ടി20 റാങ്കിങ്: തിലക് വര്‍മയ്ക്ക് വന്‍ മുന്നേറ്റം; മൂന്നാമത്

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ രണ്ടു സെഞ്ചുറി ഉള്‍പ്പെടെയുള്ള മികച്ച പെര്‍ഫോമന്‍സിനെത്തുടര്‍ന്ന് 69 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി മൂന്നാംസ്ഥാനത്താണ് തിലക്.

author-image
Prana
New Update
TILAK VARMA

ഐ.സി.സി. പുരുഷ ടി20 ബാറ്റര്‍മാരുടെ ഏറ്റവും പുതിയ റാങ്കിങ്ങില്‍ കുതിച്ചുചാട്ടം നടത്തി ഇന്ത്യന്‍ യുവ ബാറ്റര്‍ തിലക് വര്‍മ. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ രണ്ടു സെഞ്ചുറി ഉള്‍പ്പെടെയുള്ള മികച്ച പെര്‍ഫോമന്‍സിനെത്തുടര്‍ന്ന് 69 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി മൂന്നാംസ്ഥാനത്താണ് തിലക്. ഇന്ത്യന്‍ ബാറ്റര്‍മാരില്‍ ഏറ്റവും ഉയര്‍ന്ന റാങ്കിങ്ങും തിലകിന്റേതുതന്നെ. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനെ നാലാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് തിലക് വര്‍മ മൂന്നാമതെത്തിയത്. ആസ്‌ട്രേലിയയുടെ ട്രാവിസ് ഹെഡ്, ഇംഗ്ലണ്ടിന്റെ ഫില്‍ സാള്‍ട്ട് എന്നിവരാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. 
ടി20 റാങ്കിങ് ചരിത്രത്തില്‍ ആദ്യമായാണ് തിലക് ആദ്യ പത്തിനുള്ളിലെത്തുന്നത്. ഈമാസം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20യില്‍ രണ്ട് സെഞ്ചുറികള്‍ ഉള്‍പ്പെടെ 280 റണ്‍സ് നേടിയതിനെത്തുടര്‍ന്നാണ് തിലകിന്റെ റാങ്കിങ്ങിലെ ഈ മുന്നേറ്റം. ഇന്ത്യ 3-1ന് ജയിച്ച പരമ്പരയിലെ താരം തിലകായിരുന്നു. 
അതേസമയം ബാറ്റിങ് റാങ്കിങ്ങില്‍ ഒന്നാമതായിരുന്ന സൂര്യകുമാര്‍ യാദവ് നാലാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മലയാളി താരം സഞ്ജു സാംസണും റാങ്കിങ് മെച്ചപ്പെടുത്തി. പരമ്പരയില്‍ രണ്ട് സെഞ്ചുറികള്‍ നേടിയ താരം 17 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 22-ാം സ്ഥാനത്തെത്തി. അവസാന അഞ്ച് ടി20കളില്‍നിന്നായി മൂന്ന് സെഞ്ചുറികളുണ്ട് സഞ്ജുവിന്. യശസ്വി ജയ്‌സ്വാളാണ് റാങ്കിങ്ങില്‍ എട്ടാമത്. ഗെയ്ക്‌വാദ് പതിനഞ്ചാമതുമാണ്. ഓള്‍റൗണ്ടര്‍മാരില്‍ ഇന്ത്യയുടെ ഹാര്‍ദിക് പാണ്ഡ്യ ഒന്നാംസ്ഥാനം നിലനിര്‍ത്തി. ബൗളര്‍മാരില്‍ ഇംഗ്ലണ്ടിന്റെ ആദില്‍ റാഷിദ് ഒന്നാമതും ശ്രീലങ്കയുടെ വാനിന്ദു ഹസരങ്ക രണ്ടാമതുമാണ്. എട്ടാമതുള്ള രവി ബിഷ്‌ണോയ് ആണ് ഇന്ത്യക്കാരില്‍ മുന്നില്‍. അര്‍ഷ്ദീപ് സിങ് ഒന്‍പതാമതുണ്ട്.

 

SuryakumarYadav t20 Sanju Samson tilak verma ICC Ranking