സഞ്ജുവിന്റെ തകർപ്പൻ തിരിച്ചുവരവ്; ബംഗ്ലാദേശിനെതിരായ ഒന്നാം ടി20 ഓപ്പണിങ്ങിൽ പിറന്നത് ക്ലാസിക് ഷോട്ടുകൾ

ഓപ്പണിങ്ങിലേക്കെത്തുമ്പോൾ സഞ്ജു പതറുമെന്ന് കരുതിയവരുടെ വായടപ്പിക്കുന്ന തരത്തിൽ മനോഹരമായ ഷോട്ടുകൾ കളിക്കാൻ സഞ്ജുവിന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്.

author-image
Greeshma Rakesh
New Update
sanju samson excellent performance in 1st t20 against bangladesh

sanju samson in 1st t20 against bangladesh

ഗ്വാളിയോർ: ബംഗ്ലാദേശിനെതിരായ ഒന്നാം ടി20യിൽ അനായാസ ജയമാണ് ഇന്ത്യ നേടിയെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 19.5 ഓവറിൽ 127 റൺസിൽ പുറത്തായി. മറുപടിക്കിറങ്ങിയ ഇന്ത്യ 49 പന്തും ഏഴ് വിക്കറ്റും ബാക്കി നിർത്തിയാണ് വിജയിച്ചത്. ഹാർദിക് പാണ്ഡ്യ 16 പന്തിൽ 5 ഫോറും 2 സിക്‌സും ഉൾപ്പെടെ 39 റൺസോടെ പുറത്താവാതെ നിന്ന് ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചു. സൂര്യകുമാർ യാദവും സഞ്ജു സാംസണും 29 റൺസ് വീതം നേടിയതാണ് മത്സരത്തിൽ നിർണ്ണായകമായത്.ഇതിൽ സഞ്ജുവിന്റെ തകർപ്പൻ പ്രകടനം പുതിയ  തിരിച്ചുവരവാണെന്നാണ് ആരാധകർ പറയുന്നത്.

ഇന്ത്യയ്ക്കായി ഓപ്പണർ റോളിലേക്ക് സഞ്ജു സാംസണെത്തിയപ്പോൾ ആരാധകരടക്കം വലിയ ആശങ്കകളേറെയായിരുന്നു.ലോകകപ്പിലെയും ശ്രീലങ്കൻ പരമ്പരയിലെയും സഞ്ജു സാംസണിന്റെ പ്രകടനം തീർത്തും നിരാശപ്പെടുത്തുന്നതായിരുന്നു. അതുകൊണ്ടുതന്നെ ബംഗ്ലാദേശിനെതിരേ സഞ്ജുവിന്റെ പ്രകടനം എങ്ങനെയാവുമെന്നായിരുന്നു എല്ലാവരും ഉറ്റുനോക്കിയിരുന്നത്. ഭേദപ്പെട്ട പ്രകടനത്തോടെ കൈയടി നേടാൻ സഞ്ജുവിന് സാധിച്ചു.ഓപ്പണിങ്ങിലേക്കെത്തുമ്പോൾ സഞ്ജു പതറുമെന്ന് കരുതിയവരുടെ വായടപ്പിക്കുന്ന തരത്തിൽ മനോഹരമായ ഷോട്ടുകൾ കളിക്കാൻ സഞ്ജുവിന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്.

19 പന്തുകൾ നേരിട്ട് 29 റൺസോടെയാണ് സഞ്ജു മിന്നിച്ചത്. 152.63 സ്‌ട്രൈക്ക് റേറ്റിലാണ് സഞ്ജു കൈയടി നേടിയത്. വലിയ സ്‌കോറിലേക്കുയരനായില്ലെങ്കിലും ഇന്ത്യക്ക് അടിത്തറ പാകിയ ശേഷമാണ് സഞ്ജു സാംസൺ മടങ്ങിയതെന്ന് പറയാം. ഇന്ത്യയുടെ മാച്ച് വിന്നറാവാൻ സാധിച്ചില്ലെങ്കിലും നിർണ്ണായ സംഭാവനകളോടെ മികവ് കാട്ടാൻ സഞ്ജുവിന് സാധിച്ചുവെന്ന് തന്നെ പറയാം.സഞ്ജു സാംസൺ തുടങ്ങിയത് തന്നെ മനോഹരമായ സ്‌ട്രെയ്റ്റ് ഡൈവിലൂടെയാണ്. ബൗളർമാരുടെ വേഗതയെ മുതലാക്കി മികച്ച ടൈമിങ്ങോടെ കളിക്കാൻ സഞ്ജുവിന് സാധിച്ചു. ഓഫ് ഡ്രൈവടക്കം അത്ഭുതപ്പെടുത്തുന്ന ടൈമിങ്ങോടെ മികച്ച ഷോട്ടുകൾ കളിക്കാൻ സഞ്ജുവിനായി. 

