ലണ്ടന്‍: വിഖ്യാത സ്വീഡിഷ് ഫുട്‌ബോള്‍ പരിശീലകനും ഇംഗ്ലണ്ടിന്റെ ആദ്യത്തെ വിദേശ കോച്ചുമായിരുന്ന സ്വെന്‍-ഗോറന്‍ എറിക്‌സണ്‍ അന്തരിച്ചു. 76 വയസ്സായിരുന്നു. അര്‍ബുദ ബാധയെത്തുടര്‍ന്ന് ദീര്‍ഘകാലം ചികിത്സയിലായിരുന്നു. വീട്ടിൽവെച്ച് തിങ്കളാഴ്ച രാവിലെയാണ് മരണമെന്ന് ഏജന്റ് ബൊ ഗുസ്താവ്‌സണ്‍ അറിയിച്ചു.
ഈവര്‍ഷം ജനുവരിയിലാണ് തനിക്ക് അര്‍ബുദബാധയുള്ള കാര്യം എറിക്‌സണ്‍ പ്രഖ്യാപിച്ചത്. തുടര്‍ന്ന് മാസങ്ങളായി അര്‍ബുദ ചികിത്സയിലായിരുന്നു. സ്വീഡനിലെ കാള്‍സ്റ്റഡ് ക്ലബ്ബിനെയാണ് അവസാനമായി പരിശീലിപ്പിച്ചത്. ആരോഗ്യപരമായ കാരണങ്ങളാല്‍ 2023-ല്‍ കാള്‍സ്റ്റഡില്‍നിന്ന് പിരിഞ്ഞു .
മാഞ്ചെസ്റ്റര്‍ സിറ്റി, ലെസ്റ്റര്‍ സിറ്റി, റോമ പോലുള്ള വന്‍ ക്ലബ്ബുകളുടെയടക്കം 12 ക്ലബ്ബുകളുടെ പരിശീലകനായിട്ടുണ്ട്. ഇംഗ്ലണ്ട് ടീമിന്റെ ആദ്യ വിദേശ പരിശീലകനുമാണ്. 2001 മുതല്‍ 2006 വരെയുള്ള അഞ്ചുവര്‍ഷക്കാലം ഇംഗ്ലണ്ട് ടീമിനെ പരിശീലിപ്പിച്ചു. 2002, 2006 ലോകകപ്പുകളില്‍ ഇംഗ്ലണ്ടിനെ ക്വാര്‍ട്ടറിലെത്തിക്കാനും അദ്ദേഹത്തിനായി. പല ടീമുകള്‍ക്കായി 18 കിരീടങ്ങള്‍ നേടിക്കൊടുത്തു. 27-ാം വയസ്സില്‍ കളി നിര്‍ത്തിയ അദ്ദേഹം തുടര്‍ന്ന് പരിശീലകനായി തുടര്‍ന്നു. ലാസിയോ, ബെന്‍ഫിക്ക, ഡഗര്‍ഫോര്‍സ്, ഫിയോറന്റിന തുടങ്ങിയവയെയും അദ്ദേഹം പരിശീലിപ്പിച്ചു.