ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്കായി ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കയിലെത്തി. മലയാളി താരം സഞ്ജു സാംസണ് ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ സംഘമാണ് ഇന്ന് ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ വിമാനമിറങ്ങിയത്.
വെള്ളിയാഴ്ചയാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള നാലു മത്സര ടി20 പരമ്പരക്ക് തുടക്കമാകുന്നത്. ശ്രീലങ്കക്കെതിരായ ടി20 പരമ്പര 3-0ന് സ്വന്തമാക്കിയശേഷമാണ് ഇന്ത്യ ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്കിറങ്ങുന്നത്. ജൂണില്‍ ടി20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ഇന്ത്യ കീരിടം നേടിയശേഷം ആദ്യമായാണ് ഇരു ടീമുകളും മുഖാമുഖം വരുന്നത്.
എന്നാല്‍ ടി20 ലോകകപ്പ് ഫൈനലില്‍ കളിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി, രവീന്ദ്ര ജഡേജ എന്നിവര്‍ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിനാല്‍ യുവതാരങ്ങളുമായാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയിലെത്തിയിരിക്കുന്നത്. ടെസ്റ്റ് പരമ്പരക്കായി ഓസ്ട്രേലിയയിലേക്ക് പോകുന്നതിനാല്‍ ലോകകപ്പില്‍ കളിച്ച യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, ജസ്പ്രീത് ബുമ്ര എന്നിവരും ഇന്ത്യന്‍ ടീമിനൊപ്പമില്ല. ലോകകപ്പ് ഫൈനലില്‍ കളിച്ച ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, ഹാര്‍ദ്ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍ എന്നിവരാണ് ടീമിലുള്ളത്.
സീനീയര്‍ താരങ്ങളുടെ അഭാവത്തില്‍ രമണ്‍ദീപ് സിംഗ്, വിജയ്കുമാര്‍ വൈശാഖ്, യാഷ് ദയാല്‍ എന്നിവര്‍ക്ക് ടീമിലിടം ലഭിച്ചു. കഴിഞ്ഞ വര്‍ഷം നടന്ന ടി20 പരമ്പരയില്‍ ഇരു ടീമും ഓരോ മത്സരങ്ങള്‍ ജയിച്ച് തുല്യത പാലിച്ചിരുന്നു. 2017-18ലാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ അവസാനമായി ടി20 പരമ്പര(2-1) ജയിച്ചത്.
ഇന്ത്യ സ്ക്വാഡ്: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ്മ, സഞ്ജു സാംസണ്, റിങ്കു സിംഗ്, തിലക് വര്‍മ്മ, ജിതേഷ് ശര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, രമണ്‍ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്ണോയ്, അര്‍ഷ്ദീപ് സിംഗ്, വിജയ്കുമാര്‍ വൈശാഖ്, അവേഷ് ഖാന് , യാഷ് ദയാല്‍.
ദക്ഷിണാഫ്രിക്ക സ്ക്വാഡ്: ഏയ്ഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), ഒട്ട്നീല്‍ ബാര്ട്ട്മാന്, ജെറാള്‍ഡ് കോട്സി, ഡൊണോവന്‍ ഫെരേര, റീസ ഹെന്‍ഡ്റിക്സ്, മാര്‍ക്കോ യാന്സെന്, ഹെന്റിച്ച് ക്ലാസന്, പാട്രിക് ക്രൂഗര്‍, കേശവ് മഹാരാജ്, ഡേവിഡ് മില്ലര്‍, മിഹാലില്‍ പോങ്വാന, കാബ പീറ്റര്‍, ആന്‍ഡൈല്‍ സെനെലൈന്‍, റിയാന്‍ റിക്കിള്ടണ്, ലൂഥോ സിപാമ്ല, ട്രിസ്റ്റന്‍ സ്റ്റബ്സ്.