ഗ്വാളിയർ: ഇന്ത്യൻ താരങ്ങളുടെ പോരാട്ടച്ചൂടിൽ ബംഗ്ലാദേശിന്റെ ബാറ്റർമാർ നിരനിരയായി വീണു. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങിയ ഇന്ത്യ ഒന്നാം ട്വന്റി 20 ക്രിക്കറ്റിൽ 49 പന്തുകൾ ബാക്കിനിൽക്കേ ഏഴുവിക്കറ്റിന് ജയിച്ചു. സ്‌കോർ: ബംഗ്ലാദേശ് 19.5 ഓവറിൽ 127-ന് പുറത്ത്. ഇന്ത്യ 11.5 ഓവറിൽ മൂന്നിന് 132.
ഓപ്പണറായി ഇറങ്ങിയ മലയാളി താരം സഞ്ജു സാംസൺ (19 പന്തിൽ 29), അഭിഷേക് ശർമ (ഏഴുപന്തിൽ 16), ക്യാപ്റ്റൻ സൂര്യകുമാർ യാദവ് (14 പന്തിൽ 29) എന്നിവർ നല്ല തുടക്കം നൽകിയപ്പോൾ ഹാർദിക് പാണ്ഡ്യ (16 പന്തിൽ 39*), അരങ്ങേറ്റ മത്സരത്തിനിറങ്ങിയ നിതീഷ് കുമാർ റെഡ്ഡി (16*) എന്നിവർ ചേർന്ന് ജയം പൂർത്തിയാക്കി.
ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തിരഞ്ഞെടുത്തു. .പേസ് ബൗളർ മായങ്ക് യാദവും ഇന്ത്യയ്ക്കുവേണ്ടി അരങ്ങേറ്റംകുറിച്ചു ബൗളർമാരാണ് അനായാസ ജയത്തിലേക്ക് വഴിതെളിച്ചത് . അർഷ്ദീപ് സിങ് 3.5 ഓവറിൽ 14 റൺസിന് മൂന്നുവിക്കറ്റ് നേടിയപ്പോൾ ഇടവേളയ്ക്കുശേഷം ഇന്ത്യൻ ജേഴ്‌സിയണിഞ്ഞ സ്പിന്നർ വരുൺ ചക്രവർത്തി 31 റൺസിന് മൂന്നുവിക്കറ്റ് നേടി. ഹാർദിക് പാണ്ഡ്യ, മായങ്ക് യാദവ്, വാഷിങ്ടൺ സുന്ദർ എന്നിവർ ഓരോ വിക്കറ്റ് നേടി. ഓപ്പണർമാരായ ലിട്ടൺ ദാസ് (4), പർവേസ് ഹൊസൈൻ (8) എന്നിവരെ തന്റെ ആദ്യ രണ്ട് ഓവറുകളിൽ അർഷ്ദീപ് സിങ് പുറത്താക്കിയതോടെതന്നെ കളിയുടെ ദിശ നിർണയിക്കപ്പെട്ടിരുന്നു.
ആദ്യ ഓവറിൽ രണ്ടു ഫോറും ഒരു സിക്സും ഉൾപ്പെടെ 15 റൺസ് വഴങ്ങിയ വരുൺ ചക്രവർത്തിയും പിന്നീട് കണിശക്കാരനായി. മായങ്ക് അഗർവാൾ മെയ്ഡൻ ഓവറോടെയാണ് അരങ്ങേറ്റംകുറിച്ചത്. 10 ഓവറിൽ അഞ്ചുവിക്കറ്റിന് 64 എന്നനിലയിലായിരുന്ന ബംഗ്ലാദേശ് പിന്നീട് സ്‌കോറിങ്ങിന് വേഗം കൂട്ടിയെങ്കിലും പതിനെട്ടാം ഓവറിൽ ടസ്കിൻ അഹമ്മദ് (12) റൺഔട്ട് ആവുകയും ഷൊരീഫുൾ ഇസ്‌ലാമിനെ ഹാർദിക് പാണ്ഡ്യ ക്ലീൻ ബൗൾഡാക്കുകയുംചെയ്തതോടെ പാടേ തകർന്നു. ഏഴാമനായി ഇറങ്ങിയ മെഹ്ദി ഹസൻ മിറാസ് (32 പന്തിൽ 35*), നജ്മുൽ ഹൊസൈൻ ഷാന്റോ (27) എന്നിവരാണ് പ്രധാന സ്കോറർമാർ.