ന്യൂയോർക്ക്: ടി20 ലോകകപ്പ് പ്ലേയിംഗ് ഇലവനിൽ ഇടംനേടാനുള്ള സുവർണാവസരമാണ് മലയാളി താരം സഞ്ജു സാംസൺ ഇന്നലെ നഷ്ടമാക്കിയത്.സന്നാഹ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ഓപ്പണറായെത്തിയ സഞ്ജു ആറുപന്തിൽ ഒരു റൺസുമായാണ് മടങ്ങിയത്.ഷൊറിഫുൽ ഇസ്ലാമിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു സഞ്ജു.എന്നാൽ റിഷഭ് പന്ത് കിട്ടിയ അവസരം മുതലെടുത്ത് 32 പന്തിൽ നിന്ന് 53 റൺസാണ് അടിച്ചെടുത്തത്.നാല് വീതം സിക്‌സും ഫോറും അടങ്ങുന്നതായിരുന്ന പന്തിന്റെ ഇന്നിംഗ്‌സ്.
ഇതോടെ പന്ത് വിക്കറ്റ് കീപ്പറാവുമെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു.ഇപ്പോഴിതാ പന്തിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സുനിൽ ഗവാസ്‌കർ.അദ്ദേഹത്തിന്റെ വാക്കുകൾ... ''വിക്കറ്റ് കീപ്പിംഗ് കഴിവുകൾ താരതമ്യം ചെയ്താൽ സഞ്ജുവിനേക്കാൾ മികച്ച വിക്കറ്റ് കീപ്പർ റിഷഭ് പന്താണെന്ന് ഞാൻ പറയും.ഇവിടെ ബാറ്റിംഗിനെക്കുറിച്ചല്ല സംസാരിക്കുന്നത്. ഇനി ബാറ്റിംഗിലേ് വരുമ്പോൾ കഴിഞ്ഞ കുറച്ച് ഐപിഎൽ മത്സരങ്ങളിൽ പന്ത് മികച്ച പ്രകടനം പുറത്തെടുത്തു. മറുവശത്ത്, സഞ്ജു സാംസൺ ഐപിഎൽ സീസൺ മികച്ച രീതിയിൽ ആരംഭിച്ചു.കൂടുതൽ റൺസ് നേടി, പന്ത് ഗ്രൗണ്ടിന്റെ എല്ലാ കോണുകളിലും പായിക്കാൻ സഞ്ജുവിന് സാധിച്ചു.'' ഗവാസ്‌കർ പറഞ്ഞു.
അതെസമയം സഞ്ജുവിന്റെ ഐപിഎൽ പ്രകടനത്തെ കുറിച്ചും ഗവാസ്‌കർ സംസാരിച്ചു. ''ഐപിഎല്ലിൽ കഴിഞ്ഞ രണ്ട്-മൂന്ന് മത്സരങ്ങളിൽ അദ്ദേഹത്തിന് വേണ്ടത്ര റൺസ് നേടാനായില്ല. എന്നാൽ ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരത്തിൽ അദ്ദേഹത്തിന് വലിയ അവസരമുണ്ടായിരുന്നു. 50-60 സ്‌കോർ ചെയ്തിരുന്നെങ്കിൽ ലോകകപ്പിൽ ആരെന്നുള്ള ചോദ്യത്തിന് തന്നെ പ്രസക്തിയില്ലാതാകുമായിരുന്നു. ഇപ്പോൾ എനിക്ക് തോന്നുന്നത് സെലക്ഷൻ കമ്മിറ്റി പന്തിനെ കീപ്പറായി പരിഗണിക്കുമെന്നാണ്.'' ഗവാസ്‌കർ പറഞ്ഞു.
നേരത്തെ, സൗരവ് ഗാംഗുലിയും പന്തിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. വിക്കറ്റ് കീപ്പറായി റിഷഭ് പന്തിനെയാണ് ഇന്ത്യ കളിപ്പിക്കേണ്ടതെന്നും ഗാംഗുലി അഭിപ്രായപ്പെട്ടു. നന്നായി കീപ്പ് ചെയ്യുന്ന പന്ത് സ്‌പെഷ്യൽ ടാലന്റാണെന്നും പന്തിന്റെ ബാറ്റിംഗ് മികവ് ടീമിന് ഗുണം ചെയ്യുമെന്നും ഗാംഗുലി പറഞ്ഞു.
ഇന്ത്യൻ ടീം: രോഹിത് ശർമ്മ, യശസ്വി ജയ്‌സ്വാൾ, വിരാട് കോലി, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, റിഷഭ് പന്ത്, സഞ്ജു സാംസൺ, അർഷ്ദീപ് സിംഗ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.