ടി20 ലോകകപ്പിൽ പല അട്ടിമറി വിജയ പരാജയങ്ങൾക്കാണ് ക്രിക്കറ്റ് ആരാധകർ സാക്ഷ്യം വഹിക്കുന്നത്.പലപ്പോഴും ടീമുകളുടേയും താരങ്ങളുടെയും മത്സരങ്ങളിലെ ചില മുഹൂർത്തങ്ങൾ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വലിയ ചർച്ചയാകാറുണ്ട്.അത്തരത്തിലൊന്നായിരുന്നു കഴിഞ്ഞ ദിവസത്തെ അഫ്ഗാനിസ്ഥാൻ- ബംഗ്ലാദേശ് മത്സരവും.
കാവിലെ പാട്ടു മത്സരത്തിന് കാണാം എന്ന് പറയാൻ അഫ്ഗാനിസ്ഥാൻ തയ്യാറായിരുന്നില്ല. സൂപ്പർ 8-ലെ ബംഗ്ലാദേശിനെതിരായ മത്സരത്തിന്റെ ഗതി മഴ നിർണയിക്കുമെന്ന അവസ്ഥ. ഡെക്ക് വെർത്ത് ലൂയീസ് നിയമപ്രകാരം പാർ സ്‌കോറിൽ 2 റൺസിന് ബംഗ്ലാദേശ് പിന്നിൽ നിൽക്കുമ്പോഴായാണ് ക്രീസിൽ കൗതുകകരമായ ഒരു സംഭവം അരങ്ങേറിയത്. 83 റൺസായിരുന്നു പാർ സ്‌കോർ.
നൂർ അഹമ്മദ് പന്തെറിയാനെത്തിയ 12-ാം ഓവറിൽ സ്‌റ്റേഡിയത്തിൽ ചെറുതായി മഴ പെയ്യാൻ തുടങ്ങിയിരുന്നു.ബൗണ്ടറി നേടിയാൽ പാർ സ്‌കോറിൽ ബംഗ്ലാദേശ് മുന്നിലെത്തും.ഒരുപക്ഷേ അഫ്ഗാന്റെ സെമി മോഹങ്ങളും വെള്ളത്തിലാകുമായിരുന്നു. മത്സരം വൈകിപ്പിച്ച് തങ്ങൾക്ക് അനുകൂലമാക്കാനായി അഫ്ഗാൻ പരിശീലകൻ ജോനാഥൻ ട്രോട്ട് ആംഗ്യ ഭാഷയിലൂടെ ഗുൽബദീൻ നായിബിന് നിർദ്ദേശം നൽകി.
പരിശീലകൻ ഉദ്ദേശിച്ചത് വ്യക്തമായ താരം പെട്ടെന്ന് തന്നെ പരിക്കുണ്ടെന്ന് പറഞ്ഞ് മൈതാനത്ത് കിടന്നു.ഡെക്ക് വെർത്ത് ലൂയീസ് നിയമപ്രകാരം ബംഗ്ലാദേശ് മുന്നിലെത്താതിരിക്കാൻ വേണ്ടി മനപൂർവ്വം മത്സരം വൈകിപ്പിച്ചതെന്നായിരുന്നു ആരോപണം.
സമൂഹമാദ്ധ്യമങ്ങളിൽ ഇതിന്റെ വീഡിയോയും ഹാസ്യരൂപേണയുള്ള ട്രോളുകളായും പ്രചരിക്കുന്നുണ്ട്. മുഹമ്മദ് റിസ്വാനെ കടത്തി വെട്ടുന്ന അഭിനയം, ഓസ്‌കാറിന് അർഹൻ തുടങ്ങിയ കമന്റുകളാണ് വീഡിയോയ്‌ക്ക് താഴെ വരുന്നത്. അഫ്ഗാൻ ചരിത്ര വിജയം സ്വന്തമാക്കിയതിന് പിന്നാലെ വിജയാഘോഷത്തിൽ പങ്കെടുക്കാനായി ഓടിയ നായിബിന്റെ വീഡിയോയും വൈറലാണ്.