കരിയറില്‍ 900 ഗോളുകള്‍; ചരിത്രനേട്ടത്തില്‍ ക്രിസ്റ്റിനോ റൊണാള്‍ഡോ

ക്രൊയേഷ്യയ്‌ക്കെതിരെയായിരുന്നു താരത്തിന്റെ ചരിത്ര നേട്ടം. ചരിത്ര നേട്ടം താരം സ്വന്തമാക്കിയതോടെ വിജയവും പോര്‍ച്ചുഗലിന് സ്വന്തം. 21നാണ് ടീം വിജയം നേടിയത്.

author-image
Athira Kalarikkal
New Update
ronaldo

Cristiano Ronaldo

Listen to this article
0.75x 1x 1.5x
00:00 / 00:00

ലിസ്ബണ്‍ : യുവേഫ നേഷന്‍സ് ലീഗ് പോരാട്ടത്തില്‍ ചരിത്ര നേട്ടം സ്വന്തമാക്കി ക്രിസ്റ്റിയാനോ റൊണാള്‍ഡോ. കരിയറിലെ 900 ഗോളുകള്‍ നേടിയാണ് താരം റെക്കോര്‍ഡിട്ടത്. ക്രൊയേഷ്യയ്‌ക്കെതിരെയായിരുന്നു താരത്തിന്റെ ചരിത്ര നേട്ടം. ചരിത്ര നേട്ടം താരം സ്വന്തമാക്കിയതോടെ വിജയവും പോര്‍ച്ചുഗലിന് സ്വന്തം. 21നാണ് ടീം വിജയം നേടിയത്. 34ാം മിനിറ്റില്‍ നുനോ മെന്‍ഡസിന്റെ ക്രോസ് പിടിച്ചെടുത്ത് ക്ലോസ് റേഞ്ചില്‍നിന്ന് റൊണാള്‍ഡോയുടെ വോളി വലയിലെത്തുകയായിരുന്നു. രാജ്യാന്തര ഫുട്‌ബോളില്‍ 131 ഗോളുകളാണ് റൊണാള്‍ഡോയ്ക്കുള്ളത്.

450 ഗോളുകള്‍ സ്പാനിഷ് ക്ലബ് റയല്‍ മഡ്രിഡിലും 145 എണ്ണം മാഞ്ചസ്റ്റര്‍ യുണൈറ്റഡിലും 101 ഗോളുകള്‍ യുവന്റസിലും 68 ഗോളുകള്‍ അല്‍ നസ്‌റിലും നേടി. കൂടാതെ, അഞ്ചെ് ഗോളുകള്‍ ആദ്യ ക്ലബ്ബായ സ്‌പോര്‍ടിങ് ലിസ്ബനിലും താരം സ്വന്തമാക്കി. 859 കരിയര്‍ ഗോളുകളുമായി അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സിയാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്. 765 ഗോളുകളുമായി ബ്രസീല്‍ ഇതിഹാസ താരം പെലെയാണ് മൂന്നാമത്.

റൊണാള്‍ഡോയുടെ 769 ഗോളുകളും ക്ലബ്ബ് കരിയറില്‍ നിന്നുള്ളതാണ്. ചരിത്ര ഗോള്‍ പിറന്നപ്പോള്‍ കൈകള്‍കൊണ്ട് മുഖം മറച്ച് ഗ്രൗണ്ടില്‍ വീണാണ് താരം ആഘോഷിച്ചത്. ''ഏറെക്കാലമായി ആഗ്രഹിച്ചിരുന്ന നേട്ടത്തിലാണ് ഇപ്പോള്‍ എത്തിയത്. ഞാന്‍ കളിക്കുന്നതു തുടര്‍ന്നാല്‍ ഈ നമ്പരിലേക്ക് എത്താന്‍ സാധിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു.'' റൊണാള്‍ഡോ മത്സരശേഷം പ്രതികരിച്ചു. ഇതു കൂടാതെ പുരുഷ ഫുട്‌ബോളില്‍ 800 ഗോള്‍ തികയ്ക്കുന്ന ആദ്യ താരമെന്ന റെക്കോര്‍ഡ് റൊണാള്‍ഡോ നേരത്തേ സ്വന്തമാക്കിയിരുന്നു, ഇപ്പോഴിതാ 900 ഗോളുകള്‍ നേടുന്ന ആദ്യ താരവുമായി. ആയിരം ഗോളുകളിലേക്കെത്തുകയാണ് തന്റെ ഏറ്റവും വലിയ ലക്ഷ്യമെന്നു റൊണാള്‍ഡോ പ്രതികരിച്ചിട്ടുണ്ട്. പോര്‍ച്ചുഗീസ് ക്ലബ്ബില്‍ കരിയര്‍ തുടങ്ങിയ റോണോ 2003ലാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ചേരുന്നത്. 

ആറു സീസണുകള്‍ക്കു ശേഷം സ്പാനിഷ് വമ്പന്‍മാരായ റയലിലെത്തി. ഒന്‍പതു വര്‍ഷത്തെ കരിയറില്‍ 438 മത്സരങ്ങളില്‍നിന്ന് റയലില്‍ താരം അടിച്ചുകൂട്ടിയത് 450 ഗോളുകള്‍. രണ്ടു വര്‍ഷം ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസില്‍ കളിച്ച ശേഷം വീണ്ടും മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ തിരിച്ചെത്തി. പീന്നിടാണ് സൗദി പ്രോ ലീഗിലേക്ക് റൊണാള്‍ഡോ പോയത്. നേഷന്‍സ് ലീഗിലെ മറ്റു മത്സരങ്ങളില്‍ പോളണ്ട് സ്‌കോട്‌ലന്‍ഡിനെ 32ന് തോല്‍പിച്ചു. സ്വിറ്റ്‌സര്‍ലന്‍ഡിനെ ഡെന്‍മാര്‍ക്ക് ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കു തോല്‍പിച്ചു. യൂറോ കപ്പ് ചാംപ്യന്‍മാരായ സ്‌പെയിനെ സെര്‍ബിയ ഗോള്‍രഹിത സമനിലയില്‍ തളച്ചു. എസ്‌തോണിയയ്‌ക്കെതിരെ സ്‌ലൊവാക്യയും വിജയം സ്വന്തമാക്കി.

 

football christiano ronaldo