സഞ്ജുവിന്റെ തകര്‍പ്പന്‍ സെഞ്ചുറി; ഇന്ത്യക്ക് റെക്കോഡ് സ്‌കോര്‍

ട്വന്റി 20 ക്രിക്കറ്റിലെ ഇന്ത്യയുടെ എക്കാലത്തെയും വലിയ സ്‌കോറാണിത്. 2017ല്‍ ശ്രീലങ്കയ്‌ക്കെതിരെ നേടിയ അഞ്ചിന് 260 എന്ന റെക്കോര്‍ഡാണ് സൂര്യകുമാര്‍ യാദവിന്റെ സംഘം പഴങ്കഥയാക്കിയത്

author-image
Prana
New Update
sanju century

ട്വന്റി 20 ക്രിക്കറ്റില്‍ എക്കാലത്തെയും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോറും ടെസ്റ്റ് പദവിയുള്ള രാജ്യങ്ങളില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോറും ഒരുക്കി ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ബംഗ്ലാദേശിനെതിരായ മൂന്നാം ട്വന്റി 20യില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 297 റണ്‍സെടുത്തു. ട്വന്റി 20 ക്രിക്കറ്റിലെ ഇന്ത്യയുടെ എക്കാലത്തെയും വലിയ സ്‌കോറാണിത്.
2017ല്‍ ശ്രീലങ്കയ്‌ക്കെതിരെ നേടിയ അഞ്ചിന് 260 എന്ന റെക്കോര്‍ഡാണ് സൂര്യകുമാര്‍ യാദവിന്റെ സംഘം പഴങ്കഥയാക്കിയത്. ട്വന്റി 20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോര്‍ കൂടിയാണിത്. 2022ലെ ഏഷ്യന്‍ ഗെയിംസില്‍ മംഗോളിയയ്‌ക്കെതിര നേപ്പാള്‍ നേടിയ മൂന്നിന് 314 എന്ന സ്‌കോര്‍ മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്.
റെക്കോര്‍ഡ് സ്‌കോറിലേക്ക് സെഞ്ച്വറിയുമായി മലയാളി താരം സഞ്ജു സാംസണാണ് ഇന്ത്യന്‍ ടീമിന്റെ വെടിക്കെട്ട് ബാറ്റിങ് മുന്നില്‍ നിന്ന് നയിച്ചത്. 47 പന്തില്‍ 111 റണ്‍സെടുത്ത സഞ്ജുവിന്റെ ഇന്നിംഗ്‌സില്‍ 11 ഫോറും എട്ട് സിക്‌സുകളുമുണ്ടായിരുന്നു. ഇതാദ്യമായാണ് ഒരു മുഴുവന്‍ സമയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇന്ത്യയ്ക്കായി ട്വന്റി 20 ക്രിക്കറ്റില്‍ സെഞ്ച്വറി നേട്ടം സ്വന്തമാക്കുന്നത്.
ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവാണ് വെടിക്കെട്ട് ബാറ്റിങ്ങുമായി കളം നിറഞ്ഞ മറ്റൊരു താരം. 35 പന്തില്‍ എട്ട് ഫോറും അഞ്ച് സിക്‌സും സഹിതം 75 റണ്‍സെടുത്താണ് സൂര്യകുമാര്‍ മടങ്ങിയത്. സഞ്ജു സാംസണുമൊത്ത് രണ്ടാം വിക്കറ്റില്‍ 173 റണ്‍സാണ് സൂര്യ കൂട്ടിച്ചേര്‍ത്തത്. ഇരുവരും പുറത്തായതിന് ശേഷം റിയാന്‍ പരാഗും ഹാര്‍ദിക് പാണ്ഡ്യയും ചേര്‍ന്നായിരുന്നു ആക്രമണം.
നാലാമനായി സ്ഥാനം കയറ്റം ലഭിച്ച റിയാന്‍ പരാഗ് 13 പന്തില്‍ ഒരു ഫോറും നാല് സിക്‌സും സഹിതം 34 റണ്‍സെടുത്ത് പുറത്തായി. 18 പന്തില്‍ നാല് ഫോറും നാല് സിക്‌സും സഹിതം 47 റണ്‍സെടുത്താണ് ഹാര്‍ദിക് പാണ്ഡ്യയുടെ ഇന്നിംഗ്‌സിന് അവസാനമായത്. അവസാന ഓവറില്‍ ഹാര്‍ദികിനെയും നിതീഷിനെയും നഷ്ടമായതോടെയാണ് ഇന്ത്യന്‍ സ്‌കോര്‍ 300 കടക്കാതിരുന്നത്.

 

Sanju Samson century India vs Bangladesh