ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ നായകരിൽ ഒരാളായ എംഎസ് ധോണിയുമായി പല തവണ താരതമ്യം ചെയ്യപ്പെട്ട താരമാണ് മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ.അദ്ദേഹത്തിന്റെ ക്യാപ്റ്റൻസി ശൈലിയും കളിക്കളത്തിലെ കൂളായി നിൽക്കാനുള്ള കഴിവുമാണ് ഇതിനുള്ള പ്രധാന കാരണം. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെ നയിക്കവെ പ്രതിസന്ധി ഘട്ടങ്ങളിൽ സഞ്ജുവിന്റെ ഈ കൂൾ ശൈലി ആരാധകരുടെ കൈയടിയും നേടിയിട്ടുണ്ട്.
എന്നാൽ ക്യാപ്റ്റനെന്ന നിലയിൽ ധോണിയേക്കാൾ ഒരുപടി മുകളിലാണ് സഞ്ജുവെന്നാണ് റോയൽസിന്റെ ഫിറ്റ്‌നസ് കോച്ചായ രാജാമണി പ്രഭു പറയുന്നത്.ഇതിന്റെ കാരണത്തെക്കുറിച്ചും അദ്ദേഹം തുറന്നുപറയുന്നുണ്ട്. വൺഇന്ത്യ മലയാളത്തിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് രാജാമണി ഇക്കാര്യം തുറന്നുപറഞ്ഞത്.
എഎസ് ധോണിയുമായി സഞ്ജു സാംസണിനെ പലരും താരതമ്യം ചെയ്യുന്നത് താൻ കണ്ടിട്ടുണ്ടെന്നു രാജാമണി പ്രഭു പറയുന്നു. സഞ്ജു സാംസണിന്റെ കൂടെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ആളെന്ന നിലയിൽ ഒരു കാര്യം ഞാൻ ഉറപ്പിച്ചു പറയും. എല്ലാ കാര്യത്തിലും എംഎസ് ധോണിയേക്കാൾ ഒരു സ്‌റ്റെപ്പ് മുകളിലാണ് അദ്ദേഹം. റോയൽസിലെ എല്ലാവരെയും ഒരേ രീതിയിൽ കൈകാര്യം ചെയ്യാനുള്ള സഞ്ജുവിന്റെ കഴിവ് എടുത്തു പറയേണ്ടതാണ്.
ധോണി ഒരുപാട് വലിയ നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള ക്യാപ്റ്റനാണ്. അന്താരാഷ്ര ക്രിക്കറ്റിൽ ഇന്ത്യക്കു ലോകകപ്പുൾപ്പെടെ നിരവധി ഐസിസി ട്രോഫികൾ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. കൂടാതെ അഞ്ചു തവണ ഐപിഎൽ കിരീടവും നേടിയ ക്യാപ്റ്റനാണ് ധോണി. ഈ തരത്തിലുള്ള ഒരു ഇതിഹാസ ക്രിക്കറ്റർ എന്തെങ്കിലുമൊരു കാര്യം പറയുകയാണെങ്കിൽ അതു ടീമിലെ എല്ലാവരും അനുസരിക്കുകയും വേദവാക്യമായി എടുക്കുകയും ചെയ്യും.
പക്ഷെ സഞ്ജുവിനു ധോണിയെപ്പോലെ വലിയൊരു താരപ്രഭയില്ല. റോയൽസ് ടീമിനെയെടുത്താൽ 11 പേരും ക്യാപ്റ്റൻമാരെപ്പോലെ ഐഡിയകളുള്ളവരാണ്. ജോസ് ബട്‌ലർ ഒരു ടീമിന്റെ (ഇംഗ്ലണ്ട്) ക്യാപ്റ്റനാണ്. ആർ അശ്വിൻ ക്രിക്കറ്റിനെക്കുറിച്ച് വളരെയധികം അറിവുള്ളയാളാണ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ടീമിനെ നയിക്കാൻ സാധിക്കുന്നവരാണ് റോയൽസിലെ ഭൂരിഭാഗം കളിക്കാരും. ആഭ്യന്തര ക്രിക്കറ്റിൽ നിന്നെത്തിയ റോയൽസിലെ ഇന്ത്യൻ താരങ്ങളിൽ പലരും നേതൃശേഷിയുള്ളവരാണ്.
