ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ അയര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ ഇന്ത്യക്ക് 97 റണ്‍സിന്റെ നിസ്സാര വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ അയര്‍ലന്‍ഡിനെ ഇന്ത്യന്‍ പേസര്‍മാര്‍ കുരുക്കിലാക്കുകയായിരുന്നു. ഹാര്‍ദിക് പാണ്ഡ്യ മൂന്നും ജസ്പ്രിത് ബുമ്ര, അര്‍ഷ്ദീപ് സിംഗ് രണ്ടും വിക്കറ്റുകള്‍ പിഴുതപ്പോൾ അയര്‍ലന്‍ഡ് 16 ഓവറില്‍ കൂടാരം കയറി. നേരത്തെ, മലയാളി താരം സഞ്ജു സാംസണ്‍ ഇല്ലാതെയാണ് ഇന്ത്യ അയര്‍ലന്‍ഡിനെതിരെ ഇറങ്ങിയത്.
ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ അര്‍ഷ്ദീപ് എറിഞ്ഞ മൂന്നാം ഓവറില്‍ തന്നെ അയര്‍ലന്‍ഡിന് പോള്‍ സ്‌റ്റെര്‍ലിംഗ് (2), ആന്‍ഡ്ര്യൂ ബാല്‍ബിര്‍നി (5) എന്നിവരുടെ വിക്കറ്റുകള്‍ വീണു. ഏഴാം ഓവറിലെ അവസാന പന്തില്‍ ലോര്‍കന്‍ ടക്കറേയും (10) അയര്‍ലന്‍ഡിന് നഷ്ടമായി. ഹാരി ടെക്ടര്‍ (4), ക്വേര്‍ടിസ് കാംഫര്‍ (12), ജോര്‍ജ് ഡോക്ക്‌റെല്‍ (3), ബാരി മക്കാര്‍ത്തി (0), മാര്‍ക് അഡെയ്ര്‍ (3) എന്നിവര്‍ക്കൊന്നും ചുവടുറപ്പിക്കാൻ സാധിച്ചില്ല.
ജോഷ്വ ലിറ്റില്‍ (14), ബെഞ്ചമിന്‍ വൈറ്റ് (1) എന്നിവരെ ഒപ്പം കൂട്ടി ഗരെത് ഡെലാനി (27) നടത്തിയ പ്രകടനമാണ് അയര്‍ലന്‍ഡിന് അല്‍പമെങ്കിലും ആശ്വാസമായത്. ഡെലാനി തന്നെയാണ് ടോപ് സ്‌കോറര്‍. റണ്ണൗട്ടായിരുന്നില്ലെങ്കില്‍ 100നപ്പുറമുള്ള സ്‌കോര്‍ അയര്‍ലന്‍ഡിന് നേടിയെടുക്കാമായിരുന്നു. അര്‍ഷ്ദീപ് നാല് ഓവറില്‍ 35 റണ്‍സ് വിട്ടുകൊടുത്തു. ബുമ്ര മൂന്ന് ഓവറില്‍ ആറ് റണ്‍സ് മാത്രമാണ് വഴങ്ങിയത്. ഹാര്‍ദിക് നാല് ഓവറില്‍ 27 റണ്‍സ് വഴങ്ങി.