ബംഗ്ലാദേശിനെതിരേ മഴയില്‍ മൂന്നു ദിവസം നഷ്ടമായ ടെസ്റ്റ് മത്സരം ടി20 സ്‌റ്റൈലില്‍ കളിച്ചു ജയിച്ചതിന്റെ അമിത ആത്മവിശ്വാസവുമായി ന്യൂസിലന്‍ഡിനെ വിലകുറച്ചുകണ്ട ഇന്ത്യന്‍ ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു. ആദ്യദിനം പൂര്‍ണമായും മഴയില്‍ നഷ്ടമായ ബംഗളുരുവിലെ ഈര്‍പ്പം നിറഞ്ഞ പിച്ചും അന്തരീക്ഷവും കണ്ടിട്ടും ടോസ് ജയിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബാറ്റിംഗ് തെരഞ്ഞെടുത്തത് ഞെട്ടിക്കുന്നതായി. രാവിലത്തെ മൂടിക്കെട്ടിയ അന്തരീക്ഷം പരമാവധി മുതലാക്കിയ കിവി പേസര്‍മാര്‍ ഇന്ത്യയെ വെറും 46 റണ്‍സിന് ചുരുട്ടിക്കെട്ടി. മൂന്നു പേസര്‍മാര്‍ ചേര്‍ന്ന് പേരുകേട്ട ഇന്ത്യന്‍ ബാറ്റിംഗ് നിരയെ 31.2 ഓവറില്‍ കൂടാരം കയറ്റി. മാറ്റ് ഹെന്റി അഞ്ചും ഒറൂക്ക് നാലും ടിം സൗത്തി ഒന്നും വിക്കറ്റ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ കിവീസ് ഇന്ത്യക്കാര്‍ തകര്‍ന്ന പിച്ചില്‍ അനായാസം ബാറ്റ് വീശി. ഇന്ന് കളി അവസാനിക്കുമ്പോള്‍ കിവീസ് മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സ് എന്ന നിലയിലാണ്. 105 പന്തില്‍ 91 റണ്‍സുമായി ഓപ്പണര്‍ ഡെവോണ്‍ കോണ്‍വേ തിളങ്ങി. ക്യാപ്റ്റന്‍ ടോം ലാതം 15 റണ്‍സുമായും വില്‍ യങ്ങ് 33 റണ്‍സുമായും പുറത്തായി. 22 റണ്‍സുമായി രചിന്‍ രവീന്ദ്രയും 14 റണ്‍സുമായി ഡാരില്‍ മിച്ചലുമാണ് ക്രീസില്‍. നിലവില്‍ കിവീസിന് 134 റണ്‍സ് ലീഡുണ്ട്. പേസര്‍മാരെ തുണച്ച പിച്ചില്‍ മൂന്നു സ്പിന്നര്‍മാരുമായാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. ഇന്ത്യന്‍ പേസര്‍മാരായ ബൂംറയ്ക്കും സിറാജിനും കിവി ബാറ്റര്‍മാരെ വിറപ്പിക്കാനും കഴിഞ്ഞില്ല. ചിന്നസ്വാമിയിലെ പിച്ച് സ്പിന്നര്‍മാരുടെ പറുദീസയാണെന്ന മുന്‍കാല അനുഭവങ്ങളായിരിക്കാം മൂന്നു സ്പിന്നര്‍മാരെ ഉള്‍പ്പെടുത്താനും ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കാനും രോഹിത്തിനെ പ്രേരിപ്പിച്ചത്.
2020ല്‍ അഡ്‌ലെയ്ഡില്‍ ഓസ്‌ട്രേലിയക്കെതിരേ 36 റണ്‍സിനും 1974ല്‍ ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിനെതിരേ 42 റണ്‍സിനും പുറത്തായശേഷമുള്ള ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും ചെറിയ സ്‌കോറാണ് ബെംഗളൂരുവില്‍ പിറന്നത്. നാട്ടില്‍ ടെസ്റ്റിലെ ഇന്ത്യയുടെ ഏറ്റവും ചെറിയ സ്‌കോര്‍ എന്ന നാണക്കേടും. 1987ല്‍ ഡല്‍ഹിയില്‍ വെസ്റ്റിന്‍ഡീസിനോട് 75 റണ്‍സിന് ഓള്‍ഔട്ടായതായിരുന്നു നാട്ടില്‍ ഇതിനു മുമ്പത്തെ ഇന്ത്യയുടെ ചെറിയ ടെസ്റ്റ് സ്‌കോര്‍.
വെറും 15 റണ്‍സിന് അഞ്ചു വിക്കറ്റ് വീഴ്ത്തിയ മാറ്റ് ഹെന്റിയും 22 റണ്‍സിന് നാലു വിക്കറ്റ് വീഴ്ത്തിയ വില്യം ഒറുര്‍ക്കും ചേര്‍ന്നാണ് പേരുകേട്ട ഇന്ത്യന്‍ ബാറ്റിങ് നിരയെ പവലിയനിലേക്കയച്ചത്. 49 പന്തുകള്‍ നേരിട്ട് 20 റണ്‍സെടുത്ത ഋഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. പിന്നീട് ടീമില്‍ രണ്ടക്കം കണ്ടത് 13 റണ്‍സെടുത്ത യശസ്വി ജയ്‌സ്വാള്‍ മാത്രം. വിരാട് കോലി (0), സര്‍ഫറാസ് ഖാന്‍ (0), കെ.എല്‍ രാഹുല്‍ (0), രവീന്ദ്ര ജഡേജ (0), ആര്‍. അശ്വിന്‍ (0) തുടങ്ങിയവരെല്ലാം പിച്ചില്‍ കുത്തിവരുന്ന പന്തില്‍ എന്ത് സംഭവിച്ചെന്ന പോലും മനസിലാകാതെ കീഴടങ്ങി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (2) പിച്ചിന്റെ സ്വഭാവം പോലും മനസിലാക്കാന്‍ നില്‍ക്കാതെ ടിം സൗത്തിയെ പഞ്ഞിക്കിടാനിറങ്ങിയ കുറ്റി തെറിച്ച് പുറത്തായി.