മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2025 സീസൺ ആരംഭിക്കുന്നതിന് മുമ്പ് വൻ താരലേലമാണ് നടക്കാൻ പോകുന്നത്.പ്രമുഖ താരങ്ങളെ തങ്ങളുടെ പാളയത്തിൽ എത്തിക്കാനുള്ള നീക്കത്തിലാണ് ടീമുകൾ.പല വമ്പൻ താരങ്ങളുടേയും കൂടുമാറ്റ റിപ്പോർട്ടുകൾ ഇതിനോടകം പുറത്തുവന്നുകഴിഞ്ഞു.അതിൽ ഏവരെയും ഞെട്ടിച്ചിരിക്കുന്ന ഒന്നാണ് മുംബൈ ഇന്ത്യൻസിനെ അഞ്ച് തവണ ചാമ്പ്യന്മാരാക്കിയ രോഹിത് ശർമ കൂടുമാറാൻ തയ്യാറെടുക്കുകയാണെന്ന റിപ്പോർട്ട്.
അവസാന സീസണിൽ രോഹിത്തിനെ മുംബൈ നായകസ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. ഇതിൽ രോഹിത്തിന് അതൃപ്തിയുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിൽ രോഹിത് മുംബൈ വിടുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്. രോഹിത് ശർമ ടീമിൽ തുടർന്നാൽ നായകനായി ഹാർദിക് പാണ്ഡ്യക്ക് മുന്നോട്ട് പോവുക പ്രയാസമായിരിക്കും. ഈ സാഹചര്യത്തിൽ രോഹിത് ടീം വിടാനുള്ള സാധ്യതയാണ് കൂടുതലെന്ന് പറയാം.
എന്നാൽ എങ്ങോട്ടാണ് രോഹിത് കൂടുമാറുന്നതെന്നതാണ് പ്രസക്തമായ ചോദ്യം. ഡൽഹി ക്യാപിറ്റൽസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് തുടങ്ങിയ പല ടീമുകളുടേയും പേരുകൾ ഉയർന്ന് കേൾക്കുന്നുണ്ട്. എന്നാൽ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം രോഹിത് കൂടുമാറുന്നത് പഞ്ചാബ് കിങ്‌സിലേക്കാണെന്നാണ് വിവരം. പഞ്ചാബ് ടീമിന്റെ വൃത്തങ്ങൾ തന്നെയാണ് ഇത് സംബന്ധിച്ച സൂചനകൾ പുറത്തുവിട്ടത്. നായകനായി രോഹിത്തിനെ കൊണ്ടുവരാനാണ് പഞ്ചാബിന്റെ പദ്ധതി.
അവസാന സീസണിൽ ശിഖർ ധവാനായിരുന്നു പഞ്ചാബിന്റെ നായകൻ. എന്നാൽ പരിക്ക് തളർത്തിയ താരം അവസാന സീസണിൽ പല മത്സരവും കളിച്ചിരുന്നില്ല. ഇപ്പോൾ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും ആഭ്യന്തര ക്രിക്കറ്റിൽ നിന്നും ധവാൻ വിരമിക്കൽ പ്രഖ്യാപിച്ചതിനാൽ നായകസ്ഥാനത്ത് നിന്ന് ധവാനെ പഞ്ചാബ് ഒഴിവാക്കുമെന്നുറപ്പാണ്. അതുകൊണ്ടുതന്നെ ഈ റോളിലേക്ക് രോഹിത് ശർമയെ എത്തിക്കാനാണ് പഞ്ചാബ് നീക്കം നടത്തുന്നത്.
പഞ്ചാബ് കിങ്‌സിന്റെ ക്രിക്കറ്റ് ഡവലപ്‌മെന്റിന്റെ ചുമതലയുള്ള സഞ്ജയ് ബംഗാറാണ് രോഹിത് ശർമയെ പഞ്ചാബ് നോട്ടമിടുന്നുണ്ടെന്ന സൂചന പുറത്തുവിട്ടത്. 'പഞ്ചാബ് കിങ്‌സിന്റെ പേഴ്‌സിലെ സാഹചര്യം അനുസരിച്ചാവും രോഹിത്തിന്റെ കാര്യം തീരുമാനിക്കുക. എന്നാൽ രോഹിത് ലേലത്തിലേക്കെത്തിയാൽ വലിയ പ്രതിഫലം അവന് ലഭിക്കുമെന്ന കാര്യം ഉറപ്പാണ്' യുട്യൂബ് ചാനലിൽ സംസാരിക്കവെ ബംഗാർ പറഞ്ഞു. എന്നാൽ ഈ നീക്കം നടക്കാനുള്ള സാധ്യത കുറവാണെന്ന് തന്നെ പറയാം.
മുംബൈയെ അഞ്ച് തവണ ചാമ്പ്യനാക്കിയ രോഹിത് പഞ്ചാബിലേക്ക് പോകാൻ വലിയ താൽപര്യം കാട്ടിയേക്കില്ല. ഡൽഹി ക്യാപിറ്റൽസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നീ രണ്ട് ടീമുകളെയാണ് രോഹിത് കൂടുമാറിയാലും പ്രധാനമായും നോട്ടമിടുന്നത്. മെഗാ ലേലത്തിലേക്ക് രോഹിത് എത്തിപ്പെടാനുള്ള സാധ്യത കുറവാണെന്ന് തന്നെ പറയാം. അതിന് മുമ്പ് തന്നെ മറ്റേതെങ്കിലും ടീമുമായി രോഹിത് ധാരണയിലേക്കെത്തിയേക്കും.
അന്താരാഷ്ട്ര ടി20യിൽ നിന്ന് രോഹിത് വിരമിച്ചെങ്കിലും ഇപ്പോഴും കിടിലൻ പ്രകടനമാണ് അദ്ദേഹം കാഴ്ചവെക്കുന്നത്. ഏകദിനത്തിൽ ടി20യിലേതിന് സമാനമായ പ്രകടനമാണ് ഇപ്പോൾ രോഹിത് നടത്തുന്നത്. വെടിക്കെട്ട് ബാറ്റിങ് മികവ് രോഹിത്തിന് അവകാശപ്പെടാനാവും. എന്നാൽ താരത്തിന്റെ സമീപകാലത്തെ ഐപിഎല്ലിലെ പ്രകടനങ്ങളെല്ലാം മോശമാണ്. പഞ്ചാബ് കിങ്‌സിന് രോഹിത്തിനെ ഒപ്പം കൂട്ടാൻ താൽപര്യമുണ്ടാവും.
എന്നാൽ രോഹിത് ഈ കൂടുമാറ്റത്തിന് തയ്യാറായേക്കില്ല. വരുന്ന സീസണിൽ വലിയ പൊളിച്ചെഴുത്ത് പഞ്ചാബ് കിങ്‌സ് നടത്തിയേക്കും. നിലവിലെ ടീമിന് പ്രതീക്ഷക്കൊത്ത പ്രകടനം നടത്താനായിട്ടില്ല. ഐപിഎല്ലിൽ ഫൈനൽ കളിച്ചിട്ടുണ്ടെങ്കിലും കപ്പിലേക്കെത്താൻ പഞ്ചാബിന് സാധിച്ചിട്ടില്ല. സമീപകാലത്തായി പഞ്ചാബ് ടീം മാനേജ്‌മെന്റിനിടയിലും ചില അഭിപ്രായ ഭിന്നതകളുണ്ടായിട്ടുണ്ട്. എന്തായാലും പഞ്ചാബിലേക്ക് രോഹിത് കൂടുമാറാൻ സാധ്യത കുറവാണെന്ന് പറയാം.