കേരളാ ബ്ലാസ്റ്റേഴ്‌സിന് പ്രീമിയർ 1 ക്ലബ് ലൈസൻസ് പുതുക്കി നൽകാതെ അഖിലേന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ. കലൂർ സ്റ്റേഡിയത്തിലെ സൗകര്യങ്ങളുടെ കുറവും സുരക്ഷ വീഴ്ച്ചയുമാണ് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായത്.കേരളാ ബ്ലാസ്‌റ്റേഴ്‌സിന് പുറമെ ജംഷദ്പൂർ എഫ്സി, ഒഡീഷ എഫ്സി, ഹൈദരാബാദ് എഫ്സി എന്നീ ടീമുകൾക്കാണ് പ്രീമിയർ 1 ക്ലബ് ലൈസൻസ് നഷ്ടമായത്.
പ്രീമിയർ 1 ക്ലബ്ബ് ലൈസൻസ് ഉണ്ടെങ്കിൽ മാത്രമേ ക്ലബ്ബുകൾക്ക് എഎഫ്‌സി ടൂർണമെന്റുകളിലും ഐഎസ്എല്ലിലും പങ്കെടുക്കാൻ സാധിക്കൂ.ലൈസൻസ് ലഭിക്കാത്ത ടീമുകൾ അപാകതകൾ പരിഹരിച്ച് വീണ്ടും അപേക്ഷിക്കേണ്ടി വരും. വീണ്ടും ഐഐഎഫ്എഫ് അപേക്ഷ നിരസിച്ചാൽ ടൂർണമെന്റിൽ നിന്ന് പുറത്താകും.
അതെസമയം 2024-25 സീസണിലേക്ക് നേരിട്ട് ലൈസൻസ് ലഭിച്ച ഏക ക്ലബ് ഞ്ചാബ് എഫ്.സിയാണ്.മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌സ്, മുംബൈ സിറ്റി എഫ്‌സി, ഈസ്റ്റ് ബംഗാൾ, എഫ്സി ഗോവ, ബെംഗളൂരു എഫ്സി, ചെന്നൈയിൻ എഫ്സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി എന്നിവർക്കാണ് ഉപാധികളോടെ ലൈസൻസ് അനുവദിച്ചത്. ഐ-ലീഗ് ചാമ്പ്യന്മാരായതിന് ശേഷം ഐഎസ്എല്ലിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച മുഹമ്മദൻ സ്പോർട്ടിംഗ് ക്ലബ്ബിനും ഉപാധികളോടെ അഖിലേന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ ലൈസൻസ് അനുവദിച്ചിട്ടുണ്ട്.