യൂറോ കപ്പിൽ ജർമനിയെ വീഴ്ത്തി സ്പെയിൻ സെമിയിൽ.അധികസമയത്തിന്റെ അവസാന നിമിഷം സ്പെയിനിന്റെ രക്ഷകനായെത്തിയത് മികേൽ മെറിനോയിയാരുന്നു.മെറിനോയുടെ അത്യുഗ്രൻ ഗോളിലാണ് സ്പെയിൽ ആതിഥേയരായ ജർമനിയെ വീഴ്‌ത്തിയത്.ആദ്യ ഗോൾ നേടിയ ഡാനി ഓൾമോയുടെ കിക്കിൽ നിന്നാണ് മികേലിന്റെ കലക്കൻ ഹെഡ്ഡർ ഗോൾ വല കുലുക്കിയത്.
അടിയും തിരിച്ചടിയും കണ്ട മത്സരത്തിൽ ജർമ്മനി പലതവണ ഗോളിന്റെ വക്കിലെത്തിയെങ്കിലും ഭാഗ്യവും സ്പെയിൻ പ്രതിരോധവും ജർമ്മനിയുടെ ഗോളെന്ന ലക്ഷ്യത്തിന് വെല്ലുവിളിയായി. ജമാൽ മുസിയാളയെ വീഴ്‌ത്തി അവസാന നിമിഷത്തെ വെല്ലുവിളി ഡാനി കാർവഹാൽ ഒഴിവാക്കിയപ്പോൾ സ്പെയിൻ ജയം ഉറപ്പിച്ചു. ഈ ഫൗളിന് ചുവപ്പ് കാർഡും വാങ്ങി സ്പെയിൻ പ്രതിരോധ താരം കളംവിട്ടു.
ആക്രമണവും പ്രതിരോധവും നിർഭാഗ്യവും കണ്ട ആദ്യ പകുതിയിൽ ശരിക്കും പറയാനുണ്ടായിരുന്നത് അവസരങ്ങൾ നഷ്ടപ്പെടുത്തിയതിന്റെ കഥയായിരുന്നു. ജർമനിക്കും സ്‌പെയിനിനും ലീഡ് നേടാനുള്ള ഒരുപിടി മികച്ച അവസരങ്ങൾ ലഭിച്ചു. എന്നാൽ ഫിനിഷിംഗിലെ പിഴവ് തിരിച്ചടിയായി. ആക്രമണങ്ങൾക്ക് തുടക്കമിട്ട പെഡ്രി ഏഴാം മിനിട്ടിൽ പരിക്കേറ്റ് വീണതോടെ ഡാനി ഓൾമോ കളത്തിലെത്തി. 51-ാം മിനിട്ടിൽ ഡാനി ഓൾമോയുടെ ബൂട്ടുകളാണ് സ്പെയിനിന് ലീഡ് നൽകിയത്. ലാമിൻ യാമിലിന്റെ ക്രോസിൽ വൺ ടച്ചിൽ ഓൾമോ വല കുലുക്കുകയായിരുന്നു. ന്യൂയർക്ക് അവസരമാെന്നുമുണ്ടായിരുന്നില്ല.
ഗോൾ വീണ പിന്നാലെ ജർമനി ഉണർന്നു കളിച്ചു. മിനിട്ടുകളുടെ ഇടവേളകളിൽ അവസരങ്ങൾ പലതും ലക്ഷ്യത്തിലെത്താതെ ഒടുങ്ങി. ബോക്സിൽ കോട്ടമതിൽ കെട്ടിയാണ് സ്പെയിൻ പ്രതിരോധം തീർത്തത്. ഇതിനിടെ ഗോളിമാത്രം മുന്നിൽ നിൽക്കെ വീണു കിട്ടിയ അവസരം കായ് ഹവേർട്സ് തുലച്ചു. ഗോളിയുടെ തലയ്‌ക്ക് മുകളിലൂടെ ചെത്തിയിട്ട പന്ത് പോസ്റ്റിന് മുകളിലൂടെ താെട്ടുരുമി പോയി.എന്നാൽ 89-ാം മിനിട്ടിൽ പകരക്കാരനായി ഇറങ്ങിയ ഫ്ലോറിയൻ വിർട്സ് ജർമനിക്ക് ശ്വാസം നൽകി.
ജോഷ്വാ കിമ്മിച്ചിന്റെ ഒരു ബാക്ക് ഹെഡ്ഡർ ഹാഫ് വോളിയിലൂടെ വിർട്സ് സ്പെയിൻ വലയിലെത്തിച്ചു. സിമോണിന് കാഴ്ചക്കാരനായി നോക്കിനിൽക്കാനെ സാധിച്ചുള്ളു. ഗുണ്ടോകന് പകരം ഫുൾകുർഗും യാമിലിന് പകരം ഫെറാൻ ടോറസും സ്പെയിനിനായി കളത്തിലിറങ്ങിയപ്പോൾ വെറ്ററൻ തോമസ് മുള്ളറെയിറക്കി ആതിഥേയർ ലീഡ് നേടാൻ ശ്രമം കടുപ്പിച്ചു. കളി പലപ്പോഴും പരുക്കനായപ്പോൾ പത്തിലേറെ തവണ റഫറി കാർഡ് പുറത്തെടുത്തു. സ്പെയിൻ ഗോളി ഉനായ് സിമോണിന് അടക്കം യെല്ലോ കാർഡ് ലഭിച്ചു.