ചെന്നൈ: ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ 7 വിക്കറ്റിന് തോല്‍പ്പിച്ചാണ് ചെന്നൈ സൂപ്പര്‍ കിങ്സ് സീസണിലെ മൂന്നാം വിജയം സ്വന്തമാക്കിയത്. ചെന്നൈ നായകന്‍ റുതുരാജ് ഗെയ്ക്വാദാണ് സിഎസ്‌കെയെ മൂന്നാം വിജയത്തിലേക്ക് നയിച്ചത്. അര്‍ദ്ധ സെഞ്ച്വറി നേട്ടത്തോടെ തകര്‍പ്പന്‍ നേട്ടവും ചെന്നൈ നായകനെ തേടിയെത്തി.
ഐപിഎല്‍ സീസണില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ അര്‍ദ്ധ സെഞ്ച്വറി നേടുന്ന ആദ്യ സിഎസ്‌കെ ക്യാപ്റ്റനെന്ന നേട്ടമാണ് റുതുരാജ് ഗെയ്ക്വാദ് നേടിയത്. 2019ല്‍ എം എസ് ധോണിയാണ് ഐപിഎല്ലില്‍ അവസാനമായി ഫിഫ്റ്റി നേടിയ ചെന്നൈ നായകന്‍. 2022ലെ ഐപിഎല്ലിലും ധോണി അര്‍ദ്ധ സെഞ്ച്വറി നേടിയെങ്കിലും അത് രവീന്ദ്ര ജഡേജയുടെ ക്യാപ്റ്റന്‍സിയിലായിരുന്നു.
ഇതാദ്യമായാണ് ക്യാപ്റ്റന്‍ അര്‍ദ്ധ സെഞ്ച്വറി നേടുന്നത്. ചെന്നൈയില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയെ നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സിലൊതുക്കാന്‍ ചെന്നൈയ്ക്ക് സാധിച്ചു. മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തിയ രവീന്ദ്ര ജഡേജ, തുഷാര്‍ ദേശ്പാണ്ഡെ എന്നിവരാണ് കൊല്‍ക്കത്തയുടെ നട്ടെല്ലൊടിച്ചത്. മുസ്തഫിസുര്‍ റഹ്മാന്‍ രണ്ടും മഹീഷ് തീക്ഷ്ണ ഒരു വിക്കറ്റും വീതം വീഴ്ത്തി.