മുംബൈ:2007ൽ ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ച രോഹിത് ശർമ്മ അടുത്ത ആറ് വർഷം ദേശീയ ടീമിലും പുറത്തും സ്ഥിര സാന്നിദ്ധ്യമാണ്. 2013ൽ എംഎസ് ധോണിക്ക് ഓപ്പണിംഗ് സ്ഥാനം നൽകിയതിന് ശേഷമാണ് രോഹിത് വൈറ്റ് ബോൾ ടീമിൽ തൻ്റെ സ്ഥാനം ഉറപ്പിച്ചത്. പിന്നീട് 2013ൽ ധോണിയുടെ കീഴിൽ രോഹിത് തൻ്റെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചു.
തൻ്റെ ടെസ്റ്റ് കരിയറിൻ്റെ സ്വപ്നതുല്യമായ തുടക്കത്തിന് ശേഷം, രോഹിത് ഒരിക്കൽക്കൂടി ടീമിന് അകത്തും പുറത്തുമായി. ആറ് വർഷത്തിന് ശേഷം, ഓപ്പണിംഗ് ലഭിച്ചതിന് ശേഷം ടീമിൽ സ്ഥാനം ഉറപ്പിച്ചു.ശ്രീലങ്ക, ഓസ്‌ട്രേലിയ, വെസ്റ്റ് ഇൻഡീസ്, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നിവരെയെല്ലാം രോഹിത്തിന് കീഴിൽ തകർക്കാൻ ഇന്ത്യക്കായി.
ഇപ്പോഴിതാ ഗംഭീര പ്രകടനത്തോടെ ഇന്ത്യ മുന്നോട്ട് പോകവെ തന്റെ ടെസ്റ്റ് കരിയറിലെ വഴിത്തിരിവിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് രോഹിത് ശർമ. തന്റെ ടെസ്റ്റ് കരിയർ രക്ഷിച്ചത് മുൻ താരവും പരിശീലകനുമായ രവി ശാസ്ത്രിയാണെന്നാണ് രോഹിത് പറയുന്നത്.ഇന്ത്യൻ ടീമിലെ രോഹിത് ശർമയുടെ കരിയർ മാറ്റി മറിച്ചത് എംഎസ് ധോണിയാണ്. മധ്യനിര ബാറ്റ്‌സ്മാനായിരുന്ന രോഹിത്തിനെ ഓപ്പണിങ്ങിലേക്ക് എത്തിച്ച ധോണിയുടെ തീരുമാനമാണ് അദ്ദേഹത്തിന്റെ കരിയർ മാറ്റിയത്.
എന്നാൽ പരിമിത ഓവറിൽ തിളങ്ങുമ്പോഴും ടെസ്റ്റ് ടീമിന് പുറത്തായിരുന്നു രോഹിത് ശർമ. ഓപ്പണറെന്ന നിലയിൽ ടെസ്റ്റിൽ രോഹിത്തിനെ വിശ്വസിക്കാൻ ടീം തയ്യാറായില്ല. ടെസ്റ്റിലെ മോഹങ്ങൾ അവസാനിക്കുമെന്ന് തോന്നിക്കവെ രവി ശാസ്ത്രിയാണ് പ്രതീക്ഷ നൽകിയതെന്നാണ് രോഹിത് പറഞ്ഞത്.'2015ൽ രവി ഭായി (രവി ശാസ്ത്രി) പറഞ്ഞ വാക്കുകളാണ് കരുത്തായത്. അദ്ദേഹം എന്നെ ടെസ്റ്റ് ഓപ്പണറാക്കണമെന്ന് ആഗ്രഹിച്ചു. എന്നെ ടെസ്റ്റിൽ ഓപ്പണറാക്കാൻ ആഗ്രഹിക്കുന്നുണ്ടെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. പക്ഷെ ഇത് എന്റെ മാത്രം തീരുമാനമല്ലെന്നും അദ്ദേഹം പറഞ്ഞു. ഇതാണ് പ്രതീക്ഷ നിലനിർത്തിയത്' രോഹിത് വെളിപ്പെടുത്തി.
2014-2016ൽ രവി ശാസ്ത്രി ഇന്ത്യയുടെ ടീം ഡയറക്ടറായിരുന്നു. ആ സമയത്താണ് രോഹിത്തിനെ ടെസ്റ്റ് ഓപ്പണറാക്കാൻ നീക്കം നടത്തിയത്. പിന്നീട് 2017ൽ രവി ശാസ്ത്രി ഇന്ത്യയുടെ മുഖ്യ പരിശീലകനായി. 2019ൽ രോഹിത്തിനെ ടെസ്റ്റ് ടീമിൽ ഓപ്പണറായി പരിഗണിച്ചു. ഇപ്പോൾ ടെസ്റ്റ് ടീമിന്റെ നായകനെന്ന നിലയിൽ കസറാനും രോഹിത്തിന് സാധിക്കുന്നു. ബാറ്റ്‌സ്മാനെന്ന നിലയിലും നായകനെന്ന നിലയിലും രോഹിത് വലിയ നേട്ടങ്ങളാണ് ഇക്കാലയളവിൽ സ്വന്തമാക്കിയത്.
ഇന്ത്യയെ ടി20 ലോകകപ്പ് കിരീടത്തിലേക്ക് നയിക്കാൻ രോഹിത്തിന് സാധിച്ചു. ഇപ്പോൾ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് ഇന്ത്യയെ കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് രോഹിത്. എട്ട് മത്സരം ശേഷിക്കെ മൂന്ന് ജയം നേടിയാൽ ഫൈനൽ ടിക്കറ്റെടുക്കാൻ രോഹിത്തിനാവും. അവസാന രണ്ട് തവണയും ഫൈനലിൽ തോറ്റ ഇന്ത്യക്ക് ഇത്തവണ രോഹിത്തിന് കീഴിൽ ആദ്യ ഡബ്ല്യുറ്റിസി കിരീടത്തിലേക്കെത്താൻ സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.
ബംഗ്ലാദേശിനെതിരേ ഇന്ത്യ വമ്പൻ ജയത്തോടെ കസറി. ബംഗ്ലാദേശിനെ നിഷ്പ്രഭമാക്കി സർവാധിപത്യം കാട്ടിയാണ് ഇന്ത്യയുടെ ജയം. എന്നാൽ ബംഗ്ലാദേശിനെതിരേ ഇന്ത്യ ജയം നേടിയെങ്കിലും രോഹിത് ശർമ ബാറ്റുകൊണ്ട് നിരാശപ്പെടുത്തി. 10.49 മാത്രമായിരുന്നു രോഹിത്തിന്റെ ബാറ്റിങ് ശരാശരി. നന്നായി തുടങ്ങിയെങ്കിലും വലിയ സ്‌കോറിലേക്കുയരാൻ രോഹിത്തിന് സാധിക്കാതെ പോയി.
നിലവിൽ തുടർച്ചയായ മൂന്നാം തവണയും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ലക്ഷ്യമിട്ട് മുന്നേറ്റം തുടരുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര പൂർണമായും തൂത്തുവാരിയതോടെ ഇന്ത്യക്ക് ഇനി മൂന്ന് ജയം നേടിയാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ എത്താനാകും.2013മുതൽ കളിച്ച തുടർച്ചയായ 18 ടെസ്റ്റ് പരമ്പരകളാണ് ഇന്ത്യ സ്വന്തം തട്ടകത്തിൽ നേടിയെടുത്തത്.
അതെസമയം ന്യൂസീലൻഡ്, ഓസ്‌ട്രേലിയ പരമ്പരകളാണ് ഇനി വരാനിരിക്കുന്നത്. രോഹിത് ബാറ്റുകൊണ്ട് മികവ് കാട്ടി ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം. കരിയറിന്റെ നിർണ്ണായക സമയത്തിലൂടെയാണ് രോഹിത് കടന്ന് പോകുന്നത്. അടുത്ത ഏകദിന ലോകകപ്പ് കളിക്കാനുള്ള ബാല്യം രോഹിത്തിനില്ലെന്ന് തന്നെ പറയാം.