റിയാദ് : അഞ്ചാം തവണയും ഇറ്റാലിയന്‍ സൂപ്പര്‍ കപ്പിന് വേദിയായി സൗദി അറേബ്യ. 2025ല്‍ രണ്ട് മുതല്‍ ആറ് വരെ റിയാദ് മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുമെന്ന് സൗദി കായിക മന്ത്രാലയം അറിയിച്ചു. ഇന്റര്‍ മിലാന്‍, എ സി മിലാന്‍, യുവന്റസ്, അറ്റ്‌ലാന്റ എന്നീ നാല് ക്ലബ്ബുകളാണ് മത്സരിക്കുക.
ഇറ്റാലിയന്‍ സൂപ്പര്‍ കപ്പിന്റെ നാല് മുന്‍ പതിപ്പുകള്‍ക്ക് സൗദി ആതിഥേയത്വം വഹിച്ചിട്ടുണ്ട്. ആദ്യ പതിപ്പ് 2018-ല്‍ ജിദ്ദയിലായിരുന്നു. അതില്‍ എ സി മിലാനെ പരാജയപ്പെടുത്തി യുവാന്റസ് ടീം കിരീടം നേടി.
തുടര്‍ന്ന് ടൂര്‍ണമെന്റ് 2019-ല്‍ റിയാദിലേക്ക് മാറ്റി. രണ്ടും മൂന്നും നാല് പതിപ്പുകള്‍ റിയാദിലാണ് നടന്നത്. ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് അവസാന പതിപ്പ് നടന്നത്. അതില്‍ എതിരാളിയായ നാപോളിയെ പരാജയപ്പെടുത്തി ഇന്റര്‍ മിലാന്‍ കിരീടം നിലനിര്‍ത്തി.
ഇറ്റാലിയന്‍ സൂപ്പര്‍ കപ്പില്‍ ഏറ്റവും കൂടുതല്‍ സൂപ്പര്‍ കപ്പ് നേടിയത് യുവന്റസാണ്. ഒമ്പത് തവണ വിജയം വരിച്ചിട്ടുണ്ട്. എട്ട് കിരീടങ്ങളുമായി ഇന്റര്‍ മിലാനാണ് തൊട്ടുപിന്നാലെ. ഏഴ് കിരീടങ്ങളുമായി എ സി മിലാന്‍ മൂന്നാം സ്ഥാനത്തും അഞ്ച് കിരീടങ്ങളുമായി ലാസിയോയും രണ്ട് കിരീടങ്ങളുമായി റോമയും നാപ്പോളിയുമുണ്ട്.