനിസ്ഥാന്റെ രാഷ്‌ട്രീയ സാഹചര്യങ്ങളിൽ ടീമിന് ഹോം ഗ്രൗണ്ടിനായി മറ്റുപല രാജ്യങ്ങളെയും ആശ്രയിക്കേണ്ടി വന്നിട്ടുണ്ട്. അഫ്ഗാനിസ്ഥാൻ ടീമിനെ ചേർത്ത് നിർത്തിയ രാജ്യങ്ങളിലൊന്ന് ഇന്ത്യയായിരുന്നു. അതുകൊണ്ട് തന്നെ ടീമിന്റെ വിജയത്തിന് പിന്നിലെ ഇന്ത്യയുടെയും ബിസിസിഐയുടെയും പങ്ക് എടുത്ത് പറയേണ്ടതാണ്. 2014-ൽ കാണ്ഡഹാറിൽ ക്രിക്കറ്റ് സ്റ്റേഡിയം പണിയുന്നതിനായി കേന്ദ്രസർക്കാർ 6.3 കോടി നൽകി അഫ്ഗാന് പിന്തുണ നൽകിയിരുന്നു.
2015-ൽ ഗ്രേറ്റർ നോയിഡയിലെ ഷഹീദ് വിജയ് സിംഗ് പതിക് സ്പോർട്സ് കോംപ്ലക്സ് അഫ്ഗാനിസ്ഥാന്റെ താത്കാലിക ‘ഹോം ഗ്രൗണ്ട്’ ആയി. ഷാർജയിൽ നിന്നാണ് നോയിഡയിലേക്ക് അഫ്ഗാൻ ടീമെത്തിയത്. 2020 മാർച്ചിലാണ് അവസാനമായി സ്റ്റേഡിയത്തിൽ അഫ്ഗാന്റെ അവസാന അന്താരാഷ്‌ട്ര മത്സരം നടന്നത്. ജൂലൈയിൽ ബംഗ്ലാദേശിനെതിരെ നടക്കുന്ന ടി20, ഏകദിന പരമ്പരകൾക്കും നോയിഡയാണ് വേദിയാകുക. ഡെറാഡൂൺ, നോയിഡ, ലക്‌നൗ എന്നി സ്‌റ്റേഡിയങ്ങളാണ് ഇന്ത്യയിലെ അഫ്ഗാന്റെ ഹോം ഗ്രൗണ്ടുകൾ.
മാത്രമല്ല ടൂർണമെന്റുകളിൽ മികച്ച പ്രകടനം കാഴ്ച വയ്‌ക്കാനായി അഫ്ഗാൻ ടീമിനെ പരിശീലിപ്പിക്കാനായി മുൻ ഇന്ത്യൻ താരങ്ങളുണ്ടായിരുന്നു. ലാൽചന്ദ് രാജ്പുത്, മനോജ് പ്രഭാകർ , അജയ് ജഡേജ തുടങ്ങിയവരായിരുന്നു ടീമിനെ പരിശീലിപ്പിച്ചിരുന്നത്. 2023-ലെ ഏകദിന ലോകകപ്പിൽ അജയ് ജഡേജയായിരുന്നു അഫ്ഗാൻ ടീമിന്റെ മെന്റർ. 2018-ൽ ബെംഗളൂരുവിൽ നടന്ന ഇന്ത്യ- അഫ്ഗാൻ മത്സരം കാണുന്നതിനായി അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് അഷ്റഫ് ഗനിയെ ബിസിസിഐ ക്ഷണിച്ചിരുന്നു.
ടൂർണമെന്റുകളിൽ അഫ്ഗാനിസ്ഥാൻ താരങ്ങളുടെ പ്രകടനം മികവുറ്റതാക്കാൻ ഐപിഎൽ സഹായകരമായി. വൻ പ്രതിഫലം നൽകിയാണ് അഫ്ഗാൻ താരങ്ങളെ ഫ്രാഞ്ചെസികൾ ടീമിലെടുക്കുന്നത്. വർഷത്തോറും ഐപിഎല്ലിൽ പങ്കെടുക്കുന്ന അഫ്ഗാൻ താരങ്ങളുടെ എണ്ണവും വർദ്ധിക്കുന്നു.