പാരീസ്: പാരീസ് ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ ഏക മലയാളി താരമാണ് ഇന്ത്യയുടെ മുന്‍ ഹോക്കി ഗോള്‍ക്കീപ്പര്‍ പി.ആര്‍. ശ്രീജേഷ്. വെങ്കല നേട്ടത്തിന് അര്‍ഹമാക്കിയ മത്സരത്തോടെ അന്താരാഷ്ട്ര ഹോക്കിയില്‍നിന്ന് വിരമിക്കാനും ശ്രീജേഷിനായി. പാരീസ് ഒളിമ്പിക്‌സോടെ ഹോക്കിയില്‍നിന്ന് വിരമിക്കുമെന്ന് നേരത്തേതന്നെ ശ്രീജേഷ് പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ പുരുഷ ജൂനിയര്‍ ഹോക്കി ടീമിന്റെ പരിശീലക ചുമതല ഏറ്റെടുത്തിരിക്കുകയാണ് താരം.
സാമൂഹിക മാധ്യമങ്ങളില്‍ ശ്രീജേഷ് പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോള്‍ തരംഗമായിരിക്കുന്നത്. പാരീസിലെ ഈഫല്‍ ടവറിന് മുന്നില്‍ മുണ്ട് മടക്കിക്കുത്തി, വെള്ള ഷര്‍ട്ടും ഇട്ട് കഴുത്തില്‍ വെങ്കല മെഡല്‍ അണിഞ്ഞ് തനി മലയാളിയായാണ് ശ്രീജേഷിന്റെ നില്‍പ്പ്. എടാ മോനേ എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രം ഇതിനകംതന്നെ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.
പാരീസ് ഒളിമ്പിക്‌സിന് ഞായറാഴ്ച സമാപനമാവും. ഇന്ത്യന്‍ സമയം രാത്രി 12.30-നാണ് സമാപനച്ചടങ്ങുകള്‍. സമാപനച്ചടങ്ങിലെ മാര്‍ച്ച് പാസ്റ്റില്‍ ശ്രീജേഷും മനുഭാക്കറുമാണ് ഇന്ത്യന്‍ പതാക വഹിക്കുക. ഇതിനായി ശ്രീജേഷ് പാരീസില്‍ തുടരുകയാണ്. ഹോക്കി ടീമിലെ മറ്റംഗങ്ങള്‍ ഇന്ത്യയില്‍ മടങ്ങിയെത്തി.