ഇന്ത്യൻ ക്രിക്കറ്റിൻറെ മുഖച്ഛായ മാറ്റിയ ഇതിഹാസ നായകൻ.സ്വദേശത്തും വിദേശത്തും ടീമിന് ജയിക്കാനുള്ള തന്ത്രങ്ങൾ പഠിപ്പിച്ച ക്യാപ്‌റ്റൻ...ബാറ്റുകൊണ്ടും മികവ് പുലർത്തിയ സൗരവ് ഗാംഗുലിയ്ക്ക് ഇന്ന് 52-ാം ജന്മദിനം.
നിലവിലെ ബിസിസിഐ അധ്യക്ഷനായ സൗരവ് ഗാംഗുലിയ്ക്ക് ബംഗാൾ കടുവ, കൊൽക്കത്തയുടെ രാജകുമാരൻ, ഓഫ്‌സൈഡ് ദൈവം എന്നിങ്ങനെയുള്ള വിളിപ്പേരുകളുണ്ടെങ്കിലും ഗാംഗുലി ആരാധകർക്ക് എന്നും അവരുടെ പ്രിയപ്പെട്ട 'ദാദ'യാണ്.ഒരു കാലത്തെ ഇന്ത്യൻ ക്രിക്കറ്റിന്റെ ഊർജ്ജവും കരുത്തുമെല്ലാം ഗാംഗുലി തന്നെയായിരുന്നു. ഒന്നരപതിറ്റാണ്ടിലേറെ നീണ്ടുനിന്ന കരിയർ, ബാറ്റുകൊണ്ട് വിസ്‌മയം തീർത്ത ദാദ നായക വേഷത്തിൽ പലപ്പോഴും ഇന്ത്യയുടെ രക്ഷകനായും അവതരിച്ചു.
മുഹമ്മദ് അസറുദ്ദീൻ തകർത്തെറിഞ്ഞ ഒരു രാജ്യത്തിന്റെ ആത്മാഭിമാനത്തിന്റെ വീണ്ടെടുക്കലായിരുന്നു ഗാംഗുലിയുടെ മുന്നിലുണ്ടായിരുന്ന ആദ്യ വെല്ലുവിളി. നായക പദവിയിലെത്തിയതിന് ശേഷമുള്ള ആദ്യ ഐസിസി ടൂർണമെന്റിൽ തന്നെ ടീമിനെ ഫൈനലിലെത്തിച്ച് കൊണ്ട് അയാൾ തിരിച്ചുവരവറിയിച്ചു. ഗ്രൗണ്ടിനകത്തും പുറത്തും അയാൾ പകരക്കാരനില്ലാത്ത ക്യാപ്റ്റനായി മാറി. അദ്ദേഹത്തിന്റെ ഇച്ഛാ ശക്തിയാണ് ഇന്ത്യൻ ടീമിന്റെ തലവരയെ മാറ്റി മറച്ചത്. യുവതാരങ്ങളെ കണ്ടെത്താനും പ്രചോദിപ്പിക്കാനും വളർത്തിയെടുക്കാനും ദാദയെ പോലെ ആർക്കും കഴിഞ്ഞിട്ടില്ല. വിരേന്ദർ സെവാഗ്, മുഹമ്മദ് കൈഫ്, യുവരാജ് സിംഗ്, മഹേന്ദ്ര സിംഗ് ധോണി, ഇർഫാൻ പത്താൻ, ഹർഭജൻ സിംഗ് ഇവരെയെല്ലാം മികച്ച കളിക്കാരായി രൂപപ്പെടുത്തിയതിൽ ഗാംഗുലിയുടെ പങ്ക് എടുത്ത് പറയുക തന്നെ വേണം.
1992-ലെ വെസ്റ്റിൻഡീസ് പര്യടനത്തിലാണ് ഗാംഗുലിയുടെ അരങ്ങേറ്റം. പത്തൊൻപതാം വയസ്സിൽ ടീമിലെത്തിയപ്പോൾ അഹങ്കാരി എന്നായിരുന്നു വിശേഷണം. എന്നാൽ അരങ്ങേറ്റത്തിലെ പ്രകടനം മോശമായിരുന്നതിനാൽ ടീമിൽ സ്ഥാനം ഉറപ്പിക്കാൻ കഴിഞ്ഞില്ല. തുടർന്ന് ആഭ്യന്തര ക്രിക്കറ്റിൽ സജീവമായ ഗാംഗുലിയെ വർഷങ്ങൾക്ക് ശേഷം ടീമിലെ പടലപിണക്കങ്ങൾ കാരണം നവ്‌ജോത് സിംഗിന് പകരക്കാരനായി ഇംഗ്ലണ്ട് പര്യടനത്തിലേക്ക് ക്ഷണിക്കുകയായിരുന്നു. രണ്ടാം വരവിലെ അരങ്ങേറ്റം മനോഹരമായ സെഞ്ച്വറിയോട് കൂടി ഗാംഗുലി അർത്ഥപൂർണമാക്കി.
2008ൽ വിരമിക്കുമ്പോൾ 113 ടെസ്റ്റിൽ 16 സെഞ്ച്വറിയോടെ 7212 റൺസും 311 ഏകദിനത്തിൽ 22 സെഞ്ച്വറിയോടെ 11363 റൺസും സ്വന്തം പേരിനൊപ്പം കുറിച്ചിരുന്നു. അപ്പോഴേക്കും ഗാംഗുലിക്ക് അഹങ്കാരിയെന്ന വിശേഷണം ഇന്ത്യയുടെ സ്വകാര്യ അഹങ്കാരം എന്ന അംഗീകാരമായി മാറി.