ഹൈദരാബാദ്: ഐ പി എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെ ആര് വിക്കറ്റിന് കീഴ്‌പ്പെടുത്തി ഹൈദരാബാദ് രണ്ടാം ജെയ്ൻ സ്വന്തമാക്കി. 165 റണ്‍സ് വിജയലക്ഷ്യമായിരുന്നു ചെന്നൈ ഉയര്‍ത്തിയത്. 18.1 ഓവറില്‍ ആറ് വിക്കറ്റ് കൈയിൽ ഭദ്രമാക്കി ഹൈദരാബാദ് അത് മറികടന്നു. സ്‌കോര്‍: ചെന്നൈ-165/ 5 (20 ഓവര്‍). ഹൈദരാബാദ്-166/4 (18.1 ഓവര്‍).
എയ്ഡന്‍ മാര്‍ക്രമിന്റെ അര്‍ധ സെഞ്ചുറിയും ആവേശ തീയായി പടര്‍ന്ന അഭിഷേക് ശര്‍മയുടെ ഇന്നിങ്‌സുമാണ് ഹൈദരാബാദിനെ വിജയത്തിലേക്കെത്തിച്ചത്. ചെന്നൈക്കു വേണ്ടി ശിവം ദുബെ ഉഗ്രൻ പ്രകടനം നടത്തിയെങ്കിലും ടീമിന് അത് അനുകൂലമായില്ല. ആദ്യം ബാറ്റുചെയ്ത ചെന്നൈ നേടിയ 165-നെതിരേ ഹൈദരാബാദ് തുടക്കം മുതല്‍ തന്നെ ചുവടുറപ്പിച്ചു കളിച്ചു.
ചെന്നൈയ്ക്ക് വേണ്ടി രണ്ടാം ഓവര്‍ എറിയാന്‍ ഇംപാക്ട് പ്ലെയറായി കൊണ്ടുവന്നത് മുകേഷ് ചൗധരിയെ ആയിരുന്നു. അവിടം മുതല്‍ ഹൈദരാബാദിന്റെ വിജയപ്രതീക്ഷകള്‍ക്ക് തിരി തെളിഞ്ഞു . ആ ഓവറില്‍ മൂന്ന് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 27 റണ്‍സാണ് അഭിഷേക് അടിച്ചെടുത്തത്. ആദ്യ രണ്ട് ഓവറില്‍ തന്നെ 35 റണ്‍സ് നേടി. 12 പന്തുകളില്‍ 37 റണ്‍സ് നേടി അഭിഷേകാണ് ആദ്യം പുറത്തായത്. മൂന്നാം ഓവര്‍ എറിഞ്ഞ ദീപക് ചാഹറിന്റെ ശ്രമം രവീന്ദ്ര ജഡേജയുടെ കൈകളിലൂടെ പരാജയപ്പെടുകയായിരുന്നു.
ഹൈദരാബാദ് ക്യാപ്റ്റന്‍ പാറ്റ് കമിന്‍സിന്റെ പന്തില്‍ ബാറ്റുവെച്ച ദുബെ, ഭുവനേശ്വര്‍ കുമാറിന്റെ കൈകളിൽ കുടുങ്ങി മടങ്ങി (24 പന്തില്‍ 45). നാല് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെട്ട ദുബെയുടെ പ്രഹരം ചെന്നൈ സ്‌കോര്‍ ഉയര്‍ത്തുന്നതില്‍ നിര്‍ണായകമായി. തൊട്ടടുത്ത ഓവറില്‍ ജയദേവ് ഉനദ്കട്ടിന്റെ പന്തില്‍ മാര്‍ക്കണ്ഡെയ്ക്ക് ക്യാച്ച് നല്‍കി അജിങ്ക്യ രഹാനെയും പുറത്തായി (30 പന്തില്‍ 35).
പുറത്താവാതെ രവീന്ദ്ര ജഡേജ 31 (23) റണ്‍സ് നേടി. ഡരില്‍ മിച്ചലിനെ 13 (11) നടരാജന്‍ അബ്ദുല്‍ സമദിന്റെ കൈകളിലെത്തിച്ച് മടക്കി. മൂന്ന് പന്ത് ബാക്കിയിരിക്കേ ക്രീസിലെത്തിയ ധോനി, രണ്ട് പന്ത് നേരിട്ട് ഒരു റണ്‍ നേടി പുറത്താവാതെ നിന്നു. സണ്‍ റൈസേഴ്‌സിനുവേണ്ടി ഭുവനേശ്വര്‍ കുമാര്‍, പാറ്റ് കമിന്‍സ്, ഷഹ്ബാസ് അഹ്‌മദ്, ജയദേവ് ഉനദ്കട്ട്, ടി. നടരാജന്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.