അനന്ത്പൂര്‍ : ദുലീപ് ട്രോഫിയില്‍ നിന്ന് ഇഷാന്‍ കിഷന്‍ പിന്മാറാന്‍ സാധ്യത. ഇഷാന് ബുച്ചി ബാബു ടൂര്‍ണമെന്റില്‍ പരിക്കേറ്റതിനെ തുടര്‍ന്നാണ് ദുലീപ് ട്രോഫിയില്‍ മത്സരിക്കുന്ന കാര്യത്തില്‍ വ്യക്തത വരാത്തത്. ശ്രേയസ് അയ്യര്‍ നയിക്കുന്ന ടീം ഡിയുടെ ഭാഗമാണ് ഇഷാന്‍ കിഷന്‍. പരിക്കേറ്റതിനെ തുടര്‍ന്ന് ഇഷാന്‍ പിന്മാറുകയാണെങ്കില്‍ സഞ്ജു സാംസണെ ഉള്‍പ്പെടപത്തുമെന്നാണ് ക്രിക്ബസ് റിപ്പോര്‍ട്ട്.
രണ്ട് രീതിയിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. ഇഷാന്‍ കിഷാന്‍ ദുലീപ് ട്രോഫിയില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കുമോ അതോ കിഷന്‍ അവസാന ഘട്ടത്തില്‍ ദുലീപ് ട്രോഫിയില്‍ കളിക്കുമോ എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് വരുന്നത്. ഈ രണ്ട് കാര്യത്തിലും വ്യക്തതതയില്ലെന്നുള്ളതാണ് വാസ്തവം. ഒരിടവേളയ്ക്ക് ശേഷം കഴിഞ്ഞ മാസം ചെന്നൈയില്‍ നടന്ന ബുച്ചി ബാബു ക്രിക്കറ്റില്‍ കിഷന്‍ ജാര്‍ഖണ്ഡിനായി കളിച്ചിരുന്നു. ദുലീപ് ട്രോഫി ടൂര്‍ണമെന്റിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ തിരഞ്ഞെടുക്കുന്നത്.
ജാര്‍ഖണ്ഡ് ആദ്യ റൗണ്ടില്‍ പുറത്തായതിനാല്‍ രണ്ട് മത്സരങ്ങളില്‍ മാത്രമെ കിഷന് കളിക്കാനായുള്ളൂ. ആദ്യ മത്സരത്തില്‍ സെഞ്ചുറി(114) നേടി തിളങ്ങിയ കിഷന്‍ രണ്ടാം ഇന്നിംഗ്‌സില്‍ 41 റണ്‍സുമായി പുറത്താകാതെ നിന്നു. എന്നാല്‍ രണ്ടാം മത്സരത്തില്‍ 1, 5 എന്നിങ്ങനെയായിരുന്നു കിഷന്റെ സ്‌കോര്‍. കഴിഞ്ഞ വര്‍ഷം ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കണമെന്ന ബിസിസിഐ നിര്‍ദേശം അനുസരിക്കാത്തതിന്റെ പേരില്‍ വാര്‍ഷക കരാര്‍ നഷ്ടമായ കിഷന്‍ ഇത്തവണ ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താനുള്ള ശ്രമത്തിലായിരുന്നു.ഇതിന്റെ ഭാഗമായാണ് ദുലീപ് ട്രോഫിയ്ക്കുള്ള ടീമില്‍ ഇഷാനെ ഉള്‍പ്പെടുത്തിയത്. ബുച്ചി ബാബു ക്രിക്കറ്റിനിടെ പരിക്കേറ്റ സൂര്യകുമാര്‍ യാദവ് ദുലീപ് ട്രോഫിയില്‍ നിന്ന് പിന്മാറിയിട്ടുണ്ട്.
അതേസമയം, ദുലീപ് ട്രോഫിയ്ക്കായി പ്രഖ്യാപിച്ച ആദ്യ നാല് ടീമുകളിലും സഞ്ജുവിന് ഇടമുണ്ടായില്ല. ഇപ്പോഴിതാ ഇഷാന്റെ ഒഴിവില്‍ സഞ്ജുവിന് അവസരം ലഭിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഐപിഎല്ലിന് ശേഷം സഞ്ജു സാംസണിന് വേണ്ടത്ര അവസരങ്ങള്‍ ലഭിച്ചിട്ടില്ല. ഇന്ത്യന്‍ ലോകകപ്പ് ടീമിലും ഉള്‍പ്പെട്ടെങ്കിലും കളിക്കാനായില്ല. പിന്നീട് അവസരം ലഭിച്ച ക്രിക്കറ്റ് ടൂര്‍ണമെന്റിലാകട്ടെ സഞ്ജുവിന് നന്നായി കളിക്കുവാനും സാധിച്ചില്ല. ഇഷാന്‍ കിഷന്‍ പിന്മാറുകയാങ്കില്‍ സഞ്ജുവിന് ടീമില്‍ ഇടം കിട്ടുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.