ദക്ഷിണാഫ്രിക്കന്‍ പേസറെ ബൗളിംഗ് കോച്ചാക്കണമെന്ന് ഗംഭീര്‍

കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ ബൗളിംഗ് പരിശീലകനായിരുന്നു മോര്‍ക്കല്‍. ലോകകപ്പിന് പിന്നാലെ മോര്‍ക്കല്‍ പാക് ടീമിന്റെ ബൗളിംഗ് പരിശീലക സ്ഥാനം ഒഴിഞ്ഞിരുന്നു

author-image
Prana
New Update
gautam gambhir
Listen to this article
0.75x 1x 1.5x
00:00 / 00:00

 ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനായി ഗൗതം ഗംഭീര്‍ ചുമതലയേറ്റതിനു പിന്നാലെ സഹപരിശീലകര്‍ ആരൊക്കെയാവുമെന്ന കാര്യത്തിലാണിപ്പോള്‍ ഏവരും ഉറ്റുനോക്കുന്നത്. സഹപരിശീലകരായും ഇന്ത്യക്കാര്‍ തന്നെ മതിയെന്നാണ് ബിസിസിഐ നിലപാട്. 
ബൗളിംഗ് കോച്ചായി ഗംഭീര്‍ മുന്‍ ഇന്ത്യന്‍ താരം വിനയ് കുമാറിന്റെ പേര് നിര്‍ദേശിച്ചുവെന്നും എന്നാല്‍ സഹീര്‍ ഖാനെയോ ലക്ഷ്മിപതി ബാലാജിയെയോ ബൗളിംഗ് പരിശീലകനാക്കാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടെ ബൗളിംഗ് പരിശീലകനായി മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ മോര്‍ണി മോര്‍ക്കലിനെ പരിഗണിക്കണമെന്ന നിര്‍ദേശം ഗംഭീര്‍ മുന്നോട്ടുവെച്ചതായാണ് പുതിയ റിപ്പോര്‍ട്ട്. നേരത്തെ  എക്കാലത്തെയും മികച്ച ഫീല്‍ഡര്‍ എന്നറിയപ്പെടുന്ന ദക്ഷിണാഫ്രിക്കക്കാരന്‍ ജോണ്ടി റോഡ്‌സിനെ ഫീല്‍ഡിങ് പരിശീലകനായി പരിഗണിക്കണമന്ന ആവശ്യം ഗംഭീര്‍ മുന്നോട്ടുവച്ചിരുന്നെങ്കിലും ഇന്ത്യക്കാരന്‍ തന്നെ മതി എന്നായിരുന്നു ബി.സി.സിഐ. നിലപാട്.  
കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ ബൗളിംഗ് പരിശീലകനായിരുന്നു മോര്‍ക്കല്‍. ലോകകപ്പിന് പിന്നാലെ മോര്‍ക്കല്‍ പാക് ടീമിന്റെ ബൗളിംഗ് പരിശീലക സ്ഥാനം ഒഴിഞ്ഞിരുന്നു. ഇപ്പോള്‍ കുംടുംബത്തോടൊപ്പം ഓസ്‌ട്രേലിയയില്‍ കഴിയുന്ന മോര്‍ക്കലുമായി ബിസിസിഐ അധികൃതര്‍ പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയെന്നും റിപ്പോര്‍ട്ടുണ്ട്. താന്‍ കരിയറില്‍ നേരിട്ട ഏറ്റവും കടുപ്പമേറിയ ബൗളറായാണ് മോര്‍ക്കലിനെ ഗംഭീര്‍ തന്നെ വിശേഷിപ്പിച്ചിട്ടുള്ളത്. ഗംഭീര്‍ കൊല്‍ക്കത്ത നായകനായിരുന്നപ്പോള്‍ 2014-2016 സീസണില്‍ മോര്‍ക്കല്‍ കൊല്‍ക്കത്തക്കായി കളിച്ചിട്ടുമുണ്ട്.
ദക്ഷിണാഫ്രിക്കക്കായി 86 ടെസ്റ്റുകളിലും 117 ഏകദിനങ്ങളിലും 44 ടി20 മത്സരങ്ങളിലും മോര്‍ക്കല്‍ കളിച്ചിട്ടുണ്ട്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സില്‍ മോര്‍ക്കലും ഗംഭീറും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോഴും ലഖ്‌നൗവിന്റെ ബൗളിംഗ് കോച്ചാണ് മോര്‍ക്കല്‍.

 

Gautam Gambhir aautam gambhir