മുംബൈ: കഴിഞ്ഞ ദിവസം നടന്ന ഐപിഎൽ ഫ്രാഞ്ചൈസി ഉടമകളുടെ യോഗത്തിൽ പഞ്ചാബ് ടീം ഉടമയുമായി ഉടക്കി ബോളിവുഡ് താരം ഷാറുഖ് ഖാൻ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിന്റെ ഉടമയായ ഷാറുഖ് പഞ്ചാബ് കിങ്സിന്റെ നെസ് വാഡിയയോടാണ് യോഗത്തിനിടെ തർക്കിച്ചത്. മുംബൈയിലെ ബിസിസിഐ ആസ്ഥാനത്തുവച്ചായിരുന്നു പുതിയ സീസണിനു മുന്നോടിയായുള്ള ഐപിഎൽ ടീം ഉടമകളുടെ യോഗം. മെഗാ താരലേലത്തിനു മുന്നോടിയായി നിലനിർത്താൻ അനുവദിച്ചിരിക്കുന്ന താരങ്ങളുടെ എണ്ണത്തിൽ രണ്ടു ടീമുകളും തൃപ്തരായിരുന്നില്ല.
2025 ഐപിഎൽ സീസണിനു മുന്‍പ് മെഗാലേലം നടത്തുന്നതിനോട് ഷാറുഖ് ഖാനു താൽപര്യമുണ്ടായിരുന്നില്ല. എന്നാൽ, ടീമുകളെ പൂർണമായി പൊളിച്ചുപണിയാനായി മെഗാലേലം തന്നെ വേണമെന്നായിരുന്നു പഞ്ചാബ് ഉടമയുടെ നിലപാട്. ഇതേച്ചൊല്ലിയായിരുന്നു ടീം ഉടമകൾ തമ്മിലുള്ള തർക്കം നടന്നത്. ഡൽഹി ക്യാപിറ്റൽസ്, ലക്നൗ സൂപ്പർ ജയന്റ്സ്, ചെന്നൈ സൂപ്പർ കിങ്സ്, സൺറൈസേഴ്സ് ഹൈദരാബാദ്, രാജസ്ഥാൻ റോയൽസ് ടീമുകളുടെ ഉടമകൾ യോഗത്തിൽ പങ്കെടുക്കാനായി മുംബൈയിലെത്തിയിരുന്നു. മുംബൈ ഇന്ത്യൻസ് ഉടമകൾ വിഡിയോ കോൺഫറൻസിലൂടെയാണ് യോഗത്തിൽ പങ്കെടുത്തത്.
വിദേശതാരങ്ങളെ ലേലത്തിൽ വാങ്ങിയ ശേഷം സീസണിനു തൊട്ടുമുൻപ് അവർ ടൂർണമെന്റിൽനിന്നു പിൻവാങ്ങുന്ന രീതി പ്രശ്നമാണെന്നും ഇങ്ങനെയുള്ള താരങ്ങളെ ബിസിസിഐ നിയന്ത്രിക്കണമെന്നും ടീം ഉടമകൾ ആവശ്യപ്പെട്ടു. പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ ഐപിഎല്ലിൽനിന്നു പിൻവാങ്ങുന്ന വിദേശ താരങ്ങളെ ബിസിസിഐ വിലക്കണമെന്ന് സൺറൈസേഴ്സിന്റെ കാവ്യ മാരൻ അഭിപ്രായപ്പെട്ടു.