എന്നിട്ടും ഇവരെല്ലാം ടീം ക്യാപ്റ്റനായ സഞ്ജുവിനെ പൂർണമായി വിശ്വസിക്കുകയും നിർദേശങ്ങൾ അനുസരിക്കുകയും ചെയ്യുന്നു. കാരണം സഞ്ജു ഒരു കാര്യം പറയുകയാണെങ്കിൽ അതു ശരിയായിരിക്കുമെന്ന് അവർക്കറിയാം. സഞ്ജു ചിന്തിക്കുന്ന രീതിയും കളിക്കാരെ പിന്തുണയ്ക്കുന്നതുമെല്ലാം എല്ലായ്‌പ്പോഴും വ്യത്യസ്തമാണ്. അതുകൊണ്ടു തന്നെ ജോസ് ബട്‌ലർ മുതൽ ധ്രുവ് ജുറേൽ വരെ ടീമിലെ എല്ലാവരും സഞ്ജുവിനെ അനുസരിക്കുകയും അദ്ദേഹത്തിന്റെ വാക്കുകൾക്കു വലിയ വില നൽകുകയും ചെയ്യുന്നതായും രാജാമണി പ്രഭു വിശദീകരിക്കുന്നു.
വിജയമായാലും തോൽവിയായാലും അതിനെ ഒരേ രീതിയിൾ ഉൾക്കൊള്ളാൻ സഞ്ജു സാംസണിനുള്ള കഴിവ് അപാരമാണെന്നാണ് രാജാമണിയുടെ അഭിപ്രായം. ടീം ജയിച്ചാലും തോറ്റാലും സഞ്ജു എല്ലായ്‌പ്പോഴും ഒരുപോലെ തന്നെയായിരിക്കും. എംഎസ് ധോണി എങ്ങനെയാണെന്നു എനിക്കറിയില്ല. ചില സമയങ്ങളിൽ അദ്ദേഹത്തെ കുപിതനായി ഞാൻ കാണുകയും ചെയ്തിട്ടുണ്ട്.പക്ഷെ റോയൽസ് ടീമിനൊപ്പം ചേർന്നതിനു ശേഷം ഇതുവരെ ഞാൻ സഞ്ജുവിനെ ക്ഷുഭിതനായി കണ്ടിട്ടില്ല. കളിക്കളത്തിൽ മാത്രമല്ല, ഡ്രസിങ് റൂമിലും അദ്ദേഹം ഇതുവരെ ചൂടായിട്ടില്ലെന്നും രാജാമണി വെളിപ്പെടുത്തി.
അതേസമയം, വീണ്ടുമൊരു സീസണിൽ കൂടി റോയൽസിനെ നയിക്കാനുള്ള തയ്യാറെടുപ്പിലാണ് സഞ്ജു. 2021 മുതൽ അദ്ദേഹം ടീമിന്റെ ക്യാപ്റ്റമാണ്. 2022ൽ അദ്ദേഹത്തിനു കീഴിൽ റോയൽസ് റണ്ണറപ്പാവുകയും ചെയ്തു. അവസാന സീസണിൽ റോയൽസ് പ്ലേഓഫിൽ തോറ്റു പുറത്താവുകയായിരുന്നു. വരാനിരിക്കുന്ന സീസണിൽ റോയൽസിന്റെ പുതിയ കോച്ചായി രാഹുൽ ദ്രാവിഡ് വന്നതോടെ റോയൽസ് ടീമും സഞ്ജുവുമെല്ലാം വലിയ പ്രതീക്ഷയിൽ തന്നെയാണ്.