വിരാട് കോഹ്‌ലിക്കെതിരേ കടുത്ത വിമര്‍ശനം

മുന്‍ താരങ്ങളും ക്രിക്കറ്റ് അനലിസ്റ്റുകളും കോഹ്ലിക്കെതിരേ രംഗത്തെത്തി. കോഹ്ലിക്ക് വിശ്രമം അനുവദിക്കണമെന്നും അദ്ദേഹം വിരമിക്കേണ്ട സമയമായെന്നും പോലും വിമര്‍ശനമുയര്‍ന്നു.

author-image
Prana
New Update
virat-kohli

ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിലെ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യന്‍ സൂപ്പര്‍താരം വിരാട് കോഹ്‌ലി പുറത്തായ രീതിക്ക് കടുത്ത വിമര്‍ശനം. മുന്‍ താരങ്ങളും ക്രിക്കറ്റ് അനലിസ്റ്റുകളും കോഹ്ലിക്കെതിരേ രംഗത്തെത്തി. അനായാസം നേരിടാമായിരുന്ന ഒരു ഫുള്‍ടോസ് പന്തില്‍ ക്രോസ് ബാറ്റ് ഷോട്ടിനു ശ്രമിച്ച് ക്ലീന്‍ ബൗള്‍ഡ് ആയതാണ് അവരെ ചൊടിപ്പിച്ചത്. കോഹ്ലിക്ക് വിശ്രമം അനുവദിക്കണമെന്നും അദ്ദേഹം വിരമിക്കേണ്ട സമയമായെന്നും പോലും വിമര്‍ശനമുയര്‍ന്നു.
കരിയറിലെ ഏറ്റവും മോശം ഷോട്ടാണ് വിരാട് കളിച്ചതെന്ന് ഇന്ത്യന്‍ മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍ കുറ്റപ്പെടുത്തി. അതില്‍ തനിക്ക് ദുഖമുണ്ട്. കാരണം കോഹ്‌ലി എപ്പോഴും ക്രീസിലേക്ക് വരുന്നത് മികച്ചൊരു ഇന്നിംഗ്‌സ് കളിക്കണമെന്ന ആഗ്രഹത്തോടെയാണെന്ന് മഞ്ജരേക്കര്‍ സമൂഹമാധ്യമങ്ങളില്‍ പ്രതികരിച്ചു.
ഇതുപോലൊരു ഇന്നിംഗ്‌സ് കോഹ്‌ലിയില്‍ നിന്നുണ്ടാകുന്നത് അസാധാരണമാണെന്നായിരുന്നു രവി ശാസ്ത്രിയുടെ പ്രതികരണം. ഇതുപോലൊരിക്കലും വിരാട് കോഹ്‌ലി കളിച്ചിട്ടില്ലെന്നാണ് ജിയോ സിനിമയുടെ കമന്ററിയില്‍ രവി ശാസ്ത്രി വ്യക്തമാക്കയത്. ആഭ്യന്തര ക്രിക്കറ്റില്‍ ഒന്നോ രണ്ടോ മത്സരങ്ങള്‍ കളിച്ചിരുന്നെങ്കില്‍ കോഹ്‌ലിക്ക് ഇത്തരമൊരു ഷോട്ട് കളിക്കേണ്ടി വരില്ലെന്നായിരുന്നു അനില്‍ കുംബ്ലെയുടെ വാക്കുകള്‍. മികച്ച പരിശീലനത്തിന്റെ കുറവാണ് കോഹ്‌ലിയില്‍ അനുഭവപ്പെടുന്നതെന്നും കുംബ്ലെ ചൂണ്ടിക്കാട്ടി.
മത്സരത്തില്‍ ഒരു റണ്‍സ് മാത്രമാണ് വിരാട് കോഹ്‌ലിക്ക് സ്‌കോര്‍ ചെയ്യാനായത്. ന്യൂസിലാന്‍ഡ് സ്പിന്നര്‍ മിച്ചല്‍ സാന്റനറുടെ ലെഗ് സൈഡില്‍ വന്ന ഫുള്‍ടോസ് കോഹ്‌ലിയുടെ ലെഗ് സൈഡിലേക്കുള്ള ഷോട്ടിനെ മറികടന്ന് സ്റ്റമ്പ് തെറുപ്പിച്ചു. ന്യൂസിലാന്‍ഡിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 259ന് മറുപടി പറഞ്ഞ ഇന്ത്യ ആദ്യ ഇന്നിംഗ്‌സില്‍ വെറും 156 റണ്‍സില്‍ എല്ലാവരും പുറത്തായി.

Virat Kohli India vs New Zealand cricket test