ഇന്ത്യൻ ടി20 ടീമിന്റെ ക്യാപ്റ്റനായി സൂര്യകുമാർ യാദവിനെ നിയമിക്കുമെന്ന് റിപ്പോർട്ട്. ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയത്തിന് ശേഷം, ക്യാപ്റ്റൻ രോഹിത് ശർമ്മ , വിരാട് കോലി , രവീന്ദ്ര ജഡേജ എന്നിവർ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരുന്നു.ക്യാപ്റ്റനായിരുന്ന രോഹിത് ശർമ്മ സ്ഥാനം ഒഴിഞ്ഞതോടെ ഹാർദിക്കിനെ പുതിയ ക്യാപ്റ്റനായി തിരഞ്ഞെടുക്കുമെന്നായിരുന്നു പ്രതീക്ഷ.എന്നാൽ ശ്രീലങ്കൻ പരമ്പരയ്‌ക്ക് മുന്നോടിയായി ഗൗതം ഗംഭീർ മുഖ്യ പരിശീലകനായി ചുമതലയേറ്റതോടെയാണ് സൂര്യകുമാറിനെയാണ് നായകസ്ഥാനത്തേക്ക് പരിഗണിക്കുന്നത്.
ഫിറ്റ്‌നസ് പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹാർദിക്കിനു പകരം സൂര്യയെ അടുത്ത ടി20 ലോകകപ്പ് വരെ നായകസ്ഥാനമേൽപ്പിക്കാൻ ബിസിസിഐ ആലോചിക്കുന്നത്.പരിക്കുമൂലം കഴിഞ്ഞ വർഷം നിരവധി മത്സരങ്ങൾ ഹാർദിക്കിന് നഷ്ടമായിരുന്നു. നേരത്തേ ഹാർദിക് ടി20 ടീമിന്റെ ക്യാപ്റ്റനായിരുന്നപ്പോൾ വൈസ് ക്യാപ്റ്റൻ കൂടിയായിരുന്നു അദ്ദേഹം. രണ്ടു ടി20 പരമ്പരകളിൽ സൂര്യ ഇന്ത്യയെ നയിക്കുകയും ഇവയിൽ ടീം വിജയിക്കുകയും ചെയ്തിട്ടുണ്ട്. കരുത്തരായ ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക എന്നിവർക്കെതിരായ പരമ്പരകളിലാണ് സൂര്യക്കു കീഴിൽ ഇന്ത്യ ജയിച്ചുകയറിയത്.
കഴിഞ്ഞ മാസം വെസ്റ്റ് ഇൻഡീസിൽ ഇന്ത്യ നേടിയ ലോകകപ്പ് വിജയത്തിനു പിന്നാലെയാണ് രോഹിത് ശർമ്മ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിട പറഞ്ഞത്.പിന്നാലെ ക്യാപ്റ്റൻ സ്ഥാനവും ഒഴിഞ്ഞു.ലോകകപ്പ് വിജയത്തിന് കാരണക്കാരിൽ ഒരാളായ ഹർദിക് പാണ്ഡ്യയാണ് പുതിയ നായകനെന്ന് കരുതിയിരുന്ന ആരാധകർ ഇപ്പോൾ നിരാശരാണ്.പുതിയ കോച്ച് ഗൗതം ഗംഭീറിന്റെ ഇടപെടലാണ് ഹാർദിക്കിനു പകരം സൂര്യ ക്യാപ്റ്റനായി വരുന്നതിന്റെ പിന്നിലെന്നാണ് ആരാധകർ സോഷ്യൽ മീഡിയയിൽ ആരോപിക്കുന്നത്. ടി20യിൽ ഹാർദിക് സ്ഥിരം ക്യാപ്റ്റനായാൽ ടീമിനു മേൽ ഗംഭീറിന്റെ ഏകാധിപത്യം നടക്കില്ലെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.
ഹാർദിക് പാണ്ഡ്യ വളരെയധികം തന്റേടവും വ്യക്തിത്വവുമുള്ള ക്രിക്കറ്ററാണ്. അതുകൊണ്ട് തന്നെ അദ്ദേഹം ഇന്ത്യൻ ടി20 ടീമിന്റെ നായകസ്ഥാനത്തേക്കു വന്നാൽ അതു ഗൗതം ഗംഭീറിനു വലിയ ക്ഷീണമായി മാറും. ഹാർദിക്കിന്റെ വ്യക്തിപ്രഭാവവും ശക്തമായ നിലപാടുകളും കാരണം ഗംഭീറിനു ടീമിനു മേൽ ആധിപത്യം നേടാനും വൺമാൻ ഷോ കാണിക്കാനും പറ്റില്ല. അതുകൊണ്ടാണ് വെറുമൊരു പാവയായ സൂര്യകുമാർ യാദവിനെ നായകസ്ഥാനത്തേക്കു കൊണ്ടുവരുന്നത്. പക്ഷെ ഈയൊരു നീക്കത്തിലൂടെ വലിയൊരു മണ്ടത്തരമാണ് ബിസിസിഐ കാണിക്കുന്നതെന്നു ആരാധകർ ആഞ്ഞടിക്കുന്നു.
ഹാർദിക് പാണ്ഡ്യക്കില്ലാത്ത എന്തു ഗുണമാണ് സൂര്യകുമാർ യാദവിനുള്ളത്? ക്യാപ്റ്റനെന്ന നിലയിൽ ഹാർദിക്കിന്റെ നേട്ടങ്ങളോടു കിടപിടിക്കാൻ സൂര്യക്കു കഴിയില്ല. ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെ അരങ്ങേറ്റ സീസണിൽ തന്നെ ചാംപ്യൻമാരാക്കിയിട്ടുള്ള ക്യാപ്റ്റനാണ് ഹാർദിക്. 2023ലെ സീസണിൽ ടീമിനെ അദ്ദേഹം റണ്ണറപ്പാക്കുകയും ചെയ്തു. ക്യാപ്റ്റനെന്ന നിലയിൽ സൂര്യക്കു എന്താണ് എടുത്തു കാണിക്കാനുള്ളതെന്നും ആരാധകർ ചോദിക്കുന്നു.