തിരുവനന്തപുരം : കേരള ക്രിക്കറ്റ് ലീഗിന്റെ (കെസിഎല്‍) ചരിത്രത്തിലെ ആദ്യ സെഞ്ചറി നേട്ടവുമായി ചരിത്രമെഴുതിയതിനു നേട്ടത്തിന് പിന്നാലെ അസാമാന്യ ഫീല്‍ഡിങ് പ്രകടനവുമായി സച്ചിന്‍ ബേബി. കഴിഞ്ഞ ദിവസം നടന്ന കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിനെതിരായ മത്സരത്തിലാണ് താരത്തിന്റെ മികച്ച പ്രകടനം. അസാമാന്യ മെയ് വഴക്കത്തോടെ പറന്നുയര്‍ന്നാണ് ഏരീസ് കൊല്ലം സെയ്ലേഴ്‌സ് ക്യാപ്റ്റന്‍ എക്‌സ്ട്രാ ഓര്‍ഡിനറി പ്രകടനം കാഴ്ചവെച്ചത്. കാലിക്കറ്റ് താരം എം. നിഖിലിന്റെ സിക്‌സ് എന്ന് ഉറപ്പിച്ച ഷോട്ടാണ് സച്ചിന്‍ ബേബി രക്ഷപ്പെടുത്തിയത്. മത്സരം സച്ചിന്റെ ടീം മൂന്നു വിക്കറ്റിനു വിജയിച്ചു.
മത്സരത്തില്‍ ടോസ് നേടിയ കാലിക്കറ്റ് ടീം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മലിന്റെ അര്‍ധസെഞ്ചറിയും ഓപ്പണര്‍ ഒമര്‍ അബൂബക്കര്‍, സല്‍മാന്‍ നിസാര്‍ എന്നിവരുടെ ഇന്നിങ്‌സുകളും കരുത്തായതോടെ അവര്‍ നേടിയത് നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സ്. മറുപടി ബാറ്റിങ്ങില്‍ അരുണ്‍ പൗലോസ് (24 പന്തില്‍ 44), സച്ചിന്‍ ബേബി (31 പന്തില്‍ 34), അനന്തു സുനില്‍ (20 പന്തില്‍ 24), ഷറഫുദ്ദീന്‍ (10 പന്തില്‍ 20), അമല്‍ (ഏഴു പന്തില്‍ പുറത്താകാതെ 17) എന്നിവര്‍ തിളങ്ങിയതോടെ കൊല്ലം ഒരു പന്തു ബാക്കിനില്‍ക്കെ വിജയത്തിലെത്തി.