പാരീസ് ഒളിംപിക്‌സില്‍ വെങ്കലം നേടിയ പിആർ ശ്രീജേഷിനെ മലയാളത്തിൽ അഭിനന്ദിച്ച് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കർ.അടിപൊളി എന്ന് മലയാളത്തില്‍ എഴുതിക്കൊണ്ടാണ് സച്ചിന്റെ കുറിപ്പ് ആരംഭിക്കുന്നത്. ഇന്ത്യന്‍ ഹോക്കിയുടെ ഭാഗ്യമാണ് ശ്രീജേഷ് എന്നാണ് താരം കുറിച്ചത്. കായികലോകത്തോടുള്ള ശ്രീജേഷിന്റെ സമർപ്പണവും പ്രതിബദ്ധതയും ആവേശവും സമാനതകളില്ലാത്തതാണെന്നും സച്ചിൻ സോഷ്യൽ മിഡിയ പ്ലാറ്റ്ഫോമായ എക്സിൽ കുറിച്ചു.
‘അടിപൊളി പി ആർ ശ്രീജേഷ്.. വർഷങ്ങളായി നിങ്ങൾ പൂർണ ഹൃദയത്തോടെ ഗോൾപോസ്റ്റിന് മുന്നിൽ നിലകൊണ്ടു. ഹോക്കിയോടുള്ള നിങ്ങളുടെ സമർപ്പണവും പ്രതിബദ്ധതയും ആവേശവും സമാനതകളില്ലാത്തതാണ്. ഈ ഒളിമ്പിക്‌സിൽ ഗ്രേറ്റ് ബ്രിട്ടനെതിരായ മത്സരം എങ്ങനെ മറക്കാനാകും. 10 പേരുമായി നമ്മൾ 42 മിനിറ്റ് കളിച്ചു. നിങ്ങളുടെ പ്രകടനം ഗംഭീരമായിരുന്നു. നിങ്ങളുടെ സാന്നിധ്യം ഇന്ത്യൻ ഹോക്കിയ്‌ക്ക് വലിയ നേട്ടമാണുണ്ടാക്കിയത്. ത്യാഗങ്ങൾക്ക് നന്ദി. നിങ്ങളുടെ ജീവിതത്തിന്റെയും കരിയറിന്റെയും രണ്ടാം പകുതിക്ക് ആശംസകൾ നേരുന്നു’, സച്ചിൻ കുറിച്ചു.
പാരീസ് ഒളിംപിക്‌സിന് ശേഷം വിരമിക്കുമെന്ന് ശ്രീജേഷ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യൻ ടീമിന് പാരിസ് ഒളിമ്പിക്സിൽ വെങ്കലം നേടാനായതോടെ മെഡൽ തിളക്കത്തിൽ ശ്രീജേഷിന് കളിക്കളത്തിൽ നിന്നും മടങ്ങാനായി. ഇന്ത്യന്‍ ജേഴ്‌സിയില്‍ ശ്രീജേഷിന്റ 335-ാം മത്സരംകൂടിയായിരുന്നു ഇത്.