സ്പിന്നർക്കെതിരേ കടന്നാക്രമിക്കാൻ ശ്രമിച്ച് ടൈമിങ് പിഴച്ചാണ് സഞ്ജു പുറത്തായത്. എന്നാൽ ഭേദപ്പെട്ട പ്രകടനത്തോടെ അഭിമാനിക്കാവുന്ന പ്രകടനം തന്നെ നടത്താൻ സഞ്ജുവിന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. സഞ്ജുവിന് ഇന്ത്യയുടെ ഓപ്പണർ റോളിൽ തിളങ്ങാൻ സാധിക്കുമെന്ന് അടിവരയിട്ട് തെളിയിക്കുന്ന പ്രകടനമാണ് അദ്ദേഹം നടത്തിയത്. തുടർ അവസരങ്ങൾ അദ്ദേഹത്തിന് നൽകുമെന്ന് തന്നെ പ്രതീക്ഷിക്കാം.

ശ്രീലങ്കയ്‌ക്കെതിരേ രണ്ട് മത്സരത്തിലും സഞ്ജു ഡെക്കിനാണ് പുറത്തായത്. രണ്ട് മത്സരത്തിലും പിച്ചിനെ മനസിലാക്കാതെ കടന്നാക്രമിക്കാൻ ശ്രമിച്ച് സഞ്ജു വിക്കറ്റ് തുലക്കുകയായിരുന്നു. എന്നാൽ ബംഗ്ലാദേശിനെതിരായ ഒന്നാം ടി20യിൽ ഈ പിഴവ് നികത്തുന്ന പ്രകടനമാണ് സഞ്ജു കാഴ്ചവെച്ചത്. ക്ഷമയോടെ തുടങ്ങുകയും മോശം ബോളുകളെ തിരഞ്ഞാക്രമിക്കാനും സഞ്ജുവിന് സാധിച്ചു. രാജസ്ഥാൻ റോയൽസ് നായകനാണ് സഞ്ജു.

നായകനെന്ന നിലയിൽ കാട്ടേണ്ട പക്വതയും ഉത്തരവാദിത്തവും നിറഞ്ഞ് നിൽക്കുന്ന ബാറ്റിങ് പ്രകടനമാണ് സഞ്ജു നടത്തിയതെന്ന് പറയാം. വലിയ സമ്മർദ്ദം സഞ്ജുവിന് മുകളിലുണ്ടായിരുന്നു. നിരാശപ്പെടുത്തിയാൽ ഇനിയൊരു തിരിച്ചുവരവ് എളുപ്പമല്ലെന്ന് സഞ്ജുവിന് അറിയാമായിരുന്നു. ഈ സാഹചര്യത്തിലും മികച്ച പ്രകടനത്തോടെ കൈയടി നേടാൻ സഞ്ജുവിന് സാധിച്ചു.സഞ്ജുവിന്റെ പ്രകടനം ആരാധകരേയും തൃപ്തിപ്പെടുത്തുന്നതാണ്. മാച്ച് വിന്നറാവാൻ സാധിക്കാത്തതിൽ നിരാശയുണ്ടെങ്കിലും സഞ്ജുവിന്റെ പ്രകടനം ആരാധകരുടെ പ്രതീക്ഷക്കൊത്ത് ഉയർന്നുവെന്ന് തന്നെ പറയാം. വിക്കറ്റിന് പിന്നിലും തകർപ്പൻ പ്രകടനത്തോടെ കൈയടി നേടാൻ സഞ്ജുവിനായി.


പ്ലേയിങ് 11

ഇന്ത്യ- അഭിഷേക് ശർമ, സഞ്ജു സാംസൺ, സൂര്യകുമാർ യാദവ് (c), റിയാൻ പരാഗ്, നിതീഷ് കുമാർ റെഡി, ഹാർദിക് പാണ്ഡ്യ, റിങ്കു സിങ്, വാഷിങ്ടൺ സുന്ദർ, വരുൺ ചക്രവർത്തി, മായങ്ക് യാദവ്, അർഷ്ദീപ് സിങ്

ബംഗ്ലാദേശ്- ലിറ്റൻ ദാസ്, പർവേസ് ഹൊസൈൻ ഇമോൻ, നജ്മുൽ ഹൊസൈൻ ഷാന്റോ (c), തൗഹിദ് ഹൃദോയി, മഹമ്മൂദുല്ല, മെഹതി ഹസൻ മിറാസ്, ജാക്കർ അലി, റിഷാദ് ഹൊസൈൻ, ഷൊറിഫുൽ ഇസ്ലാം, ടസ്‌കിൻ അഹമ്മദ്, മുസ്തഫിസുർ റഹ്‌മാൻ



cricket t20 Sanju Samson IND vs BAN