സെന്റ് ലൂസിയ: ടി20 ലോകകപ്പ് സൂപ്പര്‍ എട്ട് മത്സരത്തില്‍ ദക്ഷിണാഫ്രിക്കകെതിരെ ഇംഗ്ലണ്ടിന് 164 റണ്‍സ് വിജയലക്ഷ്യം . ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക ഓപ്പണര്‍ ക്വിന്റണ്‍ ഡിക്കോക്കിന്റെ അര്‍ധ സെഞ്ചുറി മികവില്‍ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുത്തു.
ഓപ്പണിങ് വിക്കറ്റില്‍ റീസ ഹെന്‍ഡ്രിക്സിനെ അടിച്ചുതകര്‍ത്ത ഡിക്കോക്ക് പ്രോട്ടീസിന് മികച്ച തുടക്കം നൽകി. പ്രതീക്ഷിച്ച പ്രകടനംകാഴ്ച വെക്കാൻ സാധിക്കാതിരുന്ന റീസ 25 പന്തില്‍ നിന്ന് 19 റണ്‍സെടുത്ത് പുറത്തായി. ഓപ്പണിങ് വിക്കറ്റില്‍ 59 പന്തില്‍ 86 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്.
പിന്നാലെ 38 പന്തില്‍ നിന്ന് നാലു വീതം സിക്സും ഫോറുമടക്കം 65 റണ്‍സെടുത്ത ഡിക്കോക്കും കൂടാരം കയറി. പിന്നാലെ ടി20 സ്പെഷ്യലിസ്റ്റ് ഹെയ്ന് റിച്ച് ക്ലാസന് (13 പന്തില്‍ 8) റണ്ണൗട്ടായതും ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായി.
തുടര്‍ന്ന് 28 പന്തില്‍ നിന്ന് രണ്ട് സിക്സും നാല് ഫോറുമടക്കം 43 റണ്‍സെടുത്ത ഡേവിഡ് മില്ലറുടെ ഇന്നിങ്സാണ് പ്രോട്ടീസ് സ്കോര്‍ 150 കടത്തിയത്. ക്യാപ്റ്റന്‍ ഏയ്ഡന്‍ മാര്‍ക്രവും (1) നിരാശപ്പെടുത്തിയതോടെ ദക്ഷിണാഫ്രിക്കയുടെ റണ്ണൊഴുക്ക് നിലച്ചു. ഇംഗ്ലണ്ടിനായി ജോഫ്ര ആര്‍ച്ചര്‍ മൂന്നു വിക്കറ്റ് പിഴുതു.