ന്യൂയോർക്ക്∙ ട്വന്റി20 ലോകകപ്പിൽ ശ്രീലങ്കയ്ക്കെതിരെ ആറു വിക്കറ്റ് വിജയവുമായി ദക്ഷിണാഫ്രിക്ക. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയെ 77 റൺസിനു പുറത്താക്കിയ ദക്ഷിണാഫ്രിക്ക, മറുപടിയിൽ 16.2 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിലാണ് വിജയത്തിലെത്തിയത്. 30 പന്തിൽ 19 റൺസെടുത്ത കുശാൽ െമൻഡിസാണ് ലങ്കയുടെ ടോപ് സ്കോറർ.
കുശാലിനു പുറമേ എയ്ഞ്ചലോ മാത്യുസ്, കമിന്ദു മെൻഡിസ് എന്നിവരും ലങ്കൻ നിരയിൽ രണ്ടക്കം കടന്നു.ക്യാപ്റ്റൻ വാനിന്ദു ഹസരംഗ, സദീര സമരവിക്രമ, മതീഷ പതിരാന, നുവാൻ തുഷാര എന്നിവർ റണ്ണൊന്നുമെടുക്കാതെ പുറത്തായി. 19.1 ഓവറുകൾ ബാറ്റു ചെയ്തിട്ടും 77 റൺസെടുക്കാൻ മാത്രമാണ് ലങ്കൻ ബാറ്റർമാർക്കു സാധിച്ചത്. ദക്ഷിണാഫ്രിക്കയ്ക്കായി ആൻറിച് നോർട്യ നാലു വിക്കറ്റുകൾ വീഴ്ത്തി. നാലോവറുകൾ പന്തെറിഞ്ഞ നോർട്യ ഏഴു റൺസ് മാത്രമാണു വഴങ്ങിയത്. കഗിസോ റബാദ, കേശവ് മഹാരാജ് എന്നിവർ രണ്ടു വിക്കറ്റു വീതം സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിൽ റീസ ഹെൻറിക്സിനെ തുടക്കത്തിൽ തന്നെ നഷ്ടമായ ദക്ഷിണാഫ്രിക്ക സാവധാനമാണ് വിജയത്തിലേക്കെത്തിയത്. 27 പന്തിൽ 20 റൺസെടുത്ത ഓപ്പണർ ക്വിന്റൻ ഡി കോക്കാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ. ഹെൻറിച് ക്ലാസൻ , ട്രിസ്റ്റൻ സ്റ്റബ്സ് , എയ്ഡൻ മാർക്രം എന്നിങ്ങനെയാണ് മറ്റു ദക്ഷിണാഫ്രിക്കൻ ബാറ്റർമാരുടെ സ്കോറുകൾ. 22 പന്തുകൾ ബാക്കി നിൽക്കെ ദക്ഷിണാഫ്രിക്ക വിജയ റൺസ് കുറിച്ചു. ആൻറിച് നോർട്യയാണു കളിയിലെ താരം.