സ്പാനിഷ് ലാലിഗയിലെ അപരാജിത റെക്കോഡിനൊപ്പമെത്താന്‍ റയല്‍ മഡ്രിഡും സ്വന്തം പേരിലുള്ള റെക്കോഡ് കാത്തുസൂക്ഷിക്കാന്‍ ബാഴ്‌സലോണയും ഇന്ന് പോരിനിറങ്ങും. ഇന്ന് രാത്രി ഇന്ത്യന്‍ സമയം 12.30ന് റയിലിന്റെ ഹോം ഗ്രൗണ്ടായ സാന്റിയാഗോ ബെര്‍ണാബ്യൂവിലാണ് ആവേശപോരാട്ടം.
ഒരു കളികൂടി തോല്‍ക്കാതിരുന്നാല്‍ സ്പാനിഷ് ലാലിഗയിലെ അപരാജിത റെക്കോഡിനൊപ്പമെത്താല്‍ റയല്‍ മഡ്രിഡിന് കഴിയും. 42 തുടര്‍മത്സരങ്ങളിലാണ് ടീം തോല്‍വിയറിയാതെ കുതിക്കുന്നത്. എന്നാല്‍, ഈ റെക്കോഡ് നിലവില്‍ ബാഴ്‌സയുടെ പേരിലാണ്. 2017 മുതല്‍ 2018 വരെയുള്ള കാലയളവില്‍ 43 മത്സരങ്ങള്‍ പരാജയമറിയാതെ കളിച്ചാണ് ബാഴ്‌സ റെക്കോഡിട്ടത്. റയലിന് ഈ റെക്കോഡിനൊപ്പമെത്തണമെങ്കില്‍ ബാഴ്‌സയ്‌ക്കെതിരേ തോല്‍ക്കാതിരിക്കണം.
സീസണില്‍ മികച്ചഫോമിലാണ് ഇരുടീമുകളും. ചാമ്പ്യന്‍സ് ലീഗില്‍ കഴിഞ്ഞ മത്സരങ്ങളില്‍ ഇരു ടീമുകളും വന്‍ ജയം നേടിയിരുന്നു. റഫീഞ്ഞയുടെ ഹാട്രിക്കില്‍ ബാര്‍സ ജര്‍മന്‍ വമ്പന്‍മാരായ ബയേണ്‍ മ്യൂണിക്കിനെ 4-1നു കീഴടക്കിയിരുന്നു. റയലിനായി മറ്റൊരു ബ്രസീലിയന്‍ താരം വിനീഷ്യസ് ജൂനിയറും ഹാട്രിക് നേടി. ലാലിഗയില്‍ 10 കളിയില്‍നിന്ന് 27 പോയിന്റുമായി ബാഴ്‌സയാണ് മുന്നില്‍. 24 പോയിന്റുമായി റയല്‍ രണ്ടാമതും. ബാഴ്‌സ ഒന്‍പത് കളിയില്‍ ജയിച്ചു. ഒന്നില്‍ തോറ്റു. റയല്‍ ഏഴു കളിയില്‍ ജയിച്ചു. മൂന്നെണ്ണം സമനിലയിലായി. 12 ഗോള്‍ നേടിയ ബാഴ്‌സ താരം റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി ലീഗിലെ ഗോള്‍വേട്ടയില്‍ ഒന്നാമതാണ്. റയലിന്റെ കിലിയന്‍ എംബാപ്പെ ആറുഗോളുമായി രണ്ടാമതുണ്ട